Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അക്രമണങ്ങൾ തടയാൻ നിങ്ങൾ എന്തു ചെയ്തു? സുപ്രീംകോടതി നോട്ടീസ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക്; ആൾക്കൂട്ട അക്രമണങ്ങൾക്കെതിരെയുള്ള കോടതി ഉത്തരവ് വന്ന് ഒരു വർഷമാകുമ്പോഴും അനിഷ്ട സംഭവങ്ങൾക്ക് പഞ്ഞമില്ല

അക്രമണങ്ങൾ തടയാൻ നിങ്ങൾ എന്തു ചെയ്തു? സുപ്രീംകോടതി നോട്ടീസ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക്; ആൾക്കൂട്ട അക്രമണങ്ങൾക്കെതിരെയുള്ള കോടതി ഉത്തരവ് വന്ന് ഒരു വർഷമാകുമ്പോഴും അനിഷ്ട സംഭവങ്ങൾക്ക് പഞ്ഞമില്ല

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ സ്വീകരിച്ച നയങ്ങൾ വിശദീകരിക്കുവാൻ ആവശ്യപ്പെട്ട് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. ആന്റി കറപ്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ ട്രസ്റ്റ് സമർപ്പിച്ച ഹർജിയിലാണ് നടപടി. ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ 2018 ലെ സുപ്രീം കോടതി ഉത്തരവിനു ശേഷവും ഇത്തരം സംഭവങ്ങൾ വർധിക്കുകയാണുണ്ടായതെന്ന് ട്രസ്റ്റിനു വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. കേന്ദ്രസർക്കാർ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, ഡൽഹി, രാജസ്ഥാൻ തുടങ്ങിയ 10 സംസ്ഥാനങ്ങൾക്കാണ് നോട്ടീസയച്ചത്.

ആൾക്കൂട്ട ആക്രമണങ്ങളെയും പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളെയും സുപ്രീ കോടതി അപലപിക്കുന്നത് 2018 ജൂലൈ 17 നാണ്. ഒരു പൗരനും നിയമം കയ്യിലെടുക്കുവാനോ സ്വയം നിയമമാകുവാനോ അവകാശമില്ലെന്നു പറഞ്ഞ കോടതി ആൾക്കൂട്ട ആക്രമണങ്ങൾ തടയുവാൻ പ്രതിരോധ, പരിഹാര, ശിക്ഷാനടപടികളും നിർദ്ദേശിച്ചിരുന്നു. എല്ലാ ജില്ലകളിലും നോഡൽ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുവാനും ആക്രമണങ്ങൾക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ പെട്രോളിങ്ങ് ഏർപ്പെടുത്തുവാനും ഇത്തരം കേസുകളുടെ വിചാരണ ആറു മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുവാനും സുപ്രീം കോടതി ഉത്തരവിട്ടു.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയക്കുവാനുള്ള കോടതിയുടെ തീരുമാനം വരുന്നത് ജയ് ശ്രീരാം വിളിച്ചുള്ള ആൾക്കൂട്ട കൊലപാതകങ്ങളെ തുറന്നെതിർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്‌കാരിക രംഗത്തെ പ്രമുഖരും ആക്ടിവിസ്റ്റുകളും കത്തയച്ചതിനു തൊട്ടു പിന്നാലെയാണ്. കഴിഞ്ഞ മാസങ്ങളിൽ മാത്രം നിരവധി ആൾക്കൂട്ട ആക്രമണങ്ങളാണ് രാജ്യത്ത് നടന്നത്. ജൂലൈ 22 ന് മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ രണ്ട് മുസ്ലിം യുവാക്കളെ ഒരു കൂട്ടം ആളുകൾ സംഘം ചേർന്ന ആക്രമിക്കുകയും ജയ് ശ്രീറാം വിളിച്ചില്ലെങ്കിൽ കൊന്നു കളയുമെന്ന ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ജൂലൈ 13 ന് രാജസ്ഥാനിലെ രാജ്സമന്ദിൽ ഭൂമിതർക്കം പരിഹരിക്കാൻ ശ്രമിക്കുകയായിരുന്ന പൊലീസ് കോൺസറ്റബിളിനെ ആൾക്കൂട്ടം ആക്രമിച്ചു ഗുരുതരമായി പരിക്കേൽപിച്ചു. ജൂൺ 18 നാണ് മോഷണക്കുറ്റം ആരോപിച്ച തബ്രെസ് അൻസാരിയെന്ന മുസ്ലിം യുവാവിനെ ഝാർഖണ്ഡിൽ ജനക്കൂട്ടം ക്രൂരമായി മർദ്ദിക്കുന്നത്. ജയ് ശ്രീറാമെന്നും ജയ് ഹനുമാൻ എന്നും വിളിക്കാൻ ആവശ്യപ്പെട്ടായിരുന്ന മർദ്ദനം. നാലു ദിവസത്തിനു ശേഷം അൻസാരി മരണത്തിനു കീഴടങ്ങി.

ജൂൺ 24 ന് മഹാരാഷ്ട്രയിലെ തന്നെ താനെയിൽ 25കാരനായ ഫൈസൽ ഉസ്മാൻ ഖാനെ മദ്യപിച്ചെത്തിയ മൂവർസംഘം ആക്രമിക്കുകയും ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യയിലെ ആൾക്കൂട്ട ആക്രമണങ്ങൾ രാജ്യാന്തരതലത്തിലും വാർത്തകളിൽ നിറഞ്ഞു. ജൂണിൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട ഇന്റർനാഷണൾ റിലീജിയസ് ഫ്രീഡം റിപ്പോർട്ട്, ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ചും മുസ്ലീങ്ങൾ, തീവ്രഹിന്ദുത്വ സംഘടനകളുടെ ആക്രമണങ്ങൾക്കിരയാവുകയാണെന്ന് പ്രതിപാദിച്ചത് വൻ വിവാദമായിരുന്നു. അധികാരത്തിലുള്ള ബിജെപിയുടെ മുതിർന്ന നേതാക്കളുൾപ്പെടെ വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നു പറഞ്ഞ റിപ്പോർട്ടിനെ വിദേശകാര്യ മന്ത്രാലയം തള്ളുകയാണുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP