Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദ്രൗപദി മുർമുവിനെതിരെ പരിഹാസ പരാമർശം; രാം ഗോപാൽ വർമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

ദ്രൗപദി മുർമുവിനെതിരെ പരിഹാസ പരാമർശം; രാം ഗോപാൽ വർമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെതിരെ വിവാദ പരാമർശം ട്വീറ്റ് ചെയ്തതിന് സംവിധായകൻ രാം ഗോപാൽ വർമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. 'ദ്രൗപദി രാഷ്ട്രപതിയാണെങ്കിൽ ആരാണ് പാണ്ഡവർ?. ആരാണ് കൗരവർ?' എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

തെലങ്കാനയിലെ ബിജെപി നേതാവ് ഗുഡൂർ നാരായണ റെഡ്ഡിയാണ് എസ്സി, എസ്ടി വിഭാഗത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ച് രാം ഗോപാൽ വർമയ്‌ക്കെതിരെ പരാതി നൽകിയത്. അദ്ദേഹത്തിനെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഇനി അദ്ദേഹം വീണ്ടും ട്വീറ്റ് ചെയ്യുകയോ ആർക്കെങ്കിലുമെതിരെ ഇത്തരം മോശം പ്രസ്താവന നടത്തുകയോ ചെയ്യുമെന്ന് കരുതുന്നില്ലെന്നും നാരായണ റെഡ്ഡി പറഞ്ഞു.

പിന്നാലെ വിശദീകരണവുമായി രാം ഗോപാൽ വർമ രംഗത്തെത്തി. മഹാഭാരതത്തിലെ ദ്രൗപദി തന്റെ പ്രിയപ്പെട്ട കഥാപാത്രമാണെന്നും ആ പേര് അപൂർവമായതിനാൽ, ബന്ധപ്പെട്ട കഥാപാത്രങ്ങളെ ഓർത്തുപോയതാണെന്നും തന്റെ ആവിഷ്‌കാരം ആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

എന്നാൽ, രാം ഗോപാൽ വർമ മദ്യപിച്ചാണ് ഇത്തരം ട്വീറ്റുകൾ പോസ്റ്റ് ചെയ്യുന്നതെന്നും വിവാദ പരാമർശങ്ങൾ നടത്തി വാർത്തകളിൽ നിറയാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും തെലങ്കാനയിലെ മറ്റൊരു ബിജെപി എംഎൽഎ ആരോപിച്ചു.

അടുത്തിടെ, ഹിന്ദി ഭാഷയെച്ചൊല്ലി ബോളിവുഡ് നടൻ അജയ് ദേവ്ഗണും കന്നഡ നടൻ സുദീപ് സഞ്ജീവും തമ്മിലുള്ള തർക്കത്തിൽ വർമ പ്രതികരിച്ചിരുന്നു. ദക്ഷിണേന്ത്യൻ താരങ്ങളുടെ വിജയത്തിൽ ബോളിവുഡ് അഭിനേതാക്കൾ അരക്ഷിതരും അസൂയയും ഉള്ളവരാണെന്നായിരുന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇതിനെ സൂചിപ്പിച്ചായിരുന്നു എംഎൽഎയുടെ പരാമർശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP