Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202212Friday

പാക്കറ്റിലെത്തുന്ന തൈര്, മോര് എന്നിവയ്ക്ക് അഞ്ച് ശതമാനം; ചെക്ക് ബുക്കിന് 18 ശതമാനം: പുതുക്കിയ ജിഎസ്ടി നിരക്കുകൾ ജൂലൈ 18ന് പ്രാബല്യത്തിൽ

പാക്കറ്റിലെത്തുന്ന തൈര്, മോര് എന്നിവയ്ക്ക് അഞ്ച് ശതമാനം; ചെക്ക് ബുക്കിന് 18 ശതമാനം: പുതുക്കിയ ജിഎസ്ടി നിരക്കുകൾ ജൂലൈ 18ന് പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പുതുക്കിയ ജിഎസ്ടി നിരക്കുകൾ ജൂലൈ 18ന് പ്രാബല്യത്തിൽ വരും. പാക്കറ്റിലുള്ള തൈര്, മോര്, ലസ്സി എന്നിവയ്ക്കും ബാങ്ക് നൽകുന്ന ചെക്ക് ബുക്കിനുമടക്കം വില കൂടും. ഇതുവരെ നികുതി ഇല്ലാതിരുന്ന തൈര്, മോര് എന്നിവയ്ക്ക് 5% നികുതി ഏർപ്പെടുത്താനാണ് ജിഎസ്ടി കൗൺസിലിന്റെ തീരുമാനം. ചെക്ക് ബുക്കിന് 18% നികുതിയാണ് വർദ്ധിപ്പിക്കുക. പ്രീപാക്ക് ചെയ്ത മാംസം (ഫ്രോസൺ അല്ലാത്തത്), മീൻ, തേൻ, ശർക്കര അടക്കമുള്ളവയ്ക്കും വില കൂടും.

ദിവസം 5000 രൂപയ്ക്കു മുകളിൽ വാടകയുള്ള ആശുപത്രിമുറികൾക്ക് (ഐസിയു ഒഴികെ) 5% നികുതി ഈടാക്കും. ദിവസം 1000 രൂപയിൽ താഴെയുള്ള ഹോട്ടൽമുറി വാടകയിൽ 12% നികുതി ചുമത്തും. നിലവിൽ ഇവ രണ്ടിനും ജിഎസ്ടി ബാധകമായിരുന്നില്ല. എൽഇഡി ലൈറ്റ്, വാട്ടർ പമ്പ്, സോളർ വാട്ടർ ഹീറ്റർ എന്നിവയുടെ ജിഎസ്ടി 12 ൽ നിന്ന് 18% ആക്കി. ചില ഉൽപന്നങ്ങളുടെ നികുതിയിലെ പൊരുത്തക്കേടുകൾ പരിഹരിക്കാനും മറ്റുമാണ് നിരക്കുകളിൽ വ്യത്യാസം വരുത്തിയത്.

അതേസമയം പ്രവേശനപരീക്ഷകൾക്കുള്ള അപേക്ഷാ ഫീസിനും യോഗ്യതാ സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള ഫീസിനും ജിഎസ്ടി ബാധകമല്ലെന്നു കൗൺസിൽ വ്യക്തത വരുത്തി. ബാറ്ററി കിറ്റ് ഉള്ളതും ഇല്ലാത്തതുമായ ഇലക്ട്രിക് വാഹനങ്ങൾക്ക് 5% നികുതിയുണ്ടാകും. മാങ്ങയുടെ പൾപ്പിനടക്കം 12% ജിഎസ്ടി ബാധകം.

കൃത്രിമ ഗർഭധാരണ ചികിത്സ (ഐവിഎഫ്) അടക്കമുള്ളവ ആരോഗ്യസേവനമായി പരിഗണിക്കുന്നതിനാൽ ജിഎസ്ടി ബാധകമാകില്ല. വസ്തു നിരപ്പാക്കി ഡ്രെയിനേജ് സംവിധാനം അടക്കം നിർമ്മിച്ചുവിൽക്കുന്നതിനും ജിഎസ്ടി ബാധകമല്ല. യാത്രയ്ക്കായി മോട്ടർ വാഹനങ്ങൾ കമ്പനികൾക്കു നിശ്ചിത കാലയളവിൽ വാടകയ്ക്കു നൽകുന്നതിനു നികുതി ബാധകമായിരിക്കും.

പുതിയ ജിഎസ്ടി നിരക്ക് (നിലവിലെ നിരക്ക് ബ്രാക്കറ്റിൽ)

വില കൂടുന്നവ

*എൽഇഡി ലാംപ്, ലൈറ്റ് 18% (12%)

* വാട്ടർ പമ്പ്, സൈക്കിൾ പമ്പ് 18% (12%)

* അച്ചടി, എഴുത്ത്, വര എന്നിവയ്ക്കുള്ള മഷി 18% (12%)

*ചെക്ക് ബുക്ക് 18% (0%)

* കട്ടിങ് ബ്ലേഡുകളുള്ള കത്തി, പേപ്പർ മുറിക്കുന്ന കത്തി,

പെൻസിൽ ഷാർപ്‌നെറും ബ്ലേഡും, സ്പൂൺ, ഫോർക്ക്

തുടങ്ങിയവ 18% (12%)

* കട്ട് ആൻഡ് പോളിഷ് ചെയ്ത

വജ്രക്കല്ല് 1.5% (0.25%)

* സോളർ വാട്ടർ ഹീറ്റർ 12% (5%)

* ഭൂപടം 12% (0%)

* ചിട്ടി ഫണ്ട് ഫോർമാൻ (തലയാൾ)

നൽകുന്ന സേവനം 18% (12%)

* ടെട്രാപാക്ക് (പാക്കേജിങ് പേപ്പർ)

18% (12%)

വില കുറയുന്നവ

* ഓസ്റ്റോമി കിറ്റ് (ആന്തരിക അവയവങ്ങളിൽനിന്നു വിസർജ്യം ഉൾപ്പെടെ ശേഖരിക്കുന്ന ട്യൂബ്,

ബാഗ് എന്നിവയടങ്ങുന്ന കിറ്റ് 5% (12%)

* സ്പ്ലിന്റ് പോലെയുള്ള ഓർത്തോപീഡിക് ഉൽപന്നങ്ങൾ,

ശരീരത്തിലെ ഒടിവ് പരിഹരിക്കുന്നതിനുള്ള മെഡിക്കൽ

സാമഗ്രികൾ, കൃത്രിമ ശരീര ഭാഗങ്ങൾ തുടങ്ങിയവ 5% (12%)

* റോപ്വേ വഴിയുള്ള യാത്രയും ചരക്കുനീക്കവും 5% (18%)

* ട്രക്ക് പോലെയുള്ള ചരക്കുവാഹനങ്ങൾ

വാടകയ്‌ക്കെടുക്കുന്നത് (ഇന്ധനച്ചെലവടക്കം) 12% (18%)

മറ്റു തീരുമാനങ്ങൾ

* കലാസാംസ്‌കാരിക പരിശീലന പരിപാടികൾക്ക് നിലവിൽ ജിഎസ്ടി ബാധകമല്ല. ഇനി വ്യക്തികൾ നൽകുന്ന പരിശീലനത്തിനേ ഇളവുള്ളൂ.

* കൊപ്ര, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ സംഭരണശാലയിൽ സൂക്ഷിക്കുന്നതിന് ജിഎസ്ടി ബാധകമാകും.

* ബിസിനസ് സ്ഥാപനങ്ങൾക്ക് വീട് വാടകയ്ക്കു കൊടുക്കുന്നതിനും ജിഎസ്ടി ഈടാക്കും.

* വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിമാനയാത്രയ്ക്കുള്ള നികുതിയിളവ് ഇക്കോണമി ക്ലാസിൽ മാത്രം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP