Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്തു ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനം ഉണ്ടോ? എങ്കിൽ ഇനി പാചക വാതക സബ്‌സിഡി ഉണ്ടാവില്ല; സർക്കാർ തീരുമാനം ഉടൻ

പത്തു ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനം ഉണ്ടോ? എങ്കിൽ ഇനി പാചക വാതക സബ്‌സിഡി ഉണ്ടാവില്ല; സർക്കാർ തീരുമാനം ഉടൻ

ഹൈദരാബാദ്: വാർഷികവരുമാനം പത്തുലക്ഷത്തിൽ കൂടുതലുള്ള ഉപയോക്താക്കളുടെ പാചകവാതക സബ്‌സിഡി നിർത്തലാക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. വാർഷിക വരുമാനം പത്ത് ലക്ഷം രൂപയിൽ കൂടുതലുള്ള ഉപഭോക്താക്കളിൽ നിന്ന് പാചകവാതക സബ്‌സിഡി എടുത്ത് കളയുന്നതിനെ കുറിച്ചാണ് ചർച്ചകൾ.

ഉയർന്ന വാർഷിക വരുമാനം ഉള്ളവർക്ക് പാചകവാതക സബ്‌സിഡിയുടെ ആവശ്യമില്ലെന്നും 30 ലക്ഷം പേരാണ് ഇതിനകം സബ്‌സിഡി വേണ്ടെന്ന് വച്ചതെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. അർഹരായവർക്കാണ് സബ്‌സിഡി നൽകേണ്ടതെന്നാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. സബ്‌സിഡി നിർത്തലാക്കുന്നത് സംബന്ധിച്ചും അനധികൃത പാചകവാതക കണക്ഷനുകൾ നിർത്തലാക്കുന്നതും സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട്.

അനധികൃത കണക്ഷനുകൾ കണ്ടെത്തി റദ്ദാക്കിയതിലൂടെ ആയിരക്കണക്കിനു കോടി രൂപ ലാഭിക്കാനായെന്നും പത്തുലക്ഷത്തിൽ കൂടുതൽ വരുമാനമുള്ളവരുടെ സബ്‌സിഡി നിർത്തലാക്കുന്നതിലൂടെ ഒട്ടേറെ പാവങ്ങൾക്കു പാചകവാതക കണക്ഷൻ നൽകാനാകുമെന്നും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ തന്നോടു പറഞ്ഞതായി വെങ്കയ്യ അറിയിച്ചു. 30 ലക്ഷം പേർ ഇതുവരെ പാചകവാതക സബ്‌സിഡി സ്വമേധയാ ഉപേക്ഷിച്ചിട്ടുണ്ട്. ഇന്ത്യ പുരോഗതിയുടെ പാതയിൽ മുന്നേറുകയാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

അതിസമ്പന്നർക്കും മന്ത്രിമാർക്കുമൊന്നും സബ്‌സിഡി കൊടുക്കേണ്ടതില്ല. പാവപ്പെട്ടവർക്കാണ് അതു നൽകേണ്ടത്. ഇതിനകം, 30 ലക്ഷത്തിലേറെപ്പേർ സബ്‌സിഡി ആവശ്യമില്ലെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതിലൂടെ ലാഭിച്ച കോടിക്കണക്കിനു രൂപ ക്ഷേമപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. ഇനിയും കൂടുതൽ പേർ സബ്‌സിഡി വേണ്ടെന്നു വയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

ഹൈദരബാദിൽ ഫെഡറേഷൻ ഒഫ് ആന്ധ്രാപ്രദേശ് ആൻഡ് തെലങ്കാന ചേംബർ ഒഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ഒരു അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരക്ക് സേവന നികുതി, ഭൂമിയേറ്റെടുക്കൽ തുടങ്ങിയ സുപ്രധാന ബില്ലുകൾ പാസാക്കാൻ പ്രതിപക്ഷ സഹകരണമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ചർച്ചയ്ക്ക് സർക്കാർ തയ്യാറാണ്. 15 മേഖലകളിലായി നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിൽ 35 ഭേദഗതികൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. നിക്ഷേപം ആകർഷിച്ച്, ദാരിദ്ര്യം തുടച്ചുനീക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.

രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് ആക്ഷേപിച്ച് പ്രധാനമന്ത്രിയെ വിമർശിക്കുന്നവർ, ജനങ്ങളാണ് അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് വിജയിപ്പിച്ചതെന്ന് സഹിഷ്ണുതയോടെ ഓർക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP