Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ പ്രധാനമന്ത്രിയുടെ വീടിരിക്കുന്ന റോഡും കാവിയുടുക്കും; ''7 റേസ് കോഴ്‌സ് റോഡ്'' മാറ്റി ''7 ഏകാത്മാ മാർഗ്'' ആക്കാനുള്ള നിർദ്ദേശം മോദിയുടെ പരിഗണനയിൽ; പുതിയ പേരിടുന്നത് ദീൻദയാൽ ഉപാധ്യയുടെ സ്മരണയ്ക്ക്

ഇന്ത്യൻ പ്രധാനമന്ത്രിയുടെ വീടിരിക്കുന്ന റോഡും കാവിയുടുക്കും; ''7 റേസ് കോഴ്‌സ് റോഡ്'' മാറ്റി ''7 ഏകാത്മാ മാർഗ്'' ആക്കാനുള്ള നിർദ്ദേശം മോദിയുടെ പരിഗണനയിൽ; പുതിയ പേരിടുന്നത് ദീൻദയാൽ ഉപാധ്യയുടെ സ്മരണയ്ക്ക്

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ വിലാസം മാറിയേക്കും. പേരുമാറ്റത്തിനുള്ള നിർദ്ദേശം സർക്കാർ അംഗീകരിച്ചാൽ പ്രശസ്തമായ 7, റേസ് കോഴ്‌സ് റോഡ് എന്ന വിലാസം ''7 ഏകാത്മാ മാർഗ്'' എന്നാകും അറിയപ്പെടുക. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ തീരുമാനമെടുക്കും. പേരുമാറ്റാനുള്ള നീക്കം ബിജെപിയുടെ കാവിവൽക്കരണത്തിന് തെളിവാണെന്ന ആരോപണം ശക്തമാണ്. എന്നാൽ ഇംഗ്ലീഷ് പേരിനെ ഹിന്ദിയിലേക്ക് മാറ്റുന്നതിനെ ആർക്കും തെറ്റ് പറയാനാകില്ലെന്നാണ് ബിജെപിയുടെ പക്ഷം.

7, റേസ് കോഴ്‌സ് എന്ന വിലാസം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി ന്യൂഡൽഹി ലോക്‌സഭാംഗവും പാർട്ടി വക്താവുമായ മീനാക്ഷി ലേഖിയാണ് സർക്കാരിന് കത്തെഴുതിയത്. പേര് ഇന്ത്യൻ സംസ്‌കാരത്തിന് ചേരുന്നതല്ല എന്നു കാണിച്ചാണ് കത്ത്. ബിജെപിയുടെ ആദ്യകാല നേതാവ് ദീൻ ദയാൽ ഉപാധ്യയോടുള്ള ബഹുമാന സൂചകമായാണ് മീനാക്ഷി ലേഖി ഏകാത്മാ മാർഗ് എന്ന പേര് നിർദേശിച്ചിരിക്കുന്നത്. 'ഏകാത്മാ മാനവ്' എന്നതാണ് അദ്ദേഹത്തിന്റെ തത്വചിന്ത. സപ്തംബർ 25ന് ബിജെപി രാജ്യവ്യാപകമായി ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് പേരുമാറ്റത്തിനുള്ള ആവശ്യം ഉയർത്തുന്നത്. ഡൽഹി മുനിസിപ്പൽ കൗൺസിൽ അംഗം കൂടിയായ മീനാക്ഷി ലേഖി അടുത്ത യോഗത്തിൽ പേരുമാറ്റത്തിനുള്ള നിർദ്ദേശം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 2011 ലെ ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ ആക്ട് പ്രകാരം ന്യൂഡൽഹി എംപിക്കും ന്യൂഡൽഹി, ന്യൂഡൽഹി കന്റോൺമെന്റ് എന്നീ മണ്ഡലങ്ങളിലെ എംഎൽഎമാർക്കും ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ അംഗത്വം ലഭിക്കും.

കഴിഞ്ഞ വർഷം ഡൽഹിയിലെ പ്രശസ്തമായ ഔറംഗസേബ് റോഡിന്റെ പേര് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ മുൻരാഷ്ട്രപതി അബ്ദുൽ കലാമിന്റെ പേരിലേക്ക് മാറ്റിയത് വിവാദമായിരുന്നു. ഔറംഗസേബ് ക്രൂരനായ മുഗൾ ഭരണാധികാരിയായിരുന്നെന്ന് ആരോപിച്ച് ബിജെപി നേതാവ് മഹേഷ് ഗിരിയായിരുന്നു പേര് മാറ്റണമെന്ന ആവശ്യമുന്നയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP