Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202226Thursday

അണുവിമുക്തമല്ലാത്ത സിറിഞ്ചുകൾ ഉപയോഗിച്ചെന്ന് സംശയം; കർണാടകയിൽ മീസിൽസ് റുബെല്ല കുത്തിവെപ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി മുഖ്യമന്ത്രി; സംഭവം ബെലഗാവിയിലെ സലാഹള്ളിയിൽ

അണുവിമുക്തമല്ലാത്ത സിറിഞ്ചുകൾ ഉപയോഗിച്ചെന്ന് സംശയം; കർണാടകയിൽ മീസിൽസ് റുബെല്ല കുത്തിവെപ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി മുഖ്യമന്ത്രി; സംഭവം ബെലഗാവിയിലെ സലാഹള്ളിയിൽ

ബുർഹാൻ തളങ്കര

ബംഗളുരു : കർണാടകയിലെ ബെലഗാവി ജില്ലയിലെ സലാഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മീസിൽസ് റുബെല്ല കുത്തിവയ്‌പ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ റിപ്പോർട്ട് തേടി. തിങ്കളാഴ്ചയാണ് കുട്ടികൾക്ക് മീസിൽസ്-റുബെല്ല പ്രതിരോധ വാക്സിൻ നൽകിയത്. മരിച്ച കുട്ടികൾ ഒരുവയസിന് താഴെയുള്ളവരാണ്.

അണുവിമുക്തമല്ലാത്ത സിറിഞ്ചുകൾ ഉപയോഗിച്ചതിനെ തുടർന്നുണ്ടായ അണുബാധയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് അധികൃതർ സംശയിക്കുന്നത്. കുറ്റക്കാരായ നഴ്‌സുമാർക്കെത്രെ അന്വേഷണത്തിന് ഉത്തരവിടുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ബെലഗാവി ഡെപ്യൂട്ടി കമ്മീഷണറുമായി സംസാരിച്ച മുഖ്യമന്ത്രി അന്വേഷണം നടത്തി സമഗ്രമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു

ജനുവരി 11, 12 തീയതികളിൽ രണ്ട് ഗ്രാമങ്ങളിലായി 20 ലധികം കുട്ടികളാണ് വാക്‌സിൻ സ്വീകരിച്ചത്. രണ്ടുകുട്ടികൾ ഇന്നലെയും ഒരു കുട്ടി ശനിയാഴ്ചയുമാണ് മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റ് രണ്ട് കുട്ടികൾ സുഖം പ്രാപിച്ചുവരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

എന്താണ് മീസൽസ്, റൂബെല്ല?

മണ്ണൻ, പൊക്കൻ എന്നിങ്ങനെ നാട്ടിൻപുറങ്ങളിൽ അറിയപ്പെടുന്ന അസുഖമാണ് മീസൽസ് അഥവാ അഞ്ചാം പനി. ന്യൂമോണിയ, വയറിളക്കം, മസ്തിഷ്‌ക അണുബാധ (എൻസെഫിലൈറ്റിസ്) എന്നിവയിലേക്ക് നയിച്ച് മരണം വരെ സംഭവിക്കാവുന്ന രോഗമാണ് മീസൽസ്. അഞ്ചാം പനിയെക്കാളും വലിപ്പമുള്ളതും ചിക്കൻ പോക്സിനക്കാളും ചെറുതുമായ കുരുക്കൾ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന രോഗമാണ് റുബെല്ല അഥവാ ജർമ്മൻ മീസൽസ്. ഇത് ഗർഭാവസ്ഥയിൽ പിടിപെട്ടാൽ ഗർഭസ്ഥ ശിശുവിനെ സാരമായി ബാധിക്കാറുണ്ട്. ഗർഭമലസൽ, ജനിക്കുന്ന കുഞ്ഞിന് അംഗവൈകല്യം, കാഴ്ച ഇല്ലായ്മ, കേൾവി ഇല്ലായ്മ, ബുദ്ധിമാന്ദ്യം, ഹൃദയത്തിന് അസുഖം എന്നിവയുണ്ടാക്കുന്നു.

എന്താണ് മീസൽസ് റൂബെല്ല വാക്സിൻ?

ഒറ്റ വാക്സിൻ കൊണ്ട് മീസൽസ്, റൂബെല്ല എന്നീ 2 അസുഖങ്ങളെ ചെറുക്കാനായി ഒന്നിച്ച് നൽകുന്ന കുത്തിവയ്‌പ്പാണ് മീസൽസ് റൂബെല്ല വാക്സിൻ. ഇതിന് യാതൊരു പാർശ്വഫലങ്ങളുമില്ലെന്നാണ് കണ്ടെത്തൽ.

ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശാനുസരണം ദേശീയ പ്രതിരോധ കുത്തിവയ്‌പ്പിന്റെ ഭാഗമായി ഇന്ത്യയിലെ 8 ഓളം സംസ്ഥാനങ്ങളിൽ മീസൽസ് റുബെല്ല പ്രതിരോധ കുത്തിവയ്‌പ്പുകൾ പൂർത്തിയാക്കിയിരുന്നു. കേരളത്തിൽ സെപ്റ്റംബർ 3 മുതൽ നവംബർ 3 വരെയായിരിക്കും പ്രതിരോധ കുത്തിവയ്‌പ്പുകൾ നടത്തുക.

ആർക്കാണ് മീസൽസ് റൂബെല്ല കുത്തിവയ്‌പ്പ് എടുക്കേണ്ടത്?

9 മാസം മുതൽ 15 വയസുവരെയുള്ള ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ എല്ലാവർക്കും ഈ കുത്തിവയ്‌പ്പ് എടുക്കേണ്ടതാണ്. മീസൽസിനെ തുടച്ച് നീക്കുകയും റൂബെല്ലയെ നിയന്ത്രണ വിധേയമാക്കുകയും ചെയ്യുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.

ഒരിക്കൽ എടുത്തവർക്ക് എടുക്കാമോ?

മുമ്പ് മീസൽസ് റൂബെല്ല കുത്തിവയ്‌പ്പുകളെടുത്ത എല്ലാ കുട്ടികൾക്കും ഈ കുത്തിവയ്‌പ്പ് എടുക്കേണ്ടതുണ്ട്. നേരത്തെയെടുത്ത കുത്തിവയ്‌പ്പുകളിലൂടെ കുട്ടിക്ക് പ്രതിരോധ ശേഷി പൂർണമായും കൈവന്നിട്ടില്ലെങ്കിൽ ഈ കുത്തിവയ്‌പ്പോടെ അതിന് പരിഹാരമാകും. ഇപ്പോൾ കുത്തിവയ്‌പ്പെടുക്കുന്നതിനാൽ അധിക ഡോസ് ആകുമെന്ന ഒരു പേടിയും വേണ്ടെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

അസുഖമുണ്ടെങ്കിൽ എടുക്കാമോ?

കീമോതെറാപ്പി എടുക്കുന്ന കുട്ടികളും ആശുപത്രിയിൽ അഡ്‌മിറ്റായ കുട്ടികളും ഒഴികെ സ്‌കൂളിൽ വരാൻ പറ്റുന്ന ആരോഗ്യമുള്ള കുട്ടികൾക്ക് മീസൽസ് റൂബെല്ല വാക്സിൻ എടുക്കാവുന്നതാണ്. മുമ്പ് ഇതുപോലെയുള്ള വാക്സിൻ എടുത്തപ്പോൾ അലർജിയുണ്ടായിട്ടുള്ളവർ അക്കാര്യം ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്. ഈ വാക്സിൻ എടുത്ത് കഴിഞ്ഞ് ആറേഴ് ദിവസം കഴിയുമ്പോൾ ചെറിയ പനിവരാൻ സാധ്യതയുണ്ടെങ്കിലും പേടിക്കാനില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP