Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദിവസം രണ്ടായിരം രൂപ പിൻവലിക്കാൻ സാധാരണക്കാർ ക്യൂ നിൽക്കുമ്പോൾ എങ്ങനെയാണ് ചിലർക്ക് അനധികൃതമായി കടത്താൻ ലക്ഷങ്ങളുടെ പുത്തൻ നോട്ടുകൾ കിട്ടുന്നത്? ഇന്നലെ മുംബൈയിൽ നിന്നും പിടിയിലായ മലയാളിയുടെ കയ്യിൽ നിന്ന് പിടിച്ചത് 25 ലക്ഷത്തിന്റെ 2000 രൂപ നോട്ടുകൾ

ദിവസം രണ്ടായിരം രൂപ പിൻവലിക്കാൻ സാധാരണക്കാർ ക്യൂ നിൽക്കുമ്പോൾ എങ്ങനെയാണ് ചിലർക്ക് അനധികൃതമായി കടത്താൻ ലക്ഷങ്ങളുടെ പുത്തൻ നോട്ടുകൾ കിട്ടുന്നത്? ഇന്നലെ മുംബൈയിൽ നിന്നും പിടിയിലായ മലയാളിയുടെ കയ്യിൽ നിന്ന് പിടിച്ചത് 25 ലക്ഷത്തിന്റെ 2000 രൂപ നോട്ടുകൾ

മുംബൈ: എടിഎമ്മുകളിൽ നിന്ന് ദിവസം 2500 രൂപയും അക്കൗണ്ടിൽ നിന്ന് ആഴ്ചയിൽ പരമാവധി 24,000 രൂപയും മാത്രം പിൻവലിക്കാമെന്ന നിബന്ധന മുന്നോട്ടുവച്ചപ്പോൾ റിസർവ് ബാങ്കിന്റെ പ്രതീക്ഷ വലിയ തോതിൽ ആരും കൈവശം കൂടുതൽ കറൻസി വയ്ക്കില്ലെന്നും കയ്യിലെത്തുന്ന പണം ഓരോ ആവശ്യങ്ങൾക്ക് ചെലവാക്കുമ്പോൾ വിപണിയിൽ പണലഭ്യത ഉണ്ടാകുമെന്നുമായിരുന്നു. പക്ഷേ, കറൻസി നിരോധനം പ്രഖ്യാപിച്ച കാലാവധി ഇന്ന് തീരുമ്പോഴും വിപണിയിൽ ആവശ്യത്തിന് പണലഭ്യതയില്ലെന്നു മാത്രമല്ല, പലരുടേയും കൈവശം പുതിയ കറൻസിയുടെ ശേഖരം പ്രത്യക്ഷപ്പെടുകയും ചെയ്തിരിക്കുന്നു.

രാജ്യത്തുടനീളം വൻതോതിൽ റെയ്ഡുകൾ നടക്കുമ്പോൾ വ്യക്തമാകുന്നത് മറ്റൊരു ചിത്രമാണ്. കള്ളപ്പണം ആൾക്കാരെ കൂലിക്ക് ക്യൂനിർത്തി നിരോധനത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ വ്യാപകമായി മാറ്റിയെടുക്കുകയും ചില വാണിജ്യ, നൂജൻ ബാങ്കുകളുടെ ഒത്താശയോടെ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്നുമാണ്. കള്ളപ്പണം വെളുപ്പിക്കാൻ കറൻസി നിരോധനം പ്രഖ്യാപിച്ചതിന് പിറ്റേന്നു മുതൽ തന്നെ രാജ്യവ്യാപകമായി ആസൂത്രിത നീക്കം നടന്നുവെന്നാണ് അതിന് ശേഷമുണ്ടായ പല സംഭവങ്ങളും സൂചിപ്പിക്കുന്നത്.

ഗൾഫിൽ നിന്ന് കള്ളപ്പണം വെളുപ്പിക്കുന്നതിന് പോലും ശ്രമങ്ങൾ നടക്കുന്നുവെന്നതിന്റെ സൂചനകളുമായി ഇന്നലെ മലയാളി യുവാവ് മുംബൈയിൽ പിടിയിലാവുകയും ചെയ്തതോടെ കള്ളപ്പണക്കാർ പയറ്റുന്നത് കൂടുതൽ വിപുലമായ തന്ത്രങ്ങളാണെന്ന് വ്യക്തമാവുകയാണ്. ഇന്നലെ 25 ലക്ഷത്തിന്റെ പുതിയ 2,000 രൂപ നോട്ടുകൾ ദുബായിലേക്ക് കടത്താൻ ശ്രമിച്ചപ്പോഴാണ് മലയാളിയുവാവിനെ മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ചൊവ്വാഴ്ച അർധരാത്രി മുംബൈ അന്താരാഷ്ട്രവിമാനത്താവളത്തിലെത്തിയ ആരിഫ് കോയാന്റെയാണ് പിടിയിലായത്. റെഡിമെയ്ഡ് വസ്ത്രങ്ങൾ നിറച്ച 13 പെട്ടികളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ഇയാളുടെ പാസ്‌പോർട്ട് കോഴിക്കോട്ടുനിന്നെടുത്തതാണെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, മലയാളിയെ സംബന്ധിച്ച മറ്റുകാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല. പിന്നീട് കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽവിട്ടു. കുഴൽപ്പണ മാഫിയക്കു വേണ്ടിയാണോ വിദേശത്തേക്ക് പണം കടത്താൻ ശ്രമിച്ചതെന്ന സംശയവും ഉയർന്നിട്ടുണ്ട്.

രണ്ടായിരത്തിന്റെ 1,250 നോട്ടുകൾ വെള്ളക്കടലാസുകൊണ്ടുണ്ടാക്കിയ 52 കവറുകളിലാക്കി പെട്ടികളിൽ ഒളിച്ചുവെയ്ക്കുകയായിരുന്നുവെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു. ആരിഫ് പിടിയിലാകുന്നതിന് തൊട്ടുമുമ്പ് 43.97 ലക്ഷം രൂപയുടെ വിദേശകറൻസികളുമായി മൂന്ന് ഹൈദരാബാദ് സ്വദേശികളെ കസ്റ്റംസ് പിടികൂടിയിരുന്നു.

ശൈഖ് വഹീദ് അലി, മുഹമ്മദ് സുഹൈൽ, ശൈഖ് പാഷ എന്നിവരെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഹൈദരാബാദിൽനിന്നുള്ള വിമാനത്തിൽവന്നിറങ്ങിയ ഇവരിൽനിന്ന് 1.39 ലക്ഷത്തിന്റെ സൗദി റിയാൽ, 5.65 ലക്ഷത്തിന്റെ യു.എ.ഇ. ദിർഹം, 14,000 ഓസ്‌ട്രേലിയൻ ഡോളർ എന്നിവയാണ് കണ്ടെടുത്തത്.

ദിനപത്രത്തിൽ പൊതിഞ്ഞനിലയിൽ ബാഗിൽനിന്നാണ് പണം കണ്ടെത്തിയത്. സൗദിയിൽനിന്ന് ഒരാഴ്ചമുമ്പ് കൊണ്ടുവന്ന കറൻസികൾ രൂപയാക്കിമാറ്റാനാണ് മുംബൈയിലെത്തിയതെന്ന് പിടിയിലായവർ വെളിപ്പെടുത്തിയതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. നാലുപേർക്കുമെതിരെ വിദേശനാണയ വിനിമയചട്ടപ്രകാരവും കസ്റ്റംസ് നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

രാജ്യത്ത് വ്യാപകമായി നടന്ന ഇൻകംടാക്‌സ് റെയ്ഡുകളിൽ പിടിയിലായ ഭൂരിഭാഗം പേരിൽ നിന്നും വ്യാപകമായി പുതിയ 2000 നോട്ടുകളുടെ ശേഖരം കണ്ടെടുത്തിരുന്നു. ഇതിൽ നിന്നുതന്നെ കേന്ദ്രസർക്കാർ കള്ളപ്പണവേട്ടയുടെ ഭാഗമായി പ്രഖ്യാപിച്ച കറൻസി നിരോധനം അട്ടിമറിക്കാൻ വ്യാപകമായി ശ്രമങ്ങൾ നടന്നുവെന്നും പലതരം തന്ത്രങ്ങൾ ഇതിനായി പയറ്റിയെന്നും വ്യക്തമാകുകയാണ്.

കള്ളപ്പണം സൂക്ഷിക്കുന്നവരെ വിലകുറച്ച് കാണുന്നില്ലെന്നും അവരെല്ലാം നമ്മളെക്കാൾ ബുദ്ധിമാന്മാരാണെന്നും അവർ പല തട്ടിപ്പും പയറ്റുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കറൻസി നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ ദിവസങ്ങൾക്കു ശേഷം നടത്തിയ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ രാജ്യവ്യാപകമായി നടന്നതെന്നാണ് ഇതിനകം വ്യക്തമായിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP