Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കള്ളപ്പണം വെളുപ്പിച്ച കേസിൽ ആദായനികുതി വകുപ്പിന്റെ പിടിയിലായ ചൈനിസ് പൗരൻ ചാരവൃത്തി കേസിൽ മുൻപ് പിടിയിലായ ആൾ; വ്യാജ പേരിൽ ഡൽഹിയിൽ താമസിച്ചു പോന്ന ഇയാൾക്ക് 40-ഓളം ബാങ്ക് അക്കൗണ്ടുകൾ

കള്ളപ്പണം വെളുപ്പിച്ച കേസിൽ ആദായനികുതി വകുപ്പിന്റെ പിടിയിലായ ചൈനിസ് പൗരൻ ചാരവൃത്തി കേസിൽ മുൻപ് പിടിയിലായ ആൾ; വ്യാജ പേരിൽ ഡൽഹിയിൽ താമസിച്ചു പോന്ന ഇയാൾക്ക് 40-ഓളം ബാങ്ക് അക്കൗണ്ടുകൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ച കേസിൽ ഡൽഹിയിൽ ആദായ നികുതി വകുപ്പ് അറസ്റ്റ് ചെയ്ത ചൈനിസ് പൗരൻ മുൻപ് ചാരവൃത്തി കേസിലും അറസ്റ്റിലായ ആൾ. 2018 സെപ്റ്റംബറിൽ ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ ആണ് ലുവോ സാങ്(40) എന്ന ചൈനീസ് പൗരനെ ചാരവൃത്തി ആരോപിച്ച് പിടികൂടിയത്. എന്നാൽ ഇയാളെ പിന്നീട് കോടതി വിട്ടയക്കുകയായിരുന്നു. ലുവോ സാങ് ചൈനയ്ക്ക് വേണ്ടി ചാരവൃത്തിയിൽ ഏർപ്പെടുന്നതായും ഹവാല, കള്ളപ്പണ ഇടപാടുകൾ നടത്തുന്നതായും ഡൽഹി പൊലീസ് അന്ന് ആരോപിച്ചിരുന്നതായും ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു.

ആയിരം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ കഴിഞ്ഞദിവസമാണ് ആദായനികുതി വകുപ്പ് വ്യാപകമായി റെയ്ഡ് നടത്തിയത്. ഡൽഹി, ഗസ്സിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലെ ചൈനീസ് ബന്ധമുള്ള കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. ഇതിലൊരിടത്ത് നിന്നാണ് ലുവോ സാങ് എന്ന ചൈനീസ് പൗരനെ ആദായനികുതി വകുപ്പ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് വർഷമായി കള്ളപ്പണ, ഹവാല ഇടപാടുകളിൽ ലുവോ സാങ് സജീവമാണെന്നാണ് റിപ്പോർട്ട്. ആകെ ആയിരം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് നിഗമനം.

ചാർളി പേങ് എന്ന വ്യാജപേരിലാണ് ഇയാൾ ഡൽഹിയിൽ താമസിച്ചുവന്നിരുന്നത്. ഇതേ പേരിലുള്ള ആധാർ കാർഡുകളും ഇന്ത്യൻ പാസ്‌പോർട്ടും ഇയാളുടെ കൈവശമുണ്ടായിരുന്നു. ഏകദേശം 40-ഓളം ബാങ്ക് അക്കൗണ്ടുകൾ ഇയാൾ നിയന്ത്രിച്ചിരുന്നു. ഇതിൽ പത്തോളം അക്കൗണ്ടുകൾ വ്യാജ ചൈനീസ് കമ്പനികളുടെ പേരിലായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഏകദേശം 300 കോടിയോളം രൂപയുടെ ഹവാല ഇടപാടുകൾ ഈ അക്കൗണ്ടുകളിലൂടെ നടത്തിയിട്ടുണ്ടെന്നാണ് വിവരം. ബാങ്ക് ജീവനക്കാരുടെ വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

ചൈനീസ് കമ്പനിയുടെ അനുബന്ധ സ്ഥാപനം ഇന്ത്യയിൽ റീട്ടെയിൽ ഷോറൂമുകളുടെ ബിസിനസുകൾ ആരംഭിക്കുന്നുവെന്നുകാട്ടി വ്യാജ സ്ഥാപനങ്ങളുടെപേരിൽ 100 കോടി രൂപ അഡ്വാൻസ് വാങ്ങിയിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. രണ്ട് വ്യാജ ആധാർ കാർഡുകളും വ്യാജ പാൻകാർഡും വ്യാജ പാസ്‌പോർട്ടും ലുവോ സാങ്ങിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. എല്ലാ രേഖകളിലും ചാർളി പേങ് എന്നാണ് പേര്. എന്നാൽ ഒരു ആധാർ കാർഡിൽ ഡൽഹി ദ്വാരകയിലെ വിലാസവും മറ്റൊന്നിൽ മണിപ്പൂരിലെ വിലാസവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP