Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങവേ കുരങ്ങൻ തട്ടിക്കൊണ്ടുപോയ പിഞ്ചുകുഞ്ഞ് മരിച്ച നിലയിൽ; 17 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത് വീട്ടിനടുത്തുള്ള കിണറ്റിൽ നിന്ന്; കുരങ്ങു ശല്യം രൂക്ഷമായതിൽ വൻ പ്രതിഷേധവുമായി നാട്ടുകാർ

അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങവേ കുരങ്ങൻ തട്ടിക്കൊണ്ടുപോയ പിഞ്ചുകുഞ്ഞ് മരിച്ച നിലയിൽ; 17 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത് വീട്ടിനടുത്തുള്ള കിണറ്റിൽ നിന്ന്; കുരങ്ങു ശല്യം രൂക്ഷമായതിൽ വൻ പ്രതിഷേധവുമായി നാട്ടുകാർ

ഭുവനേശ്വർ: അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങവെ കുരങ്ങൻ തട്ടിക്കൊണ്ടുപോയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വീട്ടിന് സമീപത്തെ കിണറ്റിൽ കണ്ടെത്തി. ഒഡിഷയിലെ കട്ടക്ക് ജില്ലയില്, തലാബസ്ത ഗ്രാമത്തിലാണ് കുരങ്ങൻ 17 ദിവസം മാത്രം പ്രായമുള്ള നവജാത ശിശിവിനെ തട്ടിക്കൊണ്ടുപോയ സംഭവം ഉണ്ടായത്.

അമ്മയ്‌ക്കൊപ്പം കൊതുകുവലയ്ക്ക് ഉള്ളിൽ കിടന്ന കുഞ്ഞിനെ പൊടുന്നനെ ചാടിവീണ കുരങ്ങൻ എടുത്ത് കടന്നുകളയുകയായിരുന്നു. സംഭവം കണ്ടെങ്കിലും അമ്മയ്ക്ക് പ്രതികരിക്കാൻപോലും ആയില്ല. കുട്ടിയെ കുരങ്ങ് എടുത്തോടുന്നതു കണ്ട അമ്മ നിലവിളിച്ച് ആളെ കൂട്ടി. നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്. ഇതേത്തുടർന്ന് കുഞ്ഞിനായി തിരച്ചിൽ നടത്തിവരികയായിരുന്നു.

ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. സംഭവം അറിഞ്ഞതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്‌നിശമന സേനാംഗങ്ങളും ചേർന്ന് പ്രദേശത്തെ കാടുമുഴുവൻ അരിച്ചുപെറുക്കി. വനംവകുപ്പിന്റെ 30 ജീവനക്കാര് മൂന്നു സംഘങ്ങളായി കാട്ടിൽ തിരച്ചിലിന് ഇറങ്ങിയെന്ന് ദമാപദ ഫോറസ്റ്റ് റേഞ്ച് ഓഫീസര് സംഗ്രം കേസരി മൊഹന്തി പറഞ്ഞു. പ്രദേശത്ത് ദിവസങ്ങൾക്ക് മുമ്പ് ഏതാനും ആളുകളെ കുരങ്ങുകൾ ആക്രമിച്ചിരുന്നു. പരാതി നല്കിയിട്ടും വനംവകുപ്പധികൃതർ അന്ന് നടപടിയെടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം കൂടി ഉണ്ടായതോടെ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കിണറിൽ കണ്ടത്. ഗ്രാമീണനായ രാമകൃഷ്ണ നായിക്കിന്റെ കുഞ്ഞിനെയാണ് നഷ്ടപ്പെട്ടത്. കുഞ്ഞുമായി ഓടുന്നതിനിടെ തന്നെ കുരങ്ങൻ കുഞ്ഞിനെ കിണറ്റിൽ ഇട്ടുകാണുമെന്നും അല്ലെങ്കിൽ കയ്യിൽ നിന്ന് വീണുപോയിക്കാണുമെന്നും ആണ് സംശയിക്കുന്നത്.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ തിരിച്ചുകിട്ടാൻ വേണ്ടി പിതാവ് സമീപത്തെ ക്ഷേത്രത്തിൽ ഇന്നലെ പ്രത്യേക പ്രാർത്ഥനയും നടത്തിയിരുന്നു. നായികിന്റെയും പത്‌നിയുടേയും കടിഞ്ഞൂൽ കുഞ്ഞിനെയാണ് നഷ്ടപ്പെട്ടത്. ജനിച്ച ശേഷം ഈ ആൺകുഞ്ഞ് കരഞ്ഞിരുന്നില്ല. ഇതിനാൽ സമീപത്തെ ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇത്രയും നാൾ. മൂന്നു ദിവസം മുമ്പാണ് കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP