Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

ഇർഫാൻ പത്താനെ പുറത്താക്കിയപ്പോൾ ധോണി കശ്മീരിൽ തന്നെ! സംഘർഷ സമയത്ത് രാജ്യസേവനത്തിൽ വീഴ്‌ച്ച വരുത്താതെ ഇന്ത്യയുടെ സ്റ്റാർ ക്രിക്കറ്റർ; അതിർത്തി പട്രോളിംഗിനും പരിശോധനകൾക്കുമൊപ്പം സൈനികർക്കൊപ്പം കളിച്ചും മഹേന്ദ്രസിംങ് ധോണി; ഇന്ത്യൻ ക്രിക്കറ്റ് താരരാജാവ് രാജ്യസ്‌നേഹികളുടെ മനസ്സിൽ ഇടംപിടിക്കുന്നത് ഇങ്ങനെ

ഇർഫാൻ പത്താനെ പുറത്താക്കിയപ്പോൾ ധോണി കശ്മീരിൽ തന്നെ! സംഘർഷ സമയത്ത് രാജ്യസേവനത്തിൽ വീഴ്‌ച്ച വരുത്താതെ ഇന്ത്യയുടെ സ്റ്റാർ ക്രിക്കറ്റർ; അതിർത്തി പട്രോളിംഗിനും പരിശോധനകൾക്കുമൊപ്പം സൈനികർക്കൊപ്പം കളിച്ചും മഹേന്ദ്രസിംങ് ധോണി; ഇന്ത്യൻ ക്രിക്കറ്റ് താരരാജാവ് രാജ്യസ്‌നേഹികളുടെ മനസ്സിൽ ഇടംപിടിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ഇർഫാൻ പത്താൻ ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളെയും ഒഫിഷ്യലുകളെയും തീർത്ഥാടകരെയും വിനോദ സഞ്ചാരികളെയും കശ്മീരിൽ നിന്നും ഒഴിപ്പിച്ചപ്പോഴും കശ്മീർ വിട്ട്‌പോകാതെ ഇന്ത്യയുടെ സ്റ്റാർ ക്രിക്കറ്റർ മഹേന്ദ്രസിംങ് ധോണി. ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനന്റ് കേണലായ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ സൈനികർക്കൊപ്പം പട്രോളിംഗും പരിശോധനയും നടത്തുകയും ക്രിക്കറ്റും വോളിബോളും കളിക്കുകയും ചെയ്യുന്നത് സ്‌ഫോടനാത്മക അന്തരീക്ഷം നില നിൽക്കുന്ന കശ്മീരിൽ! കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്ത് കളഞ്ഞത്. ഓഗസ്റ്റ് 15 വരെയാണു കശ്മീരിൽ ധോണി സൈനിക സേവനം നടത്തുന്നത്. സഹപ്രവർത്തകരോടൊപ്പം പട്രോളിങ് ഉൾപ്പെടെയുള്ള ജോലികളിലും ധോണി ഏർപ്പെടുന്നതായാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Stories you may Like

2011 സെപ്റ്റംബറിലാണു ടെറിട്ടോറിയൽ ആർമിയിലെ ലഫ്റ്റനന്റ് കേണൽ പദവി ധോണിക്കു നൽകുന്നത്. ഓണററി പദവിയാണിത്. അതായത് ബഹുമാനാർഥം നൽകുന്നത്. ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല. നടൻ മോഹൻലാലിനു പിന്നീടു നൽകിയതും ഇതേ ലഫ്. കേണൽ പദവിയാണ്. ധോണിക്കൊപ്പം ഒളിംപിക്‌സ് സ്വർണ ജേതാവ് ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയ്ക്കും ലഫ്. കേണൽ പദവി നൽകിയിരുന്നു.

പാരഷൂട്ട് റെജിമെന്റിനൊപ്പം രണ്ട് മാസമാണ് ധോണി സൈനിക സേവനം നടത്തുന്നത്. സൈനികർക്ക് ധോണി ക്രിക്കറ്റ് ബാറ്റിൽ ഒപ്പിട്ടുനൽകുന്ന ചിത്രവും നേരത്തേ പുറത്തുവന്നിരുന്നു. സൈനികരോടൊപ്പം ധോണി വോളിബോൾ കളിക്കുന്ന ദൃശ്യവും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ധോണി ആരാധകർ വിഡിയോ ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചതോടെ ക്രിക്കറ്റ് താരത്തിന്റെ വോളിബോൾ കളി വൈറലായി. ന്യൂസീലൻഡിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ നടക്കുന്ന ട്വന്റി20 മൽസരങ്ങളിൽ ധോണി ഇന്ത്യയ്ക്കായി മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത വർഷം നടക്കുന്ന ഐപിഎൽ മൽസരങ്ങളിലും ധോണി കളിച്ചേക്കും.

അതേസമയം, കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്തതിനെ തുടർന്ന് രാജ്യമെങ്ങും കനത്ത ജാഗ്രതിയിലാണ്. കശ്മീരിലേക്ക് ഇന്നലെ മാത്രം വിന്യസിച്ചത് 8000 സൈനികരെ ആയിരുന്നു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ പിഡിപി നേതാവ് മെഹബൂബ മുഫ്തിയെയും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെയും അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത ശേഷം ഇരുവരെയും ഗവൺമെന്റ് ഗസ്റ്റ് ഹൗസുകളിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്.

ഭരണഘടനയുടെ 370 ആം അനുച്ഛേദം റദ്ദാക്കുന്ന തീരുമാനം ഇന്ത്യയുടെ കറുത്ത ദിനമാണെന്നായിരുന്നു മെഹ്ബൂബ മുഫ്തി പ്രതികരിച്ചത്. തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്നും കേന്ദ്ര സർക്കാർ തീരുമാനം മഹാദുരന്തമാണെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വിറ്ററിലൂടെ തുറന്നടിച്ചിരുന്നു. സമാനമായ അഭിപ്രായ പ്രകടനം തന്നെയാണ് ഒമർ അബ്ദുള്ളയും നടത്തിയത്. തീരുമാനം ഞെട്ടിക്കുന്നതും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണെന്നായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രതികരണം.

അന്താരാഷ്ട്ര പിന്തുണ തേടി ഇന്ത്യ

ജമ്മു കശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ നയതന്ത്ര ഇടപെടലുകളുമായി കേന്ദ്രസർക്കാർ. ഐക്യരാഷ്ട്ര സഭ രക്ഷാസമിതി സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൺ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളോടാണ് കേന്ദ്രസർക്കാർ നിലവിലെ സാഹചര്യങ്ങളും രാജ്യത്തിന്റെ തീരുമാനങ്ങളും സംബന്ധിച്ച് വിശദീകരിച്ചത്. രക്ഷാസമിതിയിലെ താത്കാലിക അംഗരാജ്യങ്ങളുടെ പ്രതിനിധികൾക്കും വിദേശകാര്യമന്ത്രാലയം കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. രക്ഷാസമിതി സ്ഥിരാംഗങ്ങൾക്ക് പുറമെ താത്കാലിക അംഗങ്ങളായ ബെൽജിയം, ഡൊമനിക്കൻ റിപ്പബ്ലിക്ക്, ജർമനി, ഇൻഡോനീഷ്യ, കുവൈത്ത്, പെറു, പോളണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും വിദേശകാര്യ മന്ത്രാലയത്തിലെത്തിയിരുന്നു.

ആർട്ടിക്കിൾ 370 വിഷയത്തിൽ പാക്കിസ്ഥാൻ രക്ഷാസമിതിയെ സമീപിക്കാനുള്ള സാഹചര്യം മുന്നിൽ കണ്ടാണ് ഇന്ത്യ നയതന്ത്രതലത്തിലുള്ള മുന്നൊരുക്കങ്ങൾക്കും തുടക്കമിട്ടത്. ജമ്മു കശ്മീരിൽ മികച്ച ഭരണവും സാമ്പത്തിക വികസനവും ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് ഇന്ത്യ വിദേശ രാജ്യങ്ങളുടെ പ്രതിനിധികൾക്ക് മുന്നിൽ വിശദീകരിച്ചത്. ഇതിനായി പാർലമെന്റിൽ സ്വീകരിച്ച നടപടികൾ ഉൾപ്പെടെ വിദേശകാര്യ മന്ത്രാലയം രക്ഷാസമിതി അംഗങ്ങളോട് വിശദീകരിച്ചുവെന്നാണ് വിവരം. ജമ്മു കശ്മീരിൽ സാമൂഹിക നീതി ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നു.

ഇന്ത്യയുമായി നയതന്ത്ര ബന്ധം പുലർത്തുന്ന ബഹുരാഷ്ട്ര കൂട്ടായ്മകളായ ആസിയാനിലെ അംഗരാജ്യങ്ങൾക്ക് മുന്നിലും വിഷയത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ലാറ്റിനമേരിക്ക, കരീബീയ എന്നീ മേഖലകളിൽ നിന്നുള്ള രാജ്യങ്ങളുടെ പ്രതിനിധികളോട് അടുത്ത ദിവസം ഇന്ത്യ നിലപാട് വിശദീകരിക്കും.

സമാധാനം തിരികെ എത്തിയാൽ പൂർണ്ണ സംസ്ഥാന പദവി എന്ന് അമിത്ഷാ

താൽകാലികമായി മാത്രമാണ് ജമ്മു കാശ്മീരിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുന്നതെന്നും അവിടുത്തെ ക്രമസമാധാനനില സാധാരണഗതിയിലായ ശേഷം ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി തിരികെ നൽകുമെന്നും അമിത് ഷാ രാജ്യ സഭയിൽ വ്യക്തമാക്കി.

ജമ്മു കശ്മീരിനെ വിഭജിച്ചും പ്രത്യേക പദവി എടുത്തു കളഞ്ഞുമുള്ള ബില്ലുകൾ രാജ്യസഭ പാസാക്കിയത് 61നെതിരെ 125 വോട്ടുകൾക്കാണ്. വിഭജന ബില്ലിൽ വോട്ടെടുപ്പ് നടന്നപ്പോൾ മറ്റു ബില്ലുകൾ ശബ്ദ വോട്ടോടെയാണ് രാജ്യസഭ പാസാക്കിയത്. ഇന്നലെ രാവിലെ അമിത് ഷാ അവതരിപ്പിച്ച ബില്ലുകളിൽ ഉച്ചഭക്ഷണത്തിനുള്ള ഇടവേള ഒഴിവാക്കി വൈകുന്നേരം വരെ മാരത്തൺ ചർച്ച നടത്തിയ ശേഷമാണ് രാജ്യസഭ ബില്ലുകൾ പാസാക്കിയത്.

എൻഡിഎ സർക്കാർ കൊണ്ടു വന്ന ബില്ലുകളിൽ എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ പ്രതിപക്ഷ നിരയിലുണ്ടായ അനൈക്യം ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും രാജ്യസഭയിൽ ബില്ലുകൾ പാസ്സാക്കാൻ സർക്കാരിന് തുണയായി. എൻസിപിയും തൃണമൂൽ കോൺഗ്രസും വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടു നിന്നപ്പോൾ എൻഡിഎ സഖ്യകക്ഷിയായ ജെഡിയു ബില്ലിനെതിരായി വോട്ട് ചെയ്തു.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി പ്രസംഗത്തിന് ശേഷം ജമ്മു കശ്മീർ സാമ്പത്തിക സംവരണബില്ലാണ് സഭ ആദ്യം പാസാക്കിയത്. പിന്നീട് 370-ാം വകുപ്പ് റദ്ദാക്കി കൊണ്ടുള്ള ബിൽ പാസാക്കി. ഒടുവിലായാണ് ജമ്മു കശ്മീർ വിഭജന ബില്ലും പാസാക്കിയത്. വിഭജനബില്ലിൽ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടർന്ന് സ്ലിപ്പ് നൽകി വോട്ടെടുപ്പ് നടത്തി. വോട്ടിങ് ബട്ടണിൽ സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് സ്ലിപ്പിൽ വോട്ട് രേഖപ്പെടുത്താൻ അംഗങ്ങളോട് രാജ്യസഭാ അധ്യക്ഷൻ നിർദ്ദേശിച്ചു.

കശ്മീരിലെ രക്തചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് 370-ാം വകുപ്പ് എടുത്തു കളയുന്നതെന്ന് അഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിന്റെ വളർച്ചയ്ക്കല്ല ഭീകരതയുടെ വളർച്ചയ്ക്കായാണ് 370-ാം വകുപ്പ് ഉപയോഗപ്പെടുത്തിയത്. മേഖലയിലെ അഴിമതിയും ദാരിദ്രവും ഇതിലൂടെ വർധിക്കുകയാണ് ചെയ്തതെന്നും കശ്മീർ ബില്ലിലെ ചർച്ചകൾക്ക് രാജ്യസഭയിൽ മറുപടി പറയവെ അമിത് ഷാ ചൂണ്ടിക്കാട്ടി.

രാജ്യസഭയിലെ പിഡിപി അംഗങ്ങൾ അതിരൂക്ഷമായി ബില്ലിനെതിരെ പ്രതികരിച്ചപ്പോൾ ആം ആദ്മി, ടിഡിപി പോലുള്ള പാർട്ടികളുടെ അപ്രതീക്ഷിത പിന്തുണ വിഷയത്തിൽ കോൺഗ്രസിന് കിട്ടി. കശ്മീർ വിഭജനത്തിലും പ്രത്യേക പദവി എടുത്തു കളഞ്ഞതെങ്കിലും എന്തു നിലപാട് സ്വീകരീക്കണമെന്ന കാര്യത്തിൽ കോൺഗ്രസിനകത്ത് ആശയക്കുഴപ്പം തുടരുന്നതായാണ് സൂചന.

ബില്ലിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നത

കശ്മീർ വിഭജനബില്ലിലെ നിലപാടിനെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. കോൺഗ്രസ് ബില്ലിനെ എതിർക്കുന്നതിൽ പ്രതിഷേധിച്ച് രാജ്യസഭ വിപ് ഭുവനേശ്വർ കലിത രാജിവച്ചു. രാജ്യത്തിന്റെ വികാരം മാറിയെന്നും അത് മനസിലാക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ലെന്നും ആരോപിച്ചാണ് രാജി. കശ്മീർ ബില്ലിനെ കോൺഗ്രസ് എതിർക്കുന്നത് ആത്മഹത്യാപരമാണെന്നും കലിത പറയുന്നു. കശ്മീർ വിഭജനത്തെച്ചൊല്ലി കോൺഗ്രസിൽ കടുന്ന ഭിന്നത തുടരുകയാണ്. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. എന്നാൽ വിട്ടുവീഴ്ച പാടില്ലെന്നാണ് ഗുലാം നബി ആസാദിന്റെ നിലപാട്.

രണ്ട് ദിവസം മുൻപ് ബില്ലിനെപ്പറ്റി അറിയിക്കണമെന്ന വ്യവസ്ഥ സർക്കാർ ലംഘിച്ചെന്ന് കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറ?ഞ്ഞു. പ്രതിഷേധം ശക്തമാക്കുമെന്ന് തൃണമുൽ നേതാവ് ഡെറക് ഒബ്രീൻ പറഞ്ഞു. ബിജെപി അവരുടെ ആശയങ്ങൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം, കശ്മീർവിഭജനബില്ലിൽ തന്ത്രപരമായ നിലപാടുമായി മുസ്ലിം ലീഗ് രംഗത്തെത്തി. ബിൽ സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന് മുസ്ലിം ലീഗ് രാജ്യസഭാംഗം പി.ബി അബ്ദുൽ വഹാബ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാർ തിടുക്കം കാട്ടരുതെന്ന് പറഞ്ഞ അബ്ദുൽ വഹാബ് ബില്ലിനെ തുറന്നെതിർക്കാതിരുന്നത് ശ്രദ്ധേയമായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP