Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വില വർധിപ്പിച്ചതോടെ കർണാടകയിൽ മദ്യ വിൽപ്പനയിൽ 60 ശതമാനത്തിന്റെ ഇടിവ്; നികുതി വർധനവ് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിന് തുല്യമാണെന്ന് ബ്രൂവേഴ്‌സ് ആൻഡ് ഡിസ്റ്റിലേഴ്‌സ് അസോസിയേഷൻ; വിൽപ്പന കുറഞ്ഞത് മറ്റ് കാരണങ്ങളാലെന്ന് അധികൃതർ

വില വർധിപ്പിച്ചതോടെ കർണാടകയിൽ മദ്യ വിൽപ്പനയിൽ 60 ശതമാനത്തിന്റെ ഇടിവ്; നികുതി വർധനവ് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിന് തുല്യമാണെന്ന് ബ്രൂവേഴ്‌സ് ആൻഡ് ഡിസ്റ്റിലേഴ്‌സ് അസോസിയേഷൻ; വിൽപ്പന കുറഞ്ഞത് മറ്റ് കാരണങ്ങളാലെന്ന് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: വില വർധിപ്പിച്ചതോടെ കർണാടകയിൽ മദ്യവിൽപ്പന കുറഞ്ഞു. 60 ശതമാനത്തിന്റെ കുറവാണ് വിലവർധനവിന് ശേഷം സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. വിൽപനയിലുണ്ടായ കുറവ് നികുതി വരുമാനത്തെ ഗുരുതരമായി ബാധിച്ചത് സർക്കാരിനെ ആശങ്കയിലാക്കിയിട്ടുണ്ട്. മദ്യത്തിന്റെ നികുതി വർധിപ്പിച്ചത് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിന് തുല്യമാണെന്ന് കർണാടക ബ്രൂവേഴ്‌സ് ആൻഡ് ഡിസ്റ്റിലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അരുൺ കുമാർ പാർസ പറഞ്ഞു. എന്നാൽ അധിക നികുതി മാത്രമല്ല മദ്യവിൽപനയിൽ കുറവ് വരുത്തിയതെന്ന് എക്‌സൈസ് ജോയിന്റ് ഡയറക്ടർ(സ്റ്റാറ്റിസ്റ്റിക്‌സ്)കെ എസ് ശിവയ്യ പറഞ്ഞു. സംസ്ഥാനത്താകെയുള്ള 10,050 വിൽപനശാലകളിൽ 4,880 എണ്ണം മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നതെന്നും കൂടാതെ കുടിയേറ്റ തൊഴിലാളികളുടെ വൻതോതിലുള്ള മടക്കവും മദ്യവിൽപനയെ ബാധിച്ചിട്ടുണ്ടെന്ന് കെ എസ് ശിവയ്യ ചൂണ്ടിക്കാട്ടുന്നു.

ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ടിരുന്ന വിൽപനശാലകൾ പ്രവർത്തനം പുനരാരംഭിച്ചതിന്റെ ആദ്യ മൂന്നു ദിവസങ്ങളിൽ റെക്കോർഡ് വിൽപനയായിരുന്നു സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. എന്നാൽ വിലവർധനവോടെ വിൽപനയിൽ കുത്തനെയുള്ള ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് ആറിന് 232 കോടി രൂപയുടെ വിൽപനയാണ് രേഖപ്പെടുത്തിയതെങ്കിൽ മെയ് 20-ന് 61 കോടിയുടെ രൂപയായി വിൽപനയിൽ കുറവ് വന്നു. മെയ് ആറിന് 21 ശതമാനം മുതൽ 31 ശതമാനം വരെ മദ്യത്തിന് അധിക നികുതി സർക്കാർ ഏർപ്പെടുത്തിയതോടെ കുപ്പിക്ക് 50 രൂപ മുതൽ 1,000 രൂപ വരെ വിവിധയിനം മദ്യത്തിന്റെ വിലയിൽ വർധനവുണ്ടായി.

മെയ് ആറിന് 38 ലക്ഷം ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിറ്റഴിച്ചുവെങ്കിൽ മെയ് 20-ന് 25 ലക്ഷം ലിറ്റർ മാത്രമാണ് വിറ്റുപോയത്. അധിക വരുമാനം പ്രതീക്ഷിച്ചാണ് സർക്കാർ മദ്യത്തിന്റെ എക്‌സൈസ് തീരുവ വർധിപ്പിച്ചതെങ്കിലും വിൽപനയിലുണ്ടായ കുറവ് വരുമാനത്തിൽ തിരിച്ചടിയായതായി ചില മദ്യവിൽപനശാലകളുടെ ഉടമസ്ഥർ അഭിപ്രായപ്പെട്ടു. മദ്യവിൽപനയിൽനിന്ന് 1,900 കോടി രൂപയാണ് സർക്കാർ പ്രതീക്ഷിക്കുന്ന മാസവരുമാനം. എന്നാൽ മെയ് മാസത്തിൽ ഇതുവരെ 400 കോടി രൂപ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് 4 മുതൽ മെയ് 20 വരെ മദ്യവിൽപനയിൽ നിന്ന് ലഭിച്ചത് 900 കോടി രൂപയാണ്. മെയ് 31 വരെ 500 കോടി രൂപ കൂടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP