Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

'ഹിന്ദുത്വത്തിന്റെ പതാക വാഹകരാണെന്നാണ് അവർ പറയുന്നത്...എന്നാൽ കാളീദേവിയുടെ അവതാരങ്ങളെ കുറിച്ച് അവർക്കറിയുമോ? മന്ത്രങ്ങളറിയുമോ'? വിവാദമായ ടൈം മാഗസീൻ കവർചിത്രം ഉയർത്തിക്കാട്ടി മോദിക്കെതിരെ ആഞ്ഞടിച്ച് മമതാ ബാനർജി; ഹിന്ദുത്വത്തിന്റെ പ്രത്യേക അജൻഡ ബംഗാളിൽ നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും 'ജയ് ശ്രീറാം' മുദ്രാവാക്യം വിളി അതിന്റെ ഉദാഹരണമെന്നും ബംഗാൾ മുഖ്യമന്ത്രി

'ഹിന്ദുത്വത്തിന്റെ പതാക വാഹകരാണെന്നാണ് അവർ പറയുന്നത്...എന്നാൽ കാളീദേവിയുടെ അവതാരങ്ങളെ കുറിച്ച് അവർക്കറിയുമോ? മന്ത്രങ്ങളറിയുമോ'? വിവാദമായ ടൈം മാഗസീൻ കവർചിത്രം ഉയർത്തിക്കാട്ടി മോദിക്കെതിരെ ആഞ്ഞടിച്ച് മമതാ ബാനർജി; ഹിന്ദുത്വത്തിന്റെ പ്രത്യേക അജൻഡ ബംഗാളിൽ നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും 'ജയ് ശ്രീറാം' മുദ്രാവാക്യം വിളി അതിന്റെ ഉദാഹരണമെന്നും ബംഗാൾ മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുന്ന വേളയിലും മമതാ ബാനർജിയേയും തൃണമൂൽ കോൺഗ്രസിനെയും പ്രചരണ റാലികളിൽ കടന്നാക്രമിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോനി ചുഴലിക്കാറ്റ് നാശം വിതച്ച സമയത്ത് ബംഗാളിലെ സ്ഥിതി വിവരങ്ങൾ അറിയാൻ താൻ വിളിച്ചിട്ട് മമത ഫോൺ എടുത്തിരുന്നില്ലെന്ന് മോദി നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ മോദിയെ എക്‌സ്പയേർഡ് പിഎം എന്ന് മമത അഭിസംബോധന ചെയ്തവെന്നും വിവാദം കത്തി നിൽക്കേയാണ് മോദിക്കെതിരെ പുത്തൻ ആരോപണവുമായി മമത രംഗത്തെത്തിയിരിക്കുന്നത്.

വിവാദം സൃഷ്ടിച്ച ടൈം മാഗസീൻ കവർ ഉയർത്തിക്കാട്ടിയായിരുന്നു മമതയുടെ രൂക്ഷ വിമർശനം. ബരാസത് ലോക്‌സഭ മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് ടൈം മാസികയുടെ കവർ ചിത്രവുമായി മമതയെത്തിയത്. 'ഹിന്ദുത്വത്തിന്റെ പതാക വാഹകരാണെന്നാണ് അവർ പറയുന്നത്. എന്നാൽ, കാളി ദേവിയുടെ അവതാരങ്ങളെക്കുറിച്ച് അവർക്കറിയുമോ, മന്ത്രങ്ങളറിയുമോ? അകേനം ദൈവങ്ങളും ദേവതകളും ഉൾക്കൊള്ളുന്നതാണ് ഹിന്ദുയിസം' -മമതാ ബാനർജി പറഞ്ഞു. നാനത്വത്തിൽ ഏകത്വമാണ് നമ്മുടെ സംസ്‌കാരം, ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും സിഖുക്കാരും ഒരുമിച്ച് ആഘോഷങ്ങൾ പങ്കിടുന്നതാണ് ബംഗാളിന്റെ സംസ്‌കാരം. നമുക്ക് മറ്റുള്ളവരുടെ സംസ്‌കാരം കടമെടുക്കേണ്ട ആവശ്യമില്ലെന്നും മമത വ്യക്തമാക്കി. 

ഹിന്ദുത്വത്തിന്റെ പ്രത്യേക അജണ്ട ബംഗാളിൽ നടപ്പാക്കാനാണ് അവർ ശ്രമിക്കുന്നത്. ജയ് ശ്രീറാം എന്ന മുദ്രാവാക്യം അതിന്റെ അടയാളമാണ്. ജയ് ഹിന്ദ് എന്ന മുദ്രാവാക്യമുയർത്തിയാണ് ബിജെപിയെ നേരിടേണ്ടതെന്നും അവർ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽനിന്ന് പണം നിറച്ച പെട്ടിയുമായെത്തി ഗുണ്ടകളെ ഉപയോഗിച്ചാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ജനാധിപത്യം മോദിയുടെ മുഖത്തടിക്കുമെന്ന് പറഞ്ഞതിനെ മമതാ ബാനർജി മുഖത്തടിക്കുമെന്ന് വളച്ചൊടിച്ചെന്നും അവർ വ്യക്തമാക്കി.

സൈന്യത്തെ ഉപയോഗിച്ച് അവർ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചു. ഓരോ ബൂത്തിലും 100 സൈനികരെയാണ് നിയോഗിച്ചത്. എന്നാൽ, തൃണമൂൽ കോൺഗ്രസിനാണ് ജനം പിന്തുണ നൽകിയതെന്നും മമത പറഞ്ഞു. 'ഇന്ത്യയുടെ വിഘടനത്തിന്റെ നായകൻ' എന്ന തലക്കെട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ടൈം മാഗസിൻ ലേഖനം വിവാദമായ പശ്ചാത്തലത്തിലാണ് മമതയുടെ പ്രസംഗം.

ഏതാനും ദിവസം മുൻപ് മമതാ ബാനർജിയുടെ വാഹനം കടന്നുപോകുമ്പോൾ റോഡരികിൽ നിന്ന് ജയ് ശ്രീ റാം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ബിജെപിക്കാർക്ക് അതേനാണയത്തിൽ മമത മറുപടി നൽകിയിരുന്നു. വെസ്റ്റ് മിഡ്‌നാപൂർ ജില്ലയിലെ ചന്ദ്രകോനന ടൗണിലെ ബല്ലാവ്പൂർഗ്രാമത്തിൽ വച്ചായിരുന്നു സംഭവം.

ഗട്ടാൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടിക്ക് ശേഷം ഔദ്യോഗിക വാഹനത്തിൽ മടങ്ങുകയായിരുന്നു മമത. വാഹനത്തിന് പിറകിലായി അകമ്പടി വാഹനവും ഉണ്ടായിരുന്നു. വാഹനം ബല്ലാവ്പൂരിൽ എത്തിയപ്പോൾ റോഡരികിൽ ബിജെപിയുടെ ചില പ്രവർത്തകർ നിലയുറപ്പിക്കുകയും മമതയ്‌ക്കെതിരെ ജയ് ശ്രീരാം മുദ്രാവാക്യം ഉയർത്തുകയുമായിരുന്നു.

വാഹനത്തിലിരുന്ന് മുദ്രാവാക്യം വിളികേട്ട് മമത ഇതോടെ വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ മമത വാഹനത്തിൽ നിന്നും ഇറങ്ങി പ്രതിഷേധക്കാർക്കടുത്തേക്ക് നടന്നുനീങ്ങി. എന്നാൽ അപ്രതീക്ഷിതമായ മുഖ്യമന്ത്രിയുടെ ഈ നടപടി കണ്ട് ബിജെപിക്കാർ അമ്പരന്നു പോകുകയായിരന്നു. മുദ്രാവാക്യം വിളിയും നിർത്തി. ചിലർ തിരിഞ്ഞോടാനും ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇവിടെ വരൂ എന്ന് പറഞ്ഞ് മമത അവരെ തടഞ്ഞു.

'നിങ്ങൾ എങ്ങോട്ടാണ് ഓടിപ്പോകുന്നത്, ഇവിടെ വരൂ..നിങ്ങളുടെ ഈ പ്രതിഷേധം കണ്ട് ഞാൻ ഭയന്നുപോകില്ല. ഒരു കാര്യം ഓർത്താൽ നന്ന്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും നിങ്ങൾ ഇവിടെ തന്നെയാണ് ജീവിക്കേണ്ടത്. '- എന്നായിരുന്നു മമതയുടെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP