Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

"വനിത പൊലീസ് എസ്ഐക്ക് കൊടുംകുറ്റവാളി വരനായി എത്തി, പിന്നെ അഴിക്കുള്ളിലുമായി"; പിടികൂടാൻ സാധിക്കാതെ വന്ന ക്രിമിനലിനെ കുടുക്കാൻ മധ്യപ്രദേശ് പൊലീസ് ഉപയോഗിച്ച തന്ത്രം വിജയകരം; കെെയ്യടിച്ച് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ചത്തർപൂർ: പിടിക്കിട്ടാപ്പുള്ളി കുടുക്കാൻ പൊലീസ് ആകാവുന്ന പല തന്ത്രങ്ങളും നടത്തി പരാജയപ്പെടുന്ന വാർത്തയാണ് ചിലപ്പോൾ സോഷ്യൽ മീഡിയയിലൂടെ നാം കണ്ടുവരുന്നത്. എന്നാൽ കൊലപാതക കേസിലെ പ്രതിയായ കുറ്റവാളിയെ കുടുക്കാൻ പൊലീസ് ഉപയോ​ഗിച്ച തന്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ രസകരം. പിടികിട്ടാപുള്ളിയെ മധ്യപ്രദേശ് പൊലീസ് പിടികൂടിയത് വിവാഹാഭ്യർഥനയിലൂടെ കെണിയൊരുക്കി. മധ്യപ്രദേശിലെ ചത്തർപൂർ നൗഗോണിലാണ് സംഭവം. പതിനഞ്ചോളം കൊലപാതക കേസുകളിലും മധ്യപ്രദേശ്–ഉത്തർപ്രദേശ് അതിർത്തിയിലെ നിരവധി മോഷണക്കേസുകളിലും പ്രതിയായ ചൗബയാണ് പൊലീസ് കെണിയിൽ വീണത്.

നൗഗോൺ സ്വദേശി ബാലകൃഷ്ണ ചൗബെ (55) യെയാണ് മൂന്നു വർഷംകൊണ്ട് പൊലീസ് അതിവിദഗ്ധമായി പിടികൂടിയത്. മോഷണവും കൊലപാതകവും അടക്കം നിരവധി കേസുകളിൽ പ്രതിയായ ബാലകൃഷ്ണ കുറ്റകൃത്യങ്ങൾക്കുശേഷം ഉത്തർപ്രദേശിലേക്ക് കടക്കുകയായിരുന്നു പതിവ്. പ്രതിയുടെ ഒളിത്താവളങ്ങളിൽ നിരവധി തവണ പൊലീസ് മിന്നൽ പരിശോധനകൾ നടത്തിയെങ്കിലും പിടികൂടാൻ സാധിച്ചില്ല.

ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10,000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു. ഛത്തർപുർ നൗഗാവ് പൊലീസ് സ്റ്റേഷനിൽ നിയമിതയായ വനിത എസ്ഐ മാധ്വി അഗ്നിഹോത്രി പ്രതിയെ പിടിക്കാൻ തീരുമാനിക്കുകയായിരുന്നു. അപകടകാരിയായ ചൗബെയെ കീഴടക്കുക അത്ര എളുപ്പമായിരുന്നില്ല. ആയുധധാരിയായ ഇയാൾ പലപ്പോഴും ആക്രമിച്ച് കടന്നുകളയും.

പൊലീസ് അധികൃതരുടെ സഹായത്തോടെ മാധ്വി ചൗബെയുടെ ഫേസ്‌ബുക് നിരീക്ഷിക്കാൻ തുടങ്ങി. രാധ ലോധി എന്ന പേരിൽ ചൗബെയുമായി സംഭാഷണവും ആരംഭിച്ചു. ഛത്തർപുർ സ്വദേശിയാണെന്നും ഡൽഹിയിലാണ് ജോലിയെന്നുമാണു ചൗബെയോട് പറഞ്ഞത്. മൂന്നു ദിവസം സംസാരിച്ചപ്പോഴേക്കും ചൗബെ വിവാഹാഭ്യർഥന നടത്തുകയായിരുന്നു. വിവാഹത്തിന് മുൻപു നേരിൽ കാണണമെന്നും ആവശ്യപ്പെട്ടു. അടുത്ത ദിവസം ഛത്തർപുറിൽ എത്തുമെന്ന് മാധ്വി ചൗബെയോട് പറഞ്ഞു. യുപി–മധ്യപ്രദേശ് അതിർത്തി ഗ്രാമത്തിലെ ക്ഷേത്രത്തിൽവച്ചു കാണാമെന്നു തീരുമാനിച്ചു. കൃത്യമായ മുന്നൊരുക്കത്തോടു കൂടിയാണ് പൊലീസ് ക്ഷേത്രത്തിലെത്തിയത്.

സാധാരണ വേഷം ധരിച്ച ആയുധധാരികളായ പൊലീസുകാരെ ക്ഷേത്രത്തിനു സമീപം വിന്യസിച്ചു. മാധ്വിയുടെ ബന്ധുക്കളെന്ന വ്യാജേന ആയുധധാരികളായ പൊലീസും ഒപ്പമുണ്ടായിരുന്നു. ബൈക്കിലെത്തിയ ചൗബെ മാധ്വിയുെട അടുത്തേക്കു വരാൻ തുടങ്ങിയപ്പോൾ പൊലീസ് കീഴടക്കുകയായിരുന്നു. ചൗബെയുടെ കൈവശമുണ്ടായിരുന്ന തോക്ക് പൊലീസ് പിടിച്ചെടുത്തു. മികച്ച അത്‌ലിറ്റ് കൂടിയായ ഇരുപത്തിയെട്ടുകാരി മാധ്വി ദേശീയ സർവകലാശാല മത്സരങ്ങളിൽ 100 മീറ്ററിലും ഷോട്ട്പുട്ടിലും ജേതാവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP