Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഈ കൊടുംക്രൂരത അവസാനിപ്പിക്കണം'; ശിക്ഷ കർശനമാക്കണം; മസിനഗുഡി സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അഭിഭാഷകന്റെ കത്ത്

'ഈ കൊടുംക്രൂരത അവസാനിപ്പിക്കണം'; ശിക്ഷ കർശനമാക്കണം; മസിനഗുഡി സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അഭിഭാഷകന്റെ കത്ത്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ മസിനഗുഡിയിൽ പെട്രോൾ ഒഴിച്ച് കത്തിച്ച തുണി എറിഞ്ഞതിനെ തുടർന്ന് കാട്ടാന ഗുരുതരമായി പൊള്ളലേറ്റ് ചരിഞ്ഞ സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയ്ക്ക് അഭിഭാഷകന്റെ കത്ത്.

'ഈ കൊടുംക്രൂരത അവസാനിപ്പിക്കണം', മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിലുള്ളതെന്നും വിശദമായ അന്വേഷണം വേണമെന്നും അഭിഭാഷകനായ മാത്യൂസ് ജെ.നെടുംപുര, ചീഫ് ജസ്റ്റിസിന് എഴുതിയ കത്തിൽ പറയുന്നു.

മൃഗങ്ങൾക്കെതിരായി നടക്കുന്ന വിവിധ തരത്തിലുള്ള അതിക്രമങ്ങളെക്കുറിച്ചു ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതേക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയും ശിക്ഷ കർശനമാക്കുകയും ചെയ്താൽ മാത്രമേ അതിക്രമങ്ങൾ നിയന്ത്രിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിലെ മസിനഗുഡിക്കടുത്താണ് രാത്രി ജനവാസ കേന്ദ്രത്തിലെ റിസോർട്ടിനു സമീപമെത്തിയ ആനയെ തുരത്താൻ പെട്രോളിൽ മുക്കിയ തുണി കത്തിച്ച് എറിഞ്ഞത്. തലയിൽ ആളിക്കത്തിയ തീയുമായി നിലവിളിച്ച് കാട്ടിലേക്കോടിയ ആന, പൊള്ളിയ ഭാഗം വൃണമായി ദിവസങ്ങളോളം നരകയാതന അനുഭവിച്ചു. വേദന കൂടുമ്പോൾ അടുത്തുള്ള ഡാമിൽ ഇറങ്ങി നിൽക്കുകയായിരുന്നു. വനംവകുപ്പ് ചികിത്സ നൽകിയെങ്കിലും ആന ചരിഞ്ഞു.

പെട്രോളിൽ മുക്കി കത്തിച്ച തുണി ചെവിയിൽ കുടുങ്ങി വെപ്രാളത്തോടെ ചിന്നംവിളിച്ചോടുന്ന ആനയുടെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നു മാഹനഹള്ളിയിലെ റിസോർട്ട് ഉടമ റെയ്മണ്ട് ഡീൻ (28), സഹായി പ്രശാന്ത് (36) എന്നിവരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ റിക്കുരായൻ ഒളിവിലാണ്. നീലഗിരി കലക്ടറുടെ ഉത്തരവിനെ തുടർന്നു മസിനഗുഡി പഞ്ചായത്ത് അധികൃതർ റിസോർട്ട് അടച്ചുപൂട്ടി.

മുതുമല വന്യജീവി സങ്കേതത്തിലെ മാഹനഹള്ളിയിൽ ചികിത്സിക്കാനായി മയക്കുവെടിവച്ചു പിടികൂടിയ കൊമ്പൻ ചരിഞ്ഞ സംഭവത്തിലാണ് അറസ്റ്റ് ഉണ്ടായത്. പൊള്ളലേറ്റ് ഇടതുചെവി അറ്റുവീണ് വേദന സഹിക്കാനാവാതെ രണ്ടാഴ്ചയിലേറെയായി കാട്ടിലൂടെ ചിന്നംവിളിച്ചലയുകയായിരുന്ന ആനയെ വനംവകുപ്പ് പിടികൂടി ചികിത്സയ്ക്കു കൊണ്ടു പോകുന്നതിനിടയിലായിരുന്നു അന്ത്യം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇടതുചെവി അറ്റു രക്തം വാർന്ന നിലയിൽ കണ്ട ആനയെ മസിനഗുഡി - സിങ്കാര റോഡിൽ വനംവകുപ്പ് മയക്കു വെടിവച്ചു തളച്ചത്. തുടർന്നു ചികിത്സയ്ക്കായി തെപ്പക്കാട് ആനപ്പന്തിയിലേക്ക് കൊണ്ടു വരുന്നതിനിടെ ചരിഞ്ഞു. ചെവിയുടെ ഭാഗത്ത് ആഴത്തിൽ പൊള്ളലേറ്റതായാണു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. അറ്റുപോയ ചെവിയുടെ ഭാഗം വഴിയരികിൽ കണ്ടെത്തി.

കാട്ടാനകളെ തുരത്താൻ തുണിയും മറ്റും കത്തിച്ചു തീ കൂട്ടുന്നത് വനാതിർത്തി ഗ്രാമങ്ങളിൽ പതിവാണ്. ഈ മാസം മൂന്നിനു രാത്രിയാണ് ആന റിസോർട്ടിനു സമീപമെത്തിയതും ആളുകൾ തുണി കത്തിച്ചെറിഞ്ഞതും. ആന തൊട്ടടുത്തുള്ള മരവകണ്ടി ഡാമിലെ വെള്ളത്തിൽ ഇറങ്ങി നിൽക്കുന്നതു നാട്ടുകാർ കണ്ടിരുന്നു. കടുത്ത വേദനയുണ്ടാകുമ്പോഴാണ് ആന വെള്ളത്തിലിറങ്ങുന്നത്. ഒരു മാസം മുൻപ് ഈ ആനയുടെ മുതുകിൽ പരുക്കേറ്റിരുന്നു.

മുമ്പ് കേരളത്തിൽ പടക്കം കടിച്ച് ആന ചരിഞ്ഞപ്പോഴും അഭിഭാഷകനായ മാത്യൂസ് ജെ.നെടുംപുര സുപ്രീംകോടതിയുടെ ഇടപെടൽ തേടിയിരുന്നു. അന്ന് കേന്ദ്രത്തിനു സുപ്രീംകോടതി ചില നിർദേശങ്ങൾ നൽകിയിരുന്നു. ഇത്തവണ തന്റെ കത്ത് പൊതു താൽപര്യ ഹർജിയായി പരിഗണിക്കണമെന്നാണ് അഡ്വ. മാത്യൂസ് ആവശ്യപ്പെട്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP