Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേസ് ഇല്ലാതാക്കാൻ നാന പടേക്കർ ഉപയോഗിച്ചത് രാജ്യത്തെ കർഷകരുടെ പേരിൽ സ്വരൂപിച്ച പണം എന്ന് തനുശ്രീ ദത്ത; അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് പച്ചക്കള്ളം; പീഡന പരാതി ശരിവെക്കാൻ രണ്ടു സാക്ഷിമൊഴികളുണ്ടായിട്ടും തെളിവില്ലെന്ന് പറയുന്നത് പൊലീസ് അഴിമതിയുടെ കൂട്ടിലായതിനാൽ എന്നും മീ ടു വിവാദ നായിക

കേസ് ഇല്ലാതാക്കാൻ നാന പടേക്കർ ഉപയോഗിച്ചത് രാജ്യത്തെ കർഷകരുടെ പേരിൽ സ്വരൂപിച്ച പണം എന്ന് തനുശ്രീ ദത്ത; അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് പച്ചക്കള്ളം; പീഡന പരാതി ശരിവെക്കാൻ രണ്ടു സാക്ഷിമൊഴികളുണ്ടായിട്ടും തെളിവില്ലെന്ന് പറയുന്നത് പൊലീസ് അഴിമതിയുടെ കൂട്ടിലായതിനാൽ എന്നും മീ ടു വിവാദ നായിക

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: താൻ നൽകിയ കേസ് ഇല്ലാതാക്കാൻ നാന പടേക്കർ ഉപയോഗിച്ചത് കർഷകരുടെ പേരിൽ സ്വരൂപിച്ച പണം എന്ന് തനുശ്രീ ദത്ത. നടി നൽകിയ പരാതിയിൽ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസ് ക്ലോസ് ചെയ്തതിന്റെ പിന്നാലെയാണ് നാന പടേക്കറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടി രംഗത്തുവന്നിരിക്കുന്നത്. കർഷകർക്കുവേണ്ടി രൂപീകരിച്ച നാം ഫൗണ്ടേഷനിലൂടെ നാന പടേക്കർ കോടികളാണ് സമ്പാദിച്ചതെന്നും ഒന്നോ രണ്ടോ കോടികൾ ചെലവഴിച്ച് കേസ് തേച്ചുമായ്ച്ചുകളയാൻ ആരോപണവിധേയർക്ക് ബുദ്ധിമുട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പൊലീസ് ശരിയായ രീതിയിൽ തെളിവെടുപ്പ് നടത്തിയിട്ടില്ല. കപടസാക്ഷികളുടെ മൊഴികളാണ് എടുത്തത്. യഥാർഥ സാക്ഷികളുടെ മൊഴികൾ പൂർണമായി രേഖപ്പെടുത്തിയിട്ടില്ല എന്നും തനുശ്രീ ആരോപിക്കുന്നു.

സിനി ആൻഡ് ടിവി ആർട്ടിസ്റ്റ് അസോസിയേഷന് താൻ പരാതി കൊടുത്തുത് 2008-ലാണ് എന്ന് നടി പറയുന്നു. പരാതിക്ക് ആസ്പദമായ സംഭവം നടന്നപ്പോൾ. പക്ഷേ, അങ്ങനെയൊരു പരാതിയേ ഇല്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. അതുതന്നെ കള്ളം. ആർക്കും ആ പരാതി പരിശോധിക്കാവുന്നതേയുള്ളു. അങ്ങനെയിരിക്കെ തെളിവില്ലെന്ന് പറയുന്നത് എന്ത് അർഥത്തിലാണ് എന്നും തനുശ്രീ ചോദിക്കുന്നു.

എഫ്‌ഐആറിൽ ആ പരാതിയും താൻ ഉൾപ്പെടുത്തിയിരുന്നു എന്നും തനുശ്രീ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് അവർ ഡെയ്‌സി ഷായുടെ മൊഴിയെടുത്തു എന്നാണ്. ആരാണ് ഡെയ്‌സി ഷാ ? ഗണേശ് ആചാര്യയുടെ വർഷങ്ങളായുള്ള സഹായിയും സഹപ്രവർത്തകയും. സംഭവം നടക്കുമ്പോൾ ഡെയ്‌സി ഷാ സെറ്റിൽ ഉണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുത്തപ്പോൾ താൻ ഒന്നും ഓർമിക്കുന്നില്ല എന്നാണവർ പറയുന്നത്. സംഭവം നടന്നോ ഇല്ലയോ എന്നല്ല ഓർമിക്കുന്നില്ല എന്ന്. അതിന്റെ അർഥം പീഡനം നടന്നിട്ടില്ല എന്നാണോ. ഇതേ ഡെയ്‌സി ഷാ എപ്പോഴും ഗണേശ് ആചാര്യയ്‌ക്കൊപ്പം ഉണ്ടാകുന്ന വ്യക്തിയാണ്. അവർ അയാളുടെ മടിയിൽ ഇരിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഗണേശ് ആചാര്യയുടെ പേരും എഫ്‌ഐആറിലുണ്ട്. അതുകൊണ്ടാണ് ഡെയ്‌സി ഷാ പീഡനത്തെ ശരിവയ്ക്കാത്തത് എന്നതും വ്യക്തം.

രത്തൻ ജയിനിൽ നിന്നും മറ്റു രണ്ടു പേരിൽനിന്നുമാണ് മൊഴി എടുത്തതെന്നാണ് അവർ അവകാശപ്പെടുന്നത്. അവരെല്ലാം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അംഗങ്ങളാണ്. അവരെ എങ്ങനെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പറ്റും? ഞാൻ പരാതി കൊടുത്ത 2008-ൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്നെ വിളിപ്പിച്ചിരുന്നു. പീഡനപരാതിയിൽ എന്നെ സഹായിക്കുന്നതിനുപകരം അവർ അന്ന് എന്നെ കുറ്റപ്പെടുത്തുകയാണ് ഉണ്ടായത്. അവരെത്തന്നെ എന്റെ പരാതിയിൽ സാക്ഷികളാക്കുമ്പോൾ ഞാൻ എന്താണ് മനസ്സിലാക്കേണ്ടത് ? അന്നു ഞാൻ കൊടുത്ത പരാതി പൊലീസിന്റെ കയ്യിലുമുണ്ട്.

10 വർഷമായിട്ടും ആ പരാതിയിൽ അവർ എഫ്‌ഐആർ പോലും എടുത്തിട്ടില്ല. അന്നുമുതൽ ഇന്നുവരെയും പൊലീസ് അഴിമതിയുടെ കൂട്ടിലാണ്. അതുകൊണ്ടാണ് അവർ ഫലപ്രദമായി മുന്നോട്ടുനീങ്ങാത്തത്. അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ മൊഴിയെടുത്തവരുടെ ലിസ്റ്റ് ഞാൻ പരിശോധിച്ചു. പലരെയും ഞാൻ ഓർക്കുന്നുപോലുമില്ല. ജാനിസ് എന്ന മാധ്യമപ്രവർത്തകയുടെ മൊഴിയെടുത്തു. അവർ എന്റെ പരാതി ശരി വയ്ക്കുകയും ചെയ്തു. ഹോൺ ഓകെ പ്ലീസ് എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ഷൈനി ഷെട്ടിയുടെ മൊഴിയെടുത്തു. അതും എനിക്ക് അനുകൂലമാണ്. പക്ഷേ അവരുടെ മൊഴി പൂർണമായി എടുക്കാൻ പൊലീസ് തയാറായിട്ടില്ല. അവരുടെ മൊഴി പൂർണമായി എടുക്കാൻ ആവശ്യം ഉയർന്നു. പക്ഷേ പൊലീസ് വിസമ്മതിക്കുകയാണുണ്ടായത്. ലൈംഗിക പീഡന പരാതി ശരിവയ്ക്കാൻ രണ്ടു സാക്ഷികളുടെ മൊഴികളാണ് വേണ്ടത്. എന്റെ കേസിൽ രണ്ടു സാക്ഷിമൊഴികളുണ്ടായിട്ടും തെളിവില്ല എന്ന് പൊലീസ് ആവർത്തിക്കുന്നു. ഇത് എന്ത് വ്യവസ്ഥിതിയാണ്- ധാർമിക രോഷത്തോടെ തനുശ്രീ ചോദിക്കുന്നു.

വസീം എന്നയാളായിരുന്നു മറ്റൊരു സാക്ഷി. അയാൾ മുങ്ങിനടക്കുകയാണ്. ഇതുവരെ മൊഴി കൊടുത്തിട്ടില്ല. അയാളെ ഭീഷണിപ്പെടുത്തുന്നത് നാനയും കൂട്ടരുമാണ്. വസീമിനെ കണ്ടുപിടിക്കാൻ ഞാനും ശ്രമിച്ചു. പക്ഷേ, അയാൾ മുങ്ങി. നാനയും കൂട്ടരും അയാളെ സ്ഥിരമായി വിളിച്ചു ഭീഷണിപ്പെടുത്തയെന്നു വ്യക്തം. എന്റെ അഭിഭാഷകരോടും അയാൾ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പേടിയില്ലെന്നും താൻ സ്റ്റേഷനിൽ വരുമെന്നും അയാൾ ഉറപ്പു പറഞ്ഞു. പിന്നെ അയാളെ കണ്ടിട്ടേയില്ല എന്നും തനുശ്രീ പറയുന്നു. ബോളിവുഡിന്റെ അണിയറയിൽ നടക്കുന്ന കപടനാടകങ്ങൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞ് പോരാട്ടം തനിക്കുവേണ്ടി മാത്രമല്ലെന്നും എല്ലാ സ്ത്രീകൾക്കുവേണ്ടിയുമാണെന്നും അവർ വാദിക്കുന്നു.

തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തനുശ്രീയുടെ പരാതിയിൽ നാനാ പടേക്കറിനെതിരെ ഫയൽ ചെയ്ത കേസ് പൊലീസ് അവസാനിപ്പിച്ചത്. ചാർജ് ഷീറ്റ് ഫയൽ ചെയ്യാനും വിചാരണ നടത്താനും പൊലീസിന് ആവശ്യമായ തെളിവുകൾ ലഭിച്ചില്ലെന്ന് സീനിയർ ഇൻസ്‌പെക്ടർ ഷൈലേഷ് പസാൽവാർ പറഞ്ഞിരുന്നു. പത്ത് വർഷങ്ങൾക്ക് മുൻപ് ഹോൺ ഓകെ പ്ലീസ് എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നാനാ പടേക്കർ തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു തനുശ്രീ ദത്തയുടെ വെളിപ്പെടുത്തൽ.

ചിത്രത്തിലെ ഒരു ഗാനചിത്രീകരണത്തിനിടെ നാന പടേക്കർ തന്റെ കൈയിൽ കടന്നുപിടിച്ചെന്നും നൃത്തം ചെയ്യേണ്ട രീതി ഇതാണെന്ന് പറഞ്ഞ് കാണിച്ചുതന്നുവെന്നും തനുശ്രീ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പറഞ്ഞത്. അഭിനയം പൂർത്തിയാക്കുംമുൻപ് പിന്മാറിയ ചിത്രത്തിന് വാങ്ങിയ അഡ്വാൻസ് തിരിച്ചുകൊടുത്തതിന് പിന്നാലെ രാജ് താക്കറെയുടെ എംഎൻഎസ് പാർട്ടിയിൽ നിന്നുള്ള ഗുണ്ടകളെ വരുത്തി തന്നെ ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചിരുന്നു. നാന പടേക്കർ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ സ്വന്തം മോശം പ്രവർത്തികൾക്ക് മറയാക്കാൻ അദ്ദേഹം ചെയ്യുന്നതാണെന്നും തനുശ്രീ ആരോപിച്ചു. ഇതിന് പിന്നാലെ പടേക്കറിനെതിരേ കേസും ഫയൽ ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP