Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബോട്ടു മുങ്ങി രണ്ട് പെൺമക്കളും മരിച്ചു; ദുരന്തത്തിന്റെ രണ്ടാം വാർഷികത്തിൽ ദമ്പതികൾക്ക് ഇരട്ട പെൺകുട്ടികൾ

ബോട്ടു മുങ്ങി രണ്ട് പെൺമക്കളും മരിച്ചു; ദുരന്തത്തിന്റെ രണ്ടാം വാർഷികത്തിൽ ദമ്പതികൾക്ക് ഇരട്ട പെൺകുട്ടികൾ

സ്വന്തം ലേഖകൻ

ഹൈദരാബാദ്: 2019 സെപ്റ്റംബർ 15നുണ്ടായ ബോട്ട് അപകടത്തിലാണ് വിശാഖപട്ടണം സ്വദേശികളായ ടി. അപ്പാല രാജുവിന്റെയും ഭാര്യ ഭാഗ്യലക്ഷ്മിയുടെയും രണ്ടു പെൺമക്കൾ മുങ്ങിമരിച്ചത്. മൂന്നുവയസ്സും ഒരു വയസ്സും പ്രായമുള്ള രണ്ടുമിടുക്കിക്കുട്ടികൾ. ഗീതാ വൈഷ്ണവി എന്നും ധാത്രി അനന്യ എന്നുമായിരുന്നു അവരുടെ പേര്. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ഈ ദമ്പതികളെ ചില്ലറയൊന്നുമല്ല കരയിച്ചത്്. എന്നാൽ തങ്ങളുടെ പൊന്നുമക്കൾ മരിച്ചതിന്റെ രണ്ടാം വാർഷികത്തിൽ ഇരട്ടി മധുരവുമായി ഇരട്ട പെൺകുട്ടികൾ പിറന്നിരിക്കുകയാണ് ഈ ദമ്പതികൾക്ക.

ഈ കുഞ്ഞുങ്ങൾ മരിച്ച് കൃത്യം രണ്ടുവർഷത്തിനു ശേഷം, അതായത് 2021 സെപ്റ്റംബർ 15-ന് തന്നെയാണ് ഭാഗ്യലക്ഷ്മി വീണ്ടും അമ്മയായിരിക്കുന്നത്. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ദിവസത്തിന്റെ വാർഷികത്തിൽത്തന്നെ ഇരട്ടക്കുഞ്ഞുങ്ങള ലഭിച്ചത് ദൈവത്തിന്റെ അനുഗ്രഹമാണെന്ന് രാജുവും ഭാഗ്യലക്ഷ്മിയും പറയുന്നു. ഭദ്രാചലത്തെ ശ്രീരാമ ക്ഷേത്രത്തിൽ തീർത്ഥാടനത്തിന് പോയപ്പോഴാണ് രാജുവിന്റെ മക്കളെ ബോട്ടപകടത്തിന്റെ രൂപത്തിൽ മരണം തട്ടിയെടുത്തത്.

ഭദ്രാചലത്തെ ശ്രീരാമ ക്ഷേത്രത്തിൽ രാജുവിന്റെ ബന്ധുക്കൾക്കൊപ്പം തീർത്ഥാടനത്തിന് പോയതായിരുന്നു കുട്ടികൾ. ഗോദാവരി നദിയിലൂടെ പോവുകയായിരുന്ന ഡബിൾ ഡെക്കർ ബോട്ട് ചുഴിയിൽപ്പെട്ട് കീഴ്മേൽ മറിയുകയായിരുന്നു. രാജുവിന്റെ മക്കൾ ഉൾപ്പെടെ അമ്പതുപേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. അന്നത്തെ തീർത്ഥയാത്രയ്ക്ക് രാജുവും ഭാഗ്യലക്ഷ്മിയും പോയിരുന്നില്ല. യാത്ര പുറപ്പെടുന്നതിന് അവസാനനിമിഷം രാജുവിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് യാത്ര റദ്ദാക്കി. എന്നാൽ മക്കളെ ബന്ധുക്കൾക്കൊപ്പം വിട്ടു.

രാജുവിന്റെ കുടുംബവുമായി ബന്ധമുള്ള നാലു വീടുകളിലെ 11 പേരായിരുന്നു യാത്രാസംഘത്തിലുണ്ടായിരുന്നത്. രക്ഷപ്പെട്ടത് ഒരാൾ മാത്രവും. വന്ധ്യതാ ചികിത്സാ വിദഗ്ധയായ ഡോ. പി. സുധാ പത്മസാരിയാണ് ഭാഗ്യലക്ഷ്മിയുടെ പ്രസവമെടുത്തത്. ഒരുവർഷം മുൻപ് തന്റെ അടുത്തെത്തുമ്പോൾ അതീവ ദുഃഖിതരായിരുന്നു രാജുവും ഭാഗ്യലക്ഷ്മിയുമെന്ന് ഡോക്ടർ പറഞ്ഞു. ഭാഗ്യലക്ഷ്മി മുൻപ് ട്യൂബക്ടമിക്ക് വിധേയ ആയിട്ടുണ്ടായിരുന്നു. അതിനാൽ ഡോക്ടർ ഐ.വി.എഫിനെ കുറിച്ച് ഇവരോടു പറയുകയും ചികിത്സാനടപടികൾ ആരംഭിക്കുകയും ചെയ്യുകയായിരുന്നു.

ഒക്ടോബർ ഇരുപതിനായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രസവം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സെപ്റ്റംബർ പതിനഞ്ചിനു തന്നെ പ്രസവവേദന അനുഭവപ്പെടുകയും കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP