Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202112Saturday

നരേന്ദ്ര മോദി നല്ല മനുഷ്യൻ, ഡിജിറ്റൽ ഇന്ത്യ നടപ്പാക്കുന്ന ബിജെപി ഉഗ്രൻ പാർട്ടി; മോശം നേതാവായ രാഹുലിനും ചാനലിൽ അലറിവിളിക്കുന്ന ബർക്കദത്തിനും പണികൊടുത്തത് മനപ്പൂർവം; രാജ്യത്തെ തട്ടിപ്പുകളുടെ കഥ ഉടൻ പുറത്തുവിടുമെന്ന് വ്യക്തമാക്കി ലീജിയൻ ഹാക്കർമാർ വീണ്ടും; ബിജെപി സ്‌പോൺസർ ചെയ്യുന്ന നുഴഞ്ഞുകയറ്റക്കാരെന്ന വാദവും ചൂടുപിടിക്കുന്നു

നരേന്ദ്ര മോദി നല്ല മനുഷ്യൻ, ഡിജിറ്റൽ ഇന്ത്യ നടപ്പാക്കുന്ന ബിജെപി ഉഗ്രൻ പാർട്ടി; മോശം നേതാവായ രാഹുലിനും ചാനലിൽ അലറിവിളിക്കുന്ന ബർക്കദത്തിനും പണികൊടുത്തത് മനപ്പൂർവം; രാജ്യത്തെ തട്ടിപ്പുകളുടെ കഥ ഉടൻ പുറത്തുവിടുമെന്ന് വ്യക്തമാക്കി ലീജിയൻ ഹാക്കർമാർ വീണ്ടും; ബിജെപി സ്‌പോൺസർ ചെയ്യുന്ന നുഴഞ്ഞുകയറ്റക്കാരെന്ന വാദവും ചൂടുപിടിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിജെപി നല്ല പാർട്ടിയാണെന്നും നരേന്ദ്ര മോദി നല്ല മനുഷ്യനാണെന്നും വ്യക്തമാക്കി അടുത്തിടെ വാർത്തകളിൽ ഇടംനേടിയ ഹാക്കർ ഗ്രൂപ്പ് ലീജിയൺ. ജയലളിത ചികിത്സയിൽ കഴിഞ്ഞിരുന്ന അപ്പോളോ ആശുപത്രിയിലെ സെർവറിൽ നുഴഞ്ഞുകയറി വിവരങ്ങൾ ശേഖരിച്ചതായും ഇക്കാര്യങ്ങൾ പുറത്തുവിട്ടാൽ രാജ്യത്ത് വൻ കലാപമുണ്ടാക്കുമെന്നും വ്യക്തമാക്കിയ ഇന്റർനെറ്റ് നുഴഞ്ഞുകയറ്റ ഗ്രൂപ്പാണ് ലീജിയൺ. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത ഗ്രൂപ്പ് ഇപ്പോൾ ബിജെപിയേയും മോദിയെയും പുകഴ്‌ത്തി സംസാരിച്ചതോടെ ഇവർ ബിജെപി സ്‌പോൺസേഡ് ചാരപ്രവർത്തനത്തിന് നിയോഗിക്കപ്പെട്ട ഹാക്കർ സംഘമാണെന്ന ആരോപണം ഉയർന്നിരിക്കുകയാണ്.

ഇന്ന് ദി ക്വിന്റ് ഓൺലൈൻ പോർട്ടലിന്റെ അസോസിയേറ്റ് എഡിറ്റർ പൂനം അഗർവാളിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ മോദിയെയും ബിജെയെയും പ്രകീർത്തിച്ചത്. ഡിജിറ്റൽ ഇന്ത്യയെന്ന പദ്ധതി നടപ്പാക്കുന്ന മോദിയും ബിജെപിയും നല്ലവരാണെന്നായിരുന്നു ഹാക്കർ പ്രതികരിച്ചത്. അതേസമയം, നിങ്ങൾക്ക് പ്രവർത്തിക്കാൻ പണം നൽകുന്നത് ബിജെപിയാണോ എന്ന ചോദ്യത്തിന് അല്ലെന്നും ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നുമായിരുന്നു ലീജിയൻ പ്രതിനിധിയുടെ മറുപടി.

ഏഴുമിനിറ്റ് നീണ്ട സംസാരത്തിനിടെയാണ് തങ്ങളുടെ പ്രവർത്തനങ്ങളെ പറ്റി ലീജിയൻ പ്രതിനിധി സംസാരിച്ചത്. തങ്ങളെപ്പറ്റി വിവരങ്ങൾ നൽകാതെയായിരുന്നു സംസാരം. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ രഹസ്യങ്ങൾ ചോർത്തുകയും അത് ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്ത ജൂലിയൻ അസാൻജിന്റെ വിക്കി ലീക്‌സിന് സമാനമായ രീതിയിൽ ഇന്ത്യയിലെ രഹസ്യവിവരങ്ങൾ ചോർത്തി രംഗത്തുവരാൻ ഒരുങ്ങുന്ന ഹാക്കർമാരുടെ സംഘമാണ് ലീജിയൻ എന്നാണ് റിപ്പോർട്ടുകൾ. ഇവരുടെ പ്രതിനിധി ആദ്യമായാണ് ഫോണിലൂടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത്.

പരസ്പരം പരിചയപ്പെടുത്തിയ ശേഷം പേരു വെളിപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കിയാണ് സംഭാഷണം ആരംഭിക്കുന്നത്. സംഘത്തിൽ മൂന്നുപേരാണുള്ളതെന്നും വ്യക്തമാക്കുന്നു. ഇന്ത്യക്കാരാണോ എന്ന ചോദ്യത്തിന്, അതിൽ കാര്യമില്ലെന്നായിരുന്നു മറുപടി. ഇന്ത്യയിലെ മാദ്ധ്യമങ്ങൾ രാജ്യത്തെ തെറ്റായി ചിത്രീകരിക്കുന്നതായും അതിനാലാണ് മാദ്ധ്യമങ്ങളെ ലക്ഷ്യമിടുന്നതെന്നും ഹാക്കർ വ്യക്തമാക്കി. വെറുതെ രാഷ്ട്രീയക്കാരെ പുകഴ്‌ത്തുകയാണ്. അവരും ശരിയല്ല.

അങ്ങനെയെങ്കിൽ എന്തുകൊണ്ട് രാഹുൽഗാന്ധിയുടേയും ചില മാദ്ധ്യമപ്രവർത്തകരുടേയും മാത്രം അക്കൗണ്ടുകൾ ഹാക്ക് ചെയ്തു എന്നും ബിജെപിയിലെ ആരുടേയും അക്കൗണ്ടുകൾ എന്തുകൊണ്ട് ഹാക്ക് ചെയ്തില്ലെന്നുമുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ: ബിജെപി പ്രശ്‌നമില്ല, ബിജെപി നല്ല പാർട്ടിയാണ്. അവരാണ് ഡിജിറ്റൽ ഇന്ത്യ കൊണ്ടുവരുന്നത്. മാത്രമല്ല, അത് നല്ലൊരു പഌറ്റ്‌ഫോമാണെന്നും അവർ അത് നല്ലകാര്യങ്ങൾക്കായാണ് ചെയ്യുന്നതെന്നും ഹാക്കർ വിലയിരുത്തുന്നു. അതേസമയം രാഹുൽഗാന്ധിയെപ്പറ്റി മോശം പരാമർശങ്ങളാണ് ഹാക്കർ നടത്തുന്നത്. ബിജെപിക്കാർ നല്ല കാര്യങ്ങളാണ് ചെയ്യുന്നതെന്നും രാഹുൽ ഒരു നല്ല രാഷ്ട്രീയക്കാരനല്ലെന്നും അവർ സ്വന്തം പബഌസിറ്റിക്കു വേണ്ടിയാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും ആണ് പ്രതികരണം.

ചിലരുടെ മെയിലുകളിൽ നിറയെ ഡാറ്റകൾ ഉണ്ട്. അവരെയാണ് ലക്ഷ്യമിടുന്നത്. രാഹുൽ എന്തുകൊണ്ടാണ് മോശക്കാരനാണെന്ന് പറയുന്നതെന്നും എന്തു ഡാറ്റയെ പറ്റിയാണ് നിങ്ങൾ പറയുന്നതെന്നുമുള്ള ചോദ്യത്തിന് ഞങ്ങൾക്ക് അത്തരം നിരവധി ഡാറ്റകൾ കിട്ടിയിട്ടുണ്ടെന്നം വൈകാതെ അത് പ്രസിദ്ധീകരിക്കുമെന്നുമായിരുന്നു ലീജിയൻ വക്താവിന്റെ പ്രതികരണം. ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരായ ബർക്ക ദത്തിന്റെയും രാവിഷ് കുമാറിന്റെയും അക്കൗണ്ടുകൾ ഹാക്ക് ചെയ്തത് അവർ മാദ്ധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തുന്നതുകൊണ്ടാണ്്. അവർ നല്ലവരല്ല. അവർ ടിവിയിലും മറ്റും വെറുതെ ബഹളമുണ്ടാക്കുന്നവരാണ്. ഒരു ലോജിക്കുമില്ലാതെ കാര്യങ്ങൾ പറയുന്നവരാണവർ. - ഹാക്കർ പറയുന്നു.

മറ്റു പലരും ടിവിയിൽ ഉച്ചത്തിൽ സംസാരിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: ഇന്ത്യയിൽ ഡിജിറ്റൽ ഇന്ത്യപോലെ ചില കാര്യങ്ങൾ നല്ലൊരു പഌറ്റ്‌ഫോം ഉണ്ടാക്കുന്നുണ്ട്. പലരും ടിവിയിൽ ഡിജിറ്റൽ ഇന്ത്യക്കെതിരെ ബഹളമുണ്ടാക്കുകയാണ്. മോദി നല്ലൊരു മനുഷ്യനാണ് അദ്ദേഹത്തിനെതിരെയും ഡിജിറ്റൽ ഇന്ത്യപോലെയുള്ള നല്ല കാര്യങ്ങൾക്കെതിരെയും ബഹളമുണ്ടാക്കിയതിനാണ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തത്. - ഹാക്കർ പറയുന്നു. നിങ്ങൾക്ക് ഫണ്ട് നൽകുന്നത് ബിജെപിയാണെന്ന സംസാരമുണ്ടല്ലോ എന്ന ചോദ്യത്തിന് അത് ശരിയല്ലെന്നും ഞങ്ങൾക്ക് ഒരു പാർട്ടിയുമായും ബന്ധമോ ഇടപാടുകളോ ഇല്ലെന്നുമായിരുന്നു മറുപടി. തങ്ങൾ ലോകം മുഴുവൻ നല്ല രാജ്യങ്ങൾ ഉണ്ടാകണമെന്ന് ആണ് ആഗ്രഹിക്കുന്നതെന്നും ലീജിയൻ വക്താവ് പറയുന്നു.

ഞങ്ങൾക്ക് പണത്തിനുവേണ്ടിയാണെങ്കിൽ ആരുടെയും അക്കൗണ്ട് ഹാക്ക് ചെയ്യാം. അതുകൊണ്ട് പണം ഒരു കാര്യമല്ല. ഞങ്ങൾക്ക് ലഭിച്ച വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും. ഞങ്ങൾ ചില സർക്കാർ ഉദ്യോഗസ്ഥരെയും ലക്ഷ്യമിടുന്നുണ്ട് ലീജിയൺ പ്രതിനിധി വ്യക്തമാക്കുന്നു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി, വിവാദ വ്യവസായി വിജയ് മല്യ, എൻഡിടിവിയുടെ മാദ്ധ്യമപ്രവർത്തകരായ ബർക്കദത്ത്, രവീഷ്‌കുമാർ എന്നിവരുടേയും ട്വിറ്റർ അക്കൗണ്ടുകളിൽ കടന്നുകയറിയതോടെയാണ് ദിവസങ്ങൾക്കുമുമ്പ് ലീജിയൺ വാർത്തകളിൽ ഇടംപിടിച്ചത്.

കഴിഞ്ഞദിവസം വാഷിങ്ടൺ പോസ്റ്റുമായും ഇന്ത്യൻ വെബ്‌സൈറ്റായ ഫാക്ടർ ഡെയ്‌ലിയുമായും നടത്തിയ എൻക്രിപ്റ്റഡ് മെസഞ്ചർ വഴിയുള്ള ചാറ്റിങ് അഭിമുഖത്തിൽ ഇവർ തങ്ങളുടെ പ്രവർത്തനങ്ങളെ പറ്റി വെളിപ്പെടുത്തിയപ്പോഴായിരുന്നു അപ്പോളോ ആശുപത്രിയിലെ വിവരങ്ങൾ ചോർത്തിയതായും ഞെട്ടിക്കുന്ന വിവരങ്ങളാണ് ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ലഭിച്ചതെന്നും വ്യക്തമാക്കിയത്. രാജ്യത്തെ അഴിമതിക്കാർക്കെതിരെ ശക്തമായ നീക്കം നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ 40,000 സെർവർ വിവരങ്ങൾ ചോർത്തിയെടുത്തെന്നും ഇവയിൽ നിർണായകമായ കാര്യങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടുമെന്നും കഴിഞ്ഞദിവസങ്ങളിൽ നൽകിയ ചാറ്റ് അഭിമുഖങ്ങളിൽ ഇവർ പറഞ്ഞിരുന്നു. സർക്കാർ വെബ്‌സൈറ്റ് ഹാക്ക് ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ അഴിമതി ആരോപണം ഉന്നയിക്കുമെന്ന സൂചനകൾ പുറത്തുവരുന്നതിന് ദിവസങ്ങൾക്കു മുമ്പാണ് രാഹുലിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. വിജയ് മല്യയാകട്ടെ നരേന്ദ്ര മോദിയുടെ കറൻസി നിരോധനത്തെ വിമർശിച്ച് രംഗത്തുവന്നിരുന്നു. ബിജെപിക്കെതിരെയും കേന്ദ്രസർക്കാരിനെതിരെയും നരേന്ദ്ര മോദിക്കെതിരെയും ശക്തമായ വിമർശങ്ങൾ ഉന്നയിക്കുന്ന മാദ്ധ്യമപ്രവർത്തകരാണ് ബർക്ക ദത്തും, രവീഷ്‌കുമാറും.

ഇത്തരത്തിൽ കേന്ദ്രത്തിനും ബിജെപിക്കും എതിരെ നിലകൊള്ളുന്നവരെ ലീജിയൻ ലക്ഷ്യമിട്ടതോടെ ഇവർ ബിജെപി സ്‌പോൺസേഡ് ഹാക്കർ സംഘമാണെന്ന പ്രചാരണം ശക്തമാണ്. ഇന്നത്തെ അഭിമുഖത്തിലും ബിജെപിയെയും മോദിയെയും പുകഴ്‌ത്തിയും രാഹുലിനും മാദ്ധ്യമപ്രവർത്തകർക്കുമെതിരെ രോഷാകുലനായും ലീജിയൻ പ്രതിനിധി സംസാരിച്ചതോടെ ഈ ആരോപണം കൂടുതൽ ശക്തിപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP