Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

ഭൂകമ്പം തകർത്ത നേപ്പാളിന്റെ പുനർനിർമ്മിതിക്ക് വേണ്ടത് 5000കോടി രൂപ; തുടർ ചലനങ്ങളുടെ ഭീതിയിൽ കാഠ്മണ്ഡു; എല്ലാം നഷ്ടപ്പെട്ടവർ തെരുവിൽ തുടരുന്നു. സ്വാന്തനമേകി ഓപ്പറേഷൻ മൈത്രി രക്ഷപ്പെടുത്തിയത് ആയിരക്കണക്കിന് ആളുകളെ; ഇന്ത്യൻ ദൗത്യത്തിന് വീണ്ടും കൈയടി

ഭൂകമ്പം തകർത്ത നേപ്പാളിന്റെ പുനർനിർമ്മിതിക്ക് വേണ്ടത് 5000കോടി രൂപ; തുടർ ചലനങ്ങളുടെ ഭീതിയിൽ കാഠ്മണ്ഡു; എല്ലാം നഷ്ടപ്പെട്ടവർ തെരുവിൽ തുടരുന്നു. സ്വാന്തനമേകി ഓപ്പറേഷൻ മൈത്രി രക്ഷപ്പെടുത്തിയത് ആയിരക്കണക്കിന് ആളുകളെ; ഇന്ത്യൻ ദൗത്യത്തിന് വീണ്ടും കൈയടി

ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിലെ ഇന്ത്യൻ ഇടപെടലുകൾ ശ്രദ്ധേയമാണ്. ആവശ്യമുള്ളിടത്ത് മടിച്ച് നിൽക്കാതെ ഇന്ത്യയെത്തും. യുദ്ധത്തിനിടെയിലും യെമനിലെത്തി അവിടെ നടത്തിയ രക്ഷാപ്രവർത്തനത്തിന് ലോകത്തിന്റെ കൈയടി കിട്ടി. ഇന്ത്യാക്കാരെ മാത്രമല്ല മറ്റ് രാജ്യക്കാരേയും യമെനിൽ നിന്ന് ഇന്ത്യ രക്ഷിച്ചു. നേപ്പാൽ ഇന്ത്യയ്ക്ക് അതീവ പ്രാധാന്യമുള്ള സ്ഥലമാണ്. തൊട്ടടുത്ത് കിടക്കുന്ന സ്ഥലം. നേപ്പാളിലുണ്ടായ ഭൂകമ്പം ഇന്ത്യയേയും പിടിച്ചുലച്ചു. ഇവിടേയും നാശനഷ്ടങ്ങളുണ്ടായി. ഇതിനിടെയിലും നേപ്പാളിലെ ഭീതിജനകമായ അന്തരീക്ഷമെന്തെന്ന് ഇന്ത്യ തിരിച്ചറിഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ രക്ഷാ പ്രവർത്തകവും സാധനങ്ങളുമായി ഇന്ത്യൻ വിമാനം നേപ്പാളിലെത്തി. പിന്നെ രക്ഷാ പ്രവർത്തനങ്ങളുടെ മുന്നിൽ ഇന്ത്യയായിരുന്നു. പല രാജ്യങ്ങൾക്കും ഇനിയും നേപ്പാളിൽ സഹായ ഹസ്തവുമായെത്താൻ കാലാവസ്ഥ തടസ്സമാണ്. ഇതൊന്നും വകയ്ക്കാതെയാണ് ഇന്ത്യൻ വിമാനങ്ങൾ ദുരന്ത സാധ്യത ഇപ്പോഴുമുള്ള കാഠ്മണ്ഡു വിമാനത്താവളത്തിലെത്തി മടങ്ങുന്നത്

അതുകൊണ്ട് തന്നെ ഭൂകമ്പത്തിൽ വിറച്ചു നിൽക്കുന്ന നേപ്പാളിന് സഹായഹസ്തുമായി ഇന്ത്യയുടെ ഓപ്പറേഷൻ മൈത്രി ലോക ശ്രദ്ധ നേടുന്നു. വ്യോമസേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണ് നേപ്പാളിൽ ഇന്ത്യ രക്ഷാ പ്രവർത്തനം നടത്തുന്നത്. നേപ്പാളിന് സഹായവുമായി ആദ്യം എത്തിയ രാജ്യവും ഇന്ത്യയാണ്. വിദഗ്ദ്ധരടങ്ങിയ വൈദ്യസംഘത്തെ അയച്ച് ആരോഗ്യമന്ത്രാലയവും കുടിവെള്ളം നൽകി ഇന്ത്യൻ റെയിൽവേയും മൈത്രിയുടെ ഭാഗമായി കഴിഞ്ഞു. ദുരന്തനിവാരണ സേനയുടെ ഏഴ് ടീമുകൾക്ക് നേതൃത്വം നൽകാൻ സേനയുടെ തലവൻ ഒ.പി. സിങ് ഇന്നലെ കാഠ്മണ്ഡുവിലെത്തി.

Stories you may Like

ഹിമാലയത്തിന്റെ അടിത്തട്ടിൽ ഇന്ത്യക്കൊപ്പം ചൈനയുമായും ഭൂട്ടാനുമായും ടിബറ്റുമായും അതിർത്തി പങ്കിടുന്ന നേപ്പാൾ ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണ്. അപ്പോഴും ഇന്ത്യയുമായി എല്ലാക്കാലത്തും ആത്മബന്ധവും സൗഹൃദവും സ്ഥാപിക്കുന്നതിൽ നേപ്പാൾ മുന്നിലുണ്ടായിരുന്നു. ഇന്ത്യയെയാണ് തന്ത്രപരമായ അയൽരാജ്യമായി നേപ്പാൾ കണ്ടത്. വിശ്വാസങ്ങളിലും പാരമ്പര്യത്തിലും ആചാരാനുഷ്ഠാനങ്ങളിലുമെല്ലാം ഇന്ത്യയുമായി വളരെ താദാത്മ്യം പ്രാപിക്കുന്നതാണു നേപ്പാളിന്റെ സംസ്‌കാരം. അതുകൊണ്ടു തന്നെ, അയൽപ്പക്കത്തുണ്ടായ ഈ അത്യാപത്ത് നമ്മുടെ സ്വന്തം വീട്ടുകാര്യമായിത്തന്നെ ഇന്ത്യ കണ്ടു. അങ്ങനെയാണ് ഓപ്പറേഷൻ മൈത്രി എത്തിയത്.

ഇന്നലെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 34 അംഗ വൈദ്യസംഘം നേപ്പാളിലേക്ക് പുറപ്പെട്ടത്. 10 ഓർത്തോ സർജന്മാരും നാല് അനസ്‌തെറ്റിസ്റ്റുമാരും 12 നഴ്‌സുമാരും എട്ട് ഓപ്പറേഷൻ തിയേറ്റർ ടെക്‌നിഷ്യന്മാരുമടങ്ങുന്ന സംഘത്തെയാണ് ആരോഗ്യ മന്ത്രാലയം നിയോഗിച്ചത്. 15 ടൺ മരുന്നും വൈദ്യോപകരണങ്ങളും അയച്ചിട്ടുണ്ട്. തകർന്നുകിടക്കുന്ന ജലശുദ്ധീകരണ കേന്ദ്രങ്ങൾ നന്നാക്കുന്നതിന് മൂന്ന് ടെക്‌നിഷ്യന്മാരെയും നിയോഗിച്ചിട്ടുണ്ട്. റെയിൽ നീരിന്റെ ഒരു ലക്ഷം കുടിവെള്ള കുപ്പികൾ കഴിഞ്ഞദിവസം രാത്രി വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇന്ത്യൻ റെയിൽവേ നേപ്പാളിൽ എത്തിച്ചു.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആശയവിനിമയത്തിന് ഫോൺ നിരക്കുകളും കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. നേപ്പാളിലേക്ക് വിളിക്കുന്നതിന് അടുത്ത മൂന്ന് ദിവസത്തേക്ക് പൊതുമേഖലാ സ്ഥാപനങ്ങളായ ബി.എസ്.എൻ.എൽ, എം ടി.എൻ.എൽ എന്നിവ ലോക്കൽ നിരക്ക് മാത്രമേ ഈടാക്കൂ. ഇതോടെ സ്വകാര്യകമ്പനിയായ എയർടെൽ രണ്ടു ദിവസത്തേക്ക് കാൾ ചാർജുകൾ സൗജന്യമാക്കി. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബീഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ വാഹനങ്ങളും മറ്റും അയച്ച് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകണമെന്ന് രണ്ട് സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർക്ക് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നിർദ്ദേശം നൽകി. അതിർത്തിയിൽ എന്തൊക്കെ സഹായം നൽകാൻ കഴിയുമെന്ന് കണ്ടെത്തി അവ ലഭ്യമാക്കണമെന്നും നിർദ്ദേശമുണ്ട്.

ഒരു നൂറ്റാണ്ടിനിടയിൽ നേപ്പാളിനെ ഇളക്കിമറിച്ച ഏറ്റവും വലിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായിരം പിന്നിട്ടു. മരണ സംഖ്യ അയ്യായിരം വരെ ഉയരാമെന്ന് നേപ്പാൾ അധികൃതർ. തകർന്നടിഞ്ഞ നേപ്പാളിന്റെ പുനർനിർമ്മിതിക്ക് 5000 കോടി രൂപയുടെ വികസന നിധി രൂപീകരിക്കുമെന്ന് നേപ്പാൾ നഗര വികസന മന്ത്രി നാരായൺ ഖഡ്കർ. നേപ്പാളിന്റെ കണ്ണീരൊപ്പാൻ ഇന്ത്യ നടത്തുന്ന ഓപ്പറേഷൻ മൈത്രിക്ക് അന്താരാഷ്ട്ര അംഗീകാരം. നേപ്പാളിലേക്കു സഹായം എത്തിക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ. അതിനിടെ ഇന്നലെ രാവിലെ വീണ്ടും തുടർചലനമുണ്ടായതു രക്ഷാ പ്രവർത്തനങ്ങളുടെ താളം തെറ്റിച്ചു. ഇവിടേയും തളരാതെ ഇന്ത്യ മുന്നിലുണ്ട്. പുനരുദ്ധാരണത്തിനും എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ മരണ സംഖ്യ 2,500 പിന്നിട്ടു. ആയിരക്കണക്കിന് ആളുകൾ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാണ്. ഈ ദൗത്യം ഏറ്റെടുത്ത ഇന്ത്യ നേപ്പാളിന്റെ മാത്രമല്ല, ലോകരാജ്യങ്ങളുടെതന്നെ ശ്രദ്ധപിടിച്ചുപറ്റി. ഓപ്പറേഷൻ മൈത്രി എന്നു പേരിട്ട് ഇന്ത്യൻ സേന നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾ വലിയ തരത്തിലുള്ള ആശ്വാസമാണ് ദുരന്തത്തിനിരയായവർക്കു നൽകുന്നത്. 13 സൈനിക വിമാനങ്ങളും നിരവധി ഹെലികോപ്റ്ററുകളും നേപ്പാളിലുണ്ട്. തുടർചലനങ്ങളും കനത്ത മഴയും മൂലം വിമാന സർവീസ് ദുഷ്‌കരമായതിനാൽ രണ്ടു റൂട്ടുകളിലൂടെ മുപ്പതോളം ബസ് സർവീസുകളും ഓപ്പറേഷൻ മൈത്രി നിർവഹിക്കുന്നു. ലോകത്തെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് ബേസ് ക്യാംപിൽ വരെ ഇന്ത്യൻ വ്യോമസേന അതിസാഹസികമായി ഹെലികോപ്റ്റർ ഇറക്കി രക്ഷാപ്രവർത്തനങ്ങൾ നടത്തി.

തകർന്നടിഞ്ഞ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം ഇന്നലെ ഭാഗികമായി തുറന്നെങ്കിലും തുടർചലനം മൂലം വീണ്ടും അടച്ചു. ആയിരത്തോളം ഇന്ത്യക്കാർ ഇപ്പോഴും നേപ്പാളിൽ കുടുങ്ങിയിട്ടുണ്ട്. അറുനൂറിലധികം പേരെ തിരിച്ചെത്തിച്ചു. ദുരന്തമുണ്ടായ നിമിഷം മുതൽ ഇന്ത്യയും രക്ഷാപ്രവർത്തനങ്ങളിൽ വ്യാപൃതരായി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നത്. ദുരന്ത നിവാരണ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഓപ്പറേഷൻ മൈത്രി വളറെ കാര്യക്ഷമായിത്തന്നെ പ്രവർത്തിക്കുന്നുമുണ്ട്. ഏതാനും ദിവസങ്ങൾകൊണ്ടോ ആഴ്ചകളോ മാസങ്ങൾ കൊണ്ടു പോലുമോ പരിഹരിച്ചെടുക്കാവുന്നതല്ല നേപ്പാളിന്റെ ദുരന്തം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP