Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ഡൽഹി നിവാസിയായ അൻപത്തിയാറുകാരനിൽ നിന്ന് ഏഴ് കിലോ ഭാരമുള്ള വൃക്ക നീക്കം ചെയ്തു; ലോകത്തിലെ ഏറ്റവും വലുപ്പമുള്ള വൃക്കയെന്ന് ഡോക്ടർമാർ

ഡൽഹി നിവാസിയായ അൻപത്തിയാറുകാരനിൽ നിന്ന് ഏഴ് കിലോ ഭാരമുള്ള വൃക്ക നീക്കം ചെയ്തു; ലോകത്തിലെ ഏറ്റവും വലുപ്പമുള്ള വൃക്കയെന്ന് ഡോക്ടർമാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹി നിവാസിയായ അൻപത്തിയാറുകാരനിൽനിന്ന് ഏഴ് കിലോ 400 ഗ്രാം ഭാരമുള്ള വൃക്ക നീക്കം ചെയ്തു. ലോകത്തിലെ ഏറ്റവും വലുപ്പമുള്ള വൃക്കയെന്നാണ് ഡോക്ടർമാർ അഴകാശപ്പെടുന്നത്. നഗരത്തിലെ ഗംഗാറാം ആശുപത്രിയിൽ രണ്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വൃക്ക നീക്കിയത്. 32 സെന്റീമീറ്റർ നീളവും 21.8 സെന്റീമീറ്റർ വീതിയുമാണ് നീക്കിയ വൃക്കയ്ക്ക്.

രോഗിയുടെ അടിവയറിന്റെ ഭൂരിഭാഗം സ്ഥലവും വൃക്ക 'കൈയേറി'യിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോക്ടർ സച്ചിൻ കഠൗരിയ പറഞ്ഞു. ദ്രവംനിറഞ്ഞ മുഴകൾ വന്ന് വൃക്കകൾ വീർക്കുകയും തുടർന്ന് തകരാറാവുകയും ചെയ്യുന്ന രോഗമാണ് ഇദ്ദേഹത്തെ ബാധിച്ചിരുന്നത്. കടുത്ത വയറുവേദനയോടൊപ്പം പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. പരിശോധനയിൽ ആന്തരിക രക്തസ്രാവവും ഇടതുവൃക്കയിലെ മുഴകളിൽ അണുബാധയും കണ്ടെത്തി.

അതോടെ ശസ്ത്രക്രിയ നടത്തി വൃക്ക നീക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് ഡോ. കഠൗരിയ പറഞ്ഞു. സ്‌കാനിങ്ങിൽ വലിയ വൃക്കയാണെന്നു വ്യക്തമായിരുന്നെങ്കിലും ഇത്രയും വലുപ്പം പ്രതീക്ഷിച്ചിരുന്നില്ല. പാരമ്പര്യ രോഗമാണ് വൃക്കകളിൽ ദ്രവംനിറഞ്ഞ മുഴകൾ രൂപപ്പെടൽ. എഴുനൂറുപേരിൽ ഒരാൾക്ക് ഇതുണ്ടാകാറുണ്ട്. ലോകത്ത് ഇത്തരത്തിലുള്ള 1.25 കോടി രോഗികളുണ്ടെന്നാണ് കണക്ക്.

ആശുപത്രി വിട്ടെങ്കിലും ഡയാലിസിസിനു വിധേയനാകുന്ന രോഗിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 120-150 ഗ്രാം ഭാരമാണ് സാധാരണ വൃക്കയ്ക്കുണ്ടാവുക. ഇതുവരെ നീക്കംചെയ്തതിൽ ഏറ്റവും വലുപ്പമേറിയ വൃക്കയുടെ ഭാരം നാലേകാൽ കിലോഗ്രാം ആണ്. ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ച ആ വൃക്ക 2017-ലാണ് മാറ്റിയത്. എന്നാൽ, അതിലും ഭാരമുള്ളതാണ് തങ്ങൾ നീക്കിയതെന്നതിനാൽ ഗിന്നസ് റെക്കോഡിനായി അപേക്ഷിക്കുമെന്ന് ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP