Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

'മനുഷ്യനായി പിറന്നതിൽ തലകുനിക്കുന്നു'; ചലനമറ്റ തുമ്പിക്കൈയിൽ പിടിച്ച് തേങ്ങിക്കരഞ്ഞ് വനപാലകൻ ബെല്ലൻ; ചെവിയും കൊമ്പും വെന്തുപോയ കൊമ്പനെ രക്ഷിക്കാൻ കയറിയിറങ്ങിയത് മൂന്ന് ക്യാമ്പുകളിൽ; മസിനഗുഡിയിൽ വിഫലമായത് വനപാലകരുടെ ദിവസങ്ങൾ നീണ്ട പരിശ്രമം

'മനുഷ്യനായി പിറന്നതിൽ തലകുനിക്കുന്നു'; ചലനമറ്റ തുമ്പിക്കൈയിൽ പിടിച്ച് തേങ്ങിക്കരഞ്ഞ് വനപാലകൻ ബെല്ലൻ; ചെവിയും കൊമ്പും വെന്തുപോയ കൊമ്പനെ രക്ഷിക്കാൻ കയറിയിറങ്ങിയത് മൂന്ന് ക്യാമ്പുകളിൽ; മസിനഗുഡിയിൽ വിഫലമായത് വനപാലകരുടെ ദിവസങ്ങൾ നീണ്ട പരിശ്രമം

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: മസിനഗുഡിയിൽ ആന പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞ സംഭവത്തിൽ വിഫലമായത് വനപാലകരുടെ ദിവസങ്ങൾ നീണ്ട ശ്രമങ്ങളാണ്. മനുഷ്യനായി പിറന്നതിൽ തലകുനിക്കുന്നുവെന്ന് പറഞ്ഞ് തുമ്പിക്കൈയിൽ പിടിച്ച് തേങ്ങിക്കരഞ്ഞാണ് ബെല്ലൻ എന്ന വനപാലകൻ ആനയ്ക്ക് വിട നൽകിയത്. പൊള്ളലേറ്റ ആനയെ രക്ഷിക്കാൻ ഒരുപാട് ശ്രമിച്ച വനപാലകർ മൂന്ന് ആന ക്യാമ്പുകളിൽ കയറിയിറങ്ങി പരമാവധി ചികിത്സയാണ് ആനയ്ക്ക് നൽകിയത്.

ചെവിയും കൊമ്പും വെന്തുപോയ കൊമ്പനെ തിരികെ കൊണ്ടുവരാൻ സാധിക്കുമായിരുന്നില്ല. എന്നിട്ടും വനപാലകർ ആവതും ശ്രമിച്ചു. ചെവിക്ക് ചുറ്റും മുറിവേറ്റ് രക്തവും പഴുപ്പും ഒഴുകിയ ആനയെ മൂന്ന് ക്യാമ്പുകളിൽ എത്തിച്ച് ചികിത്സ നൽകാൻ പരിശ്രമിച്ചു. റിസോർട്ട് വളപ്പിൽ കയറിയ ആനയ്ക്ക് നേരെ പെട്രോൾ നിറച്ച് കത്തിച്ച ടയറാണ് വലിച്ചെറിഞ്ഞത്. ആനയുടെ ചെവിയിൽ കുരുങ്ങികിടന്ന ടയർ മണിക്കൂറുകളോളമാണ് കത്തിയത്. വനപ്രദേശത്ത് ഏറെ ദൂരം ഓടിയ ആനയെ പിന്നീട് ഒറ്റപ്പെട്ട് അവശനായ നിലയിലാണ് കണ്ടെത്തിയത്.

അഞ്ചുദിവസം മുമ്പാണ് പരിക്കേറ്റ ആന വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ആന തീരെ അവശ നിലയിലാണെന്ന് കണ്ടെത്തി. ചെവിക്ക് ചുറ്റും മുറിവേറ്റ് രക്തവും പഴുപ്പും ഒഴുകുന്ന നിലയിലായിരുന്നു ആന. അക്രമ വാസന കാണിക്കാത്ത, ശാന്തനായ അമ്പതുവയസുകാരൻ ആന എത്ര വേദന അനുഭവിച്ചായിരിക്കാം ഈ ലോകത്തുനിന്ന് പോയിരിക്കുന്നത് എന്നോർത്ത് വിലപിക്കുന്ന ബെല്ലനെ പോലെയുള്ള വനപാലകരുടെ കണ്ണീരിന് മറുപടി പറയാൻ പലർക്കും ആകുന്നില്ല.

പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം മുതുകത്ത് പരിക്കുമായി ആനയുടെ ഉദരത്തിൽ ഭക്ഷണാവശിഷ്ടം കുറവായിരുന്നു. ശരീരത്തിൽ രക്തത്തിന്റെ അളവ് കുറഞ്ഞാണ് കാണപ്പെട്ടത്. ഇതിനിടെ ഇന്ധനം ഉപയോഗിച്ച് കത്തിച്ച പന്തത്തിന്റെ ഭാഗം കാതിൽ കുടുങ്ങിയാണ് മരണത്തിന് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ഗ്രാമവാസികൾക്ക് ശല്യം ഒന്നും ഉണ്ടാക്കിയില്ലെങ്കിലും റിസോർട്ട് ഉടമകൾ ആനയെ വിരട്ടാനായി ചെയ്തതായിരിക്കാമെന്ന് ആദ്യം തന്നെ വനപാലകർക്ക് സംശയം ഉണ്ടായിരുന്നതായി ഫീൽഡ് ഡയറക്ടർ വ്യക്തമാക്കി.

മസിനഗുഡിക്കടുത്തുള്ള ബൊക്കാപുരം ഭാഗത്ത് മൂന്ന് മാസം മുമ്പ് മുതുകിൽ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു കാട്ടുകൊമ്പനെ ആദ്യം കണ്ടെത്തിയത്. മുന്നോട്ടായാൻ പോലുമാവാതെ അവശനിലയിൽ കണ്ടെത്തിയ കൊമ്പന് പഴങ്ങളിൽ മരുന്നുകൾ വച്ച് നൽകിയെങ്കിലും മുറിവുണങ്ങിയില്ല. വ്രണം പുഴുവരിച്ചതോടെ ഡോക്ടർമാരായ സുകുമാർ, രാജേഷ് കുമാർ, ഭാരതി ജ്യോതി എന്നിവരുടെ നേതൃത്വത്തിൽ ഡിസംബർ 28ന് കുങ്കി ആനകളുടെ സഹായത്തോടെ മയക്കുവെടി വച്ച് പിടികൂടി ചികിത്സ നൽകിയിരുന്നു.

മേൽഭാഗത്തെ മുറിവ് ഉണങ്ങിയതായി കാണപ്പെട്ടെങ്കിലും ഭക്ഷണം തേടിയുള്ള ഉൾക്കാട്ടിനകത്തെ അലച്ചിൽ ഒഴിവാക്കിയായിരുന്നു നടത്തം. ശരീരത്തിലെ രക്തത്തിന്റെ അളവ് കുറഞ്ഞതും തീറ്റ എടുക്കുന്നത് കുറഞ്ഞതും ആണ് ആന ഉൾക്കാട്ടിലേക്ക് പോകാതിരുന്നതെന്ന് മുതുമല വന്യജീവി സംരക്ഷണകേന്ദ്രം ഫീൽഡ് ഡയറക്ടർ കെ കെ കൗശൽ പറഞ്ഞു.

ചെവിയിലടക്കം പൊള്ളലേറ്റതിന് ദിവസങ്ങൾക്ക് മുമ്പ് കാലിൽ പൊള്ളലേറ്റ നിലയിൽ ഇതേ ആനയെ വനപാലകർ കണ്ടെത്തിയിരുന്നു. അന്ന് ചികിത്സ നൽകി വനത്തിലേക്ക് തിരിച്ചയച്ച ആന വീണ്ടും വെള്ളവും ഭക്ഷണവും തേടിയാണ് വനത്തിന്റെ അതിർത്തിയിലേക്ക് ഇറങ്ങിയത്.

ദിവസങ്ങൾക്കുശേഷം ജനുവരി 17നായിരുന്നു ആനയുടെ ഇടതു ചെവിയിൽ നിന്ന് ചോര ഒലിപ്പിച്ചു നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നത്. നടുറോഡിൽ മണിക്കൂറോളം നിന്ന് നോക്കി, വീടുകൾക്കു മുന്നിൽ തലയുയർത്തി നിന്ന ആനയെ പഴത്തിൽ മരുന്നുവച്ചു നൽകി ഉൾക്കാട്ടിലേക്ക് പറഞ്ഞയക്കുന്നതിലായിരുന്നു വനപാലകർ ആദ്യം ശ്രദ്ധിച്ചത്. രണ്ടു ദിവസങ്ങൾക്കുശേഷം പരിക്ക് ഗുരുതരമായ ആന തീറ്റ എടുക്കാതെയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP