Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202128Sunday

ഇന്ത്യയ്ക്കു നാലു തലസ്ഥാനങ്ങൾ വേണം; പാർലമെന്റ് സമ്മേളനങ്ങൾ എന്തുകൊണ്ടാണ് ഡൽഹിയിൽ മാത്രം നടക്കുന്നത്? നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ ജയ് ശ്രീറാം വിളികൾ ഉയർന്നതോടെ 30 സെക്കൻഡിൽ പ്രസംഗം അവസാനിപ്പിച്ചും മമതയുടെ പ്രതിഷേധം

ഇന്ത്യയ്ക്കു നാലു തലസ്ഥാനങ്ങൾ വേണം; പാർലമെന്റ് സമ്മേളനങ്ങൾ എന്തുകൊണ്ടാണ് ഡൽഹിയിൽ മാത്രം നടക്കുന്നത്? നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ ജയ് ശ്രീറാം വിളികൾ ഉയർന്നതോടെ 30 സെക്കൻഡിൽ പ്രസംഗം അവസാനിപ്പിച്ചും മമതയുടെ പ്രതിഷേധം

സ്വന്തം ലേഖകൻ

കൊൽക്കത്ത: കൊൽക്കത്തയിൽ നടന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാർഷികാഘോഷച്ചടങ്ങിൽ 30 സെക്കൻഡിൽ പ്രസംഗം അവസാനിപ്പിച്ച് കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മമത പ്രസംഗിക്കാൻ എത്തിയപ്പോള്ഡ സദസ്സിൽനിന്നു 'ജയ് ശ്രീറാം' വിളികളുമായി പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമം നടന്നതോടെയാണ് 30 സെക്കൻഡിൽ പ്രസംഗം നിർത്തിയത്. കേന്ദ്ര സർക്കാർ സംഘടിപ്പിച്ച ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗവർണർ ജഗ്ദീപ് ധൻകറുടെയും സാന്നിധ്യത്തിലായിരുന്നു സംഭവം.

വിക്ടോറിയ മെമോറിയൽ ഹാളിലെ ചടങ്ങിൽ, മമത പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴാണു 'ജയ് ശ്രീറാം' വിളികൾ ഉയർന്നത്. ഇതോടെ 30 സെക്കൻഡിൽ മമത പ്രസംഗം അവസാനിപ്പിച്ചു. 'പരിപാടി ഏതെങ്കിലും പാർട്ടിയുടേതല്ല, സർക്കാരിന്റേതാണ്. അന്തസ്സു കാട്ടണം. ക്ഷണിച്ചുവരുത്തി അധിക്ഷേപിക്കരുത്' മമത പറഞ്ഞു. കൊൽക്കത്തയിൽ പരിപാടി സംഘടിപ്പിച്ചതിനു പ്രധാനമന്ത്രിക്കും സാംസ്‌കാരിക മന്ത്രാലയത്തിനും നന്ദി പറഞ്ഞു വാക്കുകൾ അവസാനിപ്പിച്ചു.

ചടങ്ങിന്റെ തുടക്കം മുതൽ മമതയുടെ അനിഷ്ടം വ്യക്തമായിരുന്നു. വേദിയിൽ പ്രധാനമന്ത്രി എത്തിയപ്പോൾ സ്വീകരിക്കാൻ മമതയുണ്ടായിരുന്നില്ല. മന്ദിരത്തിൽ നേതാജിയുടെ ജീവിതത്തെക്കുറിച്ചുള്ള പ്രദർശനം പ്രധാനമന്ത്രി ചുറ്റിനടന്നു കണ്ടപ്പോൾ മമതയെത്തി. പ്രധാനമന്ത്രിയുടെ ഒപ്പം നടക്കാൻ മമതയെ ഗവർണർ പല തവണ നിർബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രധാനമന്ത്രിയുമായി സംസാരിക്കാനും കൂട്ടാക്കിയില്ല.

അതേസമയം ഇന്ത്യയ്ക്കു നാലു തലസ്ഥാനങ്ങൾ വേണമെന്ന് മമത ബാനർജി പറഞ്ഞു. 'ഇന്ത്യയ്ക്ക് ഊഴമനുസരിച്ചു നാലു തലസ്ഥാന നഗരങ്ങൾ വേണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ബ്രിട്ടിഷുകാർ ഈ രാജ്യത്തെ മുഴുവൻ ഭരിച്ചതുകൊൽക്കത്തയിൽനിന്നുകൊണ്ടാണ്. എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ഒരു തലസ്ഥാന നഗരം മാത്രമുള്ളത്. പാർലമെന്റ് സമ്മേളനങ്ങൾ എന്തുകൊണ്ടാണ് ഡൽഹിയിൽ മാത്രം നടക്കുന്നത്. ഡൽഹിയിൽ എല്ലാവരും പുറത്തുനിന്ന് വന്നവരാണ്' മമത പറഞ്ഞു.

പാർലമെന്റ് സമ്മേളനങ്ങൾ ഊഴമനുസരിച്ച് രാജ്യത്തെ വ്യത്യസ്ത നഗരങ്ങളിൽ നടത്തണം. ഞങ്ങൾ വിഭാഗീയരല്ല. എല്ലാവർക്കും വേണ്ടിയാണ് ഇത് പറയുന്നത്. എന്തുകൊണ്ടാണ് ഒരു പാർലമെന്റ് സമ്മേളനം പോലും തമിഴ്‌നാട്ടിലോ ആന്ധ്രയിലോ കേരളത്തിലോ ഉത്തർപ്രദേശിലോ മധ്യപ്രദേശിലോ നടക്കാത്തത്?

എന്തുകൊണ്ട് ബംഗാളിലോ ഒഡിഷയിലോ നടക്കുന്നില്ല? വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇത് നടക്കാത്തത് എന്തുകൊണ്ടാണെന്നും മമത ചോദിച്ചു. കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച മമത, പുതിയ പാർലമെന്റും പുതിയ വിമാനങ്ങളും വാങ്ങുന്ന നിങ്ങൾ എന്തുകൊണ്ട് നേതാജിക്കായി ഒരു സ്മാരകം പണികഴിപ്പിക്കുന്നില്ല എന്നും ചോദിച്ചു.

കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മമത
വിക്ടോറിയാ മെമോറിയൽ ഹാളിൽ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിനു മുൻപു തൃണമൂൽ സംഘടിപ്പിച്ച നേതാജി ജന്മദിനാഘോഷ റാലിയിലും മമത പങ്കെടുത്തിരുന്നു. ചടങ്ങിൽ പ്രസംഗിച്ച മമത കേന്ദ്ര സർക്കാരിനെ അതിശക്തമായി വിമർശിച്ചു.

'തിരഞ്ഞെടുകാലത്തു മാത്രമല്ല നേതാജിയെ സ്മരിക്കേണ്ടത്. പാർലമെന്റ് നിർമ്മിക്കാനും വിമാനങ്ങൾ വാങ്ങാനും ആയിരക്കണക്കിനു കോടികൾ ചെലവാക്കുന്ന സർക്കാരിന് നേതാജി സ്മാരകമുണ്ടാക്കാൻ പണമില്ല. നേതാജിയുടെ ജന്മദിനം ദേശീയ അവധി പോലുമല്ല.' ആസൂത്രണ കമ്മിഷൻ നേതാജിയുടെ ആശയമായിരുന്നു. കമ്മിഷനെ ഇല്ലാതാക്കി സർക്കാർ നിതി ആയോഗുണ്ടാക്കിമമത പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP