Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

ഇന്ത്യ ഒരു നാടാണെന്ന് അംഗീകരിക്കാൻ കഴിയില്ല; രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്ത കൗസല്യക്ക് സസ്‌പെൻഷൻ; കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്ന് സസ്‌പെൻഷൻ ലഭിച്ചത് ദുരഭിമാനകൊലപാതകത്തിന് ഇരയായ ശങ്കറിന്റെ ഭാര്യ; കൗസല്യയുടെ അച്ഛനുൾപ്പടെ ആറ് പ്രതികൾക്ക് വധശിക്ഷ ലഭിച്ച കൊലപാതകം നടന്നത് ഇഞ്ചിനീയറിങ് പഠനത്തിനിടയിൽ

ഇന്ത്യ ഒരു നാടാണെന്ന് അംഗീകരിക്കാൻ കഴിയില്ല; രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്ത കൗസല്യക്ക് സസ്‌പെൻഷൻ; കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്ന് സസ്‌പെൻഷൻ ലഭിച്ചത് ദുരഭിമാനകൊലപാതകത്തിന് ഇരയായ ശങ്കറിന്റെ ഭാര്യ; കൗസല്യയുടെ അച്ഛനുൾപ്പടെ ആറ് പ്രതികൾക്ക് വധശിക്ഷ ലഭിച്ച കൊലപാതകം നടന്നത് ഇഞ്ചിനീയറിങ് പഠനത്തിനിടയിൽ

മറുനാടൻ മലയാളി ബ്യൂറോ

മറയൂർ:ചാനൽ അഭിമുഖത്തിൽ ഇന്ത്യയുടെ അഖണ്ഡത ചോദ്യം ചെയ്ത് വിമർശനമുന്നയിച്ച യുവതിയെ ജോലിയിൽനിന്നു സസ്‌പെൻഡ് ചെയ്തു. ഉടുമലൈയിൽ ദുരഭിമാനത്താൽ കൊല്ലപ്പെട്ട ശങ്കറിന്റെ ഭാര്യയാണ് കൗസല്യ. കേന്ദ്രഗവണ്മെന്റ് സ്ഥാപനമായ കുന്നൂർ വില്ലിങ്ടൺ കന്റോൺമെന്റിലായിരുന്ന ജോലി. ഇന്ത്യ ഒരു നാടാണെന്നുള്ളത് തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് കൗസല്യ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഉയർന്ന ജാതിയിൽപ്പെട്ട കൗസല്യ 2016-ൽ ഉടുമലൈ സ്വദേശിയും മറ്റൊരു ജാതിയിൽപ്പെട്ടയാളുമായ ശങ്കറിനെ പ്രേമിച്ചു കല്യാണംകഴിച്ചു. ഇവരുടെ വിവാഹം എതിർത്ത കൗസല്യയുടെ വീട്ടുകാർ ദുരഭിമാനത്താൽ ശങ്കറിനെ ഉടുമലൈ ടൗണിൽ പട്ടാപ്പകൽ ക്വട്ടേഷൻസംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയിരുന്നു.

ഭർത്താവിനെ കൊന്ന മാതാപിതാക്കൾക്കെതിരേ കൗസല്യ കോടതിയിലും പുറത്തും ശക്തമായ നിലപാടെടുത്തത് ഏറെ ശ്രദ്ധിക്കപ്പെട്ടു. കൗസല്യയുടെ അച്ഛൻ ചിന്നതമ്പിക്കും മറ്റ് ആറുപേർക്കും ഈ കേസിൽ വധശിക്ഷ ലഭിച്ചു. കൗസല്യക്ക് കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ജോലിയും ലഭിച്ചു. ശങ്കറിന്റെ കൊലപാതകം നടന്ന് രണ്ടുവർഷം കഴിഞ്ഞ് മറ്റൊരു സമുദായത്തിൽപ്പെട്ട കോയമ്പത്തൂർ സ്വദേശി ശക്തി എന്ന പറവൈ സംഗീത വിദഗ്ധനെ കൗസല്യ വിവാഹം കഴിച്ചതും ചർച്ചചെയ്യപ്പെട്ടിരുന്നു.

തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ ശങ്കർ എന്ന ദലിത് യുവാവിന്റെ ദുരഭിമാനക്കൊലക്കേസിൽ ആറുപേർക്കാണ് വധശിക്ഷ ലഭിച്ചത്. മൂന്നുപേരെ കോടതി വെറുതെ വിട്ടിരുന്നു. തിരുപ്പൂർ പ്രത്യേക സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശങ്കറിന്റെ ഭാര്യ കൗസല്യയുടെ പിതാവ് ചിന്നസ്വാമി വാടകക്കൊലയാളികളായ കലൈ തമിഴ്‌വണ്ണൻ മൈക്കിൾ, ജഗദീശൻ, മണികണ്ഠൻ ,സെൽവകുമാർ എന്നിവർക്കാണ് വധശിക്ഷ.


2016 മാർച്ച് 13-ന് തമിഴ്‌നാട്ടിലെ ഉദുമൽപേട്ടൈയൽ വച്ച് സ്വന്തം അച്ഛനും അമ്മാവനും ഏർപ്പെടുത്തിയ വാടകക്കൊലയാളികളുടെ സംഘമാണ് കൗസല്യയുടെ ഭർത്താവായിരുന്ന ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ജാതി മാറി വിവാഹം ചെയ്തു എന്നതായിരുന്നു കുറ്റം. കൗസല്യ തേവർ സമുദായാംഗമായിരുന്നു. ശങ്കർ ദളിത് സമുദായാംഗവും. അന്ന് ഇരുവരുടെയും വിവാഹം കഴിഞ്ഞ് വെറും എട്ട് മാസമേ ആയിരുന്നുള്ളൂ. അന്ന് കൗസല്യയ്ക്ക് പ്രായം പത്തൊമ്പത് മാത്രമായിരുന്നു.

കൗസല്യ നൽകിയ സാക്ഷിമൊഴിയും ഗൂഢാലോചനയുടെ തെളിവുകളുമാണ് കേസിലെ വിധിയിൽ നിർണായകമായത്. ദലിതനായ ശങ്കറിനെ വിവാഹം കഴിക്കുന്നതിനേക്കാൾ ഭേദം തന്നെ കൊല്ലുന്നതാണെന്ന് മാതാവ് പല തവണ പറഞ്ഞിരുന്നെന്നും തന്റെ മുന്നിൽ വച്ചാണ് ശങ്കറിനെ പട്ടാപ്പകൽ അച്ഛന്റെ ഗുണ്ടകൾ കൊന്നതെന്നും കൗസല്യ കോടതിയിൽ മൊഴി നൽകിയിരുന്നു. കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് മറ്റൊരു പ്രധാന തെളിവായി മാറിയത്. കൗസല്യയുടെ കുടുംബം നടത്തിയ ഗൂഢാലോചന കേട്ട ഉദുമൽപേട്ടൈയിലെ ഓട്ടോ ഡ്രൈവറുടെ മൊഴിയും പൊലിസിന് സഹായകമായിരുന്നു

കഴിഞ്ഞ വർഷം മാർച്ചിലാണ് ഉദുമൽപേട്ടൈയിൽ വെച്ച് പട്ടാപ്പകൽ കൗസല്യയുടെ അച്ഛന്റെ ഗുണ്ടകൾ ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയത്. തേവർ സമുദായാംഗമായ കൗസല്യ ദലിത് യുവാവായ ശങ്കറിനെ വിവാഹം കഴിച്ചതായിരുന്നു കാരണം. അമ്മാവനായ പാണ്ഡി ദുരൈയുമൊത്ത് ശങ്കറിനെ കൊല്ലാൻ പദ്ധതി തയ്യാറാക്കുമ്പോൾ എതിർത്താൽ കൗസല്യയെയും കൊന്നു കളഞ്ഞേയ്ക്കാനാണ് പിതാവ് ചിന്നസ്വാമി ആവശ്യപ്പെട്ടത്. ആക്രമണത്തിൽ കൗസല്യക്കും പരുക്കേറ്റിരുന്നു.

പൊള്ളാച്ചി എഞ്ചിനിയറിങ് കോളജിലെ മൂന്നാംവർഷ വിദ്യാർത്ഥികളായിരുന്നു ശങ്കറും കൗസല്യയും. ശങ്കറിന്റെ കൊലപാതകത്തിന് ശേഷം വീട്ടിലേയ്ക്ക് മടങ്ങാൻ വിസമ്മതിച്ച കൗസല്യ ഏറെക്കാലം എഐഡിഎഡബ്യുഎ ഉൾപ്പടെയുള്ള വനിതാസംഘടനകളുടെ സംരക്ഷണയിലായിരുന്നു. സാമൂഹ്യപ്രവർത്തകയും തമിഴ്‌നാട്ടിലെ ജാതിവിരുദ്ധസമരങ്ങളുടെ മുന്നണിപ്പോരാളിയുമായ കൗസല്യ പിന്നീട് വിവാഹം വേറെ വിവാഹം ചെയ്തിരുന്നു. പറൈ സംഗീതജ്ഞനും തന്തൈ പെരിയാർ ദ്രാവിഡകഴകം പ്രവർത്തകനുമായ ശക്തിയാണ് വരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP