Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിലയൻസിനെ നയിക്കാൻ പുതുതലമുറ: റീട്ടെയിൽ യൂണിറ്റിന്റെ ചെയർപേഴ്സണാകാൻ ഇഷ അംബാനി; ആകാശിനു പിന്നാലെ ഇരട്ട സഹോദരിക്കും പുതിയ ചുമതല

റിലയൻസിനെ നയിക്കാൻ പുതുതലമുറ: റീട്ടെയിൽ യൂണിറ്റിന്റെ ചെയർപേഴ്സണാകാൻ ഇഷ അംബാനി; ആകാശിനു പിന്നാലെ  ഇരട്ട സഹോദരിക്കും പുതിയ ചുമതല

ന്യൂസ് ഡെസ്‌ക്‌

മുംബൈ: ജിയോ ഇൻഫോകോമിന്റെ ചെയർമാനായി ആകാശ് അംബാനിയെ നിയമിച്ചതിനു പിന്നാലെ ഇരട്ട സഹോദരി ഇഷയ്ക്കും പുതിയ ചുമതല ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇഷ അംബാനിയെ റിലയൻസ് കമ്പനിയുടെ റീട്ടെയിൽ യൂണിറ്റിന്റെ ചെയർമാനായി നിയമിക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഇഷ അംബാനിയുടെ സ്ഥാനക്കയറ്റത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉടനെ ഉണ്ടായേക്കും. റിലയൻസിന്റെ ടെലികോം യൂണിറ്റായ ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാനായി ആകാശ് അംബാനി നിയമിതനായതിനു തൊട്ടുപിന്നാലെയാണ് ഇരട്ട സഹോദരിയായ ഇഷയുടെ സ്ഥാനക്കയറ്റ വാർത്തകൾ എത്തുന്നത്.

റിലയൻസ് ജിയോയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽനിന്ന് മുകേഷ് അംബാനി രാജിവെച്ച ഉടനെയായിരുന്നു ആകാശിന്റെ നിയമനം. ആകാശിന്റെ ഇരട്ട സഹോദരിയായ ഇഷയെ റിലയൻസ് റീട്ടെയിലിന്റെ മേധാവിയായിട്ടായിരിക്കും നിയമിക്കുക. യേൽ യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് 30കാരിയായ ഇഷ. ആകാശിനെ കൂടാതെ അനന്ത് എന്ന ഇളയ സഹോദരൻ കൂടിയുണ്ട് ഇഷയ്ക്ക്.

കുടുംബത്തിലെ പുതുതലമുറയാകും ഇനി കമ്പനികളെ നയിക്കുകയെന്ന സൂചനയാണ് ഇഷയുടെ നിയമനത്തിലൂടെ മുകേഷ് വ്യക്തമാക്കുന്നത്. ആകാശിന്റെ നിയമനം പുറത്തുവന്നതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില നാലുശതമാനത്തോളം ഉയർന്ന് 2,597 രൂപയിലെത്തി.

റിലയൻസിനെ സംബന്ധിച്ചെടുത്തോളം നിർണായകമായ സമയത്താണ് പുതുതലമുറ കൈമാറ്റം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. എണ്ണശുദ്ധീകരണം, പെട്രോ കെമിക്കൽ ബിസിനസുകളിൽനിന്ന് കമ്പനി വൈവിധ്യവത്കരണത്തിന്റെ പാതയിലാണ്. ടെലികോം മേഖലയിൽ സാന്നിധ്യമുറപ്പിച്ച കമ്പനി, ഇ-കൊമേഴ്സ്, ഹരിത ഊർജം എന്നീ വൻകിട ബിസിസ് മേഖലകൂടി പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ്.

രാജ്യത്തുടനീളം റീട്ടെയിൽ ബിസിനസ് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യം വിജയത്തോടടുത്തുകഴിഞ്ഞു. അതിന്റെ ഭാഗമായി നിരവധി കമ്പനികളെയാണ് ഇതിനകം റിലയൻസ് ഏറ്റെടുത്തത്.

പ്രധാന സ്ഥാനത്തേയ്ക്ക് എത്തുന്നതിനുമുമ്പുതന്നെ, അകാശും ഇഷയും ബന്ധപ്പെട്ട കമ്പനികളിൽ പ്രമുഖ സ്ഥാനങ്ങളിൽതന്നെ പ്രവർത്തിച്ചുവരുന്നുണ്ട്. കാലിഫോർണിയ ആസ്ഥാനമായുള്ള മെൻലോ പാർക്ക് കമ്പനി ജിയോ പ്ലാറ്റ്ഫോമിൽ ആറ് ബില്യൺ ഡോളർ നിക്ഷേപിക്കാൻ തീരുമാനിച്ചപ്പോൾ മെറ്റയുമായി ചർച്ച നടത്തിയവരിൽ ഇരുവരുമുണ്ടായിരുന്നു.

കഴിഞ്ഞ വർഷങ്ങളിലെ വാർഷിക പൊതുയോഗങ്ങളിൽ പുതിയ ഉത്പന്നങ്ങൾ പ്രഖ്യാപിക്കുന്നതിന് മുൻനിരയിൽനിന്ന് ഇരുവരും ശ്രദ്ധനേടി.

യേൽ യൂണിവേഴ്സിറ്റി ബിരുദധാരിയും മക്കിൻസി ആൻഡ് മക്കിൻസിയിലെ മുൻ കൺസൾട്ടന്റുമായ ഇഷ, 2016ൽതന്നെ ഓൺലൈൻ ഷോപ്പിങ് പോർട്ടലായ അജിയോ ആരംഭിച്ച് ഇ-കൊമേഴ്സ് വഴി ഫാഷൻ റീട്ടെയിൽ മേഖലയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

റിലയൻസ് റീട്ടെയിലിന്റെ നേതൃത്വത്തിൽ സൂപ്പർമാർക്കറ്റുകൾ, ഉപഭോക്തൃ ഇലക്ട്രോണിക് ശൃംഖലയായ റിലയൻസ് ഡിജിറ്റൽ, ജിയോമാർട്ട് എന്നിവ ഉൾപ്പടെയുള്ളവ പ്രവർത്തിച്ചുവരുന്നു. 12,000ലധികം സ്റ്റോറുകൾ ഇതിനകം റിലയൻസ് റീട്ടെയിലിനുണ്ട്.

2020ൽ ജിയോ പ്ലാറ്റ്ഫോംസ് 25 ബില്യൺ ഡോളർ നിക്ഷേപമാണ് മെറ്റ, ഗൂഗിൾ തുടങ്ങിയ വൻകിടക്കാരിൽനിന്ന് സമാഹരിച്ചത്. ബ്ലൂംബർഗ് ശതകോടീശ്വര പട്ടികയിൽ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിയാണ് മുകേഷ് അംബാനി. 91 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP