Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

23 ദിവസത്തെ വാസത്തിനുശേഷം കനയ്യ കുമാർ ജയിൽ മോചിതനായി; ഹൈക്കോടതി വിധിന്യായത്തിൽ അഫ്‌സൽ ഗുരു അനുസ്മരണം നടത്തിയവർക്കു വിമർശനം

23 ദിവസത്തെ വാസത്തിനുശേഷം കനയ്യ കുമാർ ജയിൽ മോചിതനായി; ഹൈക്കോടതി വിധിന്യായത്തിൽ അഫ്‌സൽ ഗുരു അനുസ്മരണം നടത്തിയവർക്കു വിമർശനം

ന്യൂഡൽഹി: 23 ദിവസത്തെ ജയിൽവാസത്തിനുശേഷം ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ മോചിതനായി. രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടു തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന കനയ്യ കുമാർ കുറ്റക്കാരനെന്നു തെളിയിക്കുന്നതിൽ ഡൽഹി പൊലീസ് പരാജയപ്പെട്ടതോടെ കനയ്യക്കു ജാമ്യം ലഭിക്കുകയായിരുന്നു.

തീഹാർ ജയിലിൽ നിന്ന് വൈകിട്ടോടെയാണ് കനയ്യയെ വിട്ടയച്ചത്. കനയ്യ കുമാറിന് ഇന്നലെയാണ് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെ ആറ് മാസത്തേക്കാണ് ജാമ്യം. ജവഹർലാൽ നെഹ്‌റു സർവകലാശാല ക്യാമ്പസിൽ കനയ്യയ്ക്ക് വൻ സ്വീകരണമാണ് വിദ്യാർത്ഥികൾ ഒരുക്കിയിരിക്കുന്നത്.

അതിനിടെ, കനയ്യകുമാറിന് ക്ലീൻചിറ്റ് നൽകുന്ന ഡൽഹി സർക്കാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നു. ജെഎൻയുവിൽ നടന്ന അഫ്‌സൽ ഗുരു അനുസ്മരണ ചടങ്ങിൽ കനയ്യകുമാർ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് തെളിവുകളൊന്നുമില്ലെന്നും കനയ്യക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നും ഡൽഹി സർക്കാർ നിയമിച്ച മജിസ്റ്റീരിയൽ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.

അനുസ്മരണ പരിപാടിക്കിടെ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും കാമ്പസിനു പുറത്തുനിന്നുള്ളവരാണ് ഇത് മുഴക്കിയതെന്നാണ് കണ്ടെത്തൽ. കനയ്യകുമാറിനെ പ്രതിപ്പട്ടികയിൽ ചേർക്കാർ കഴിയുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങളോ ദൃക്‌സാക്ഷികളോ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉമർ ഖാലിദ് അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കി. അറസ്റ്റ് ചെയ്യപ്പെട്ട മറ്റ് വിദ്യാർത്ഥികളായ അനിർഭൻ ഭട്ടാചാര്യയും അശുതോഷ് കുമാറും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് തെളിവില്ല. എന്നാൽ ഉമർ മുദ്രാവാക്യം വിളിക്കാൻ സാധ്യതയുണ്ടെന്ന് ചില സെക്യൂരിറ്റി ജീവനക്കാർ മൊഴി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

കനയ്യ കുമാറിനു ജാമ്യം നൽകിയതോടൊപ്പം അഫ്‌സൽ ഗുരു അനുസ്മരണം നടത്തിയവരെ വിമർശിച്ചുമാണ് ഡൽഹി ഹൈക്കോടതിയുടെ വിധിന്യായം വന്നത്. അഫ്‌സൽ ഗുരു അനുസ്മരണം നടത്തിയവർ അതിർത്തിയിൽ ശ്വാസവായു പോലുമില്ലാതെ രക്ഷാദൗത്യത്തിലേർപ്പെട്ട സൈനികരെപ്പറ്റി ഓർക്കണമായിരുന്നെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

ഉപകാർ സിനിമയിലെ മേരി ദേശ് കീ ധർത്തീ എന്ന ഗാനത്തിലെ വരികളോടെയാണ് 23 പേജുള്ള ജസ്റ്റിസ് പ്രതിഭാറാണിയുടെ വിധിന്യായം ആരംഭിക്കുന്നത്. ജെഎൻയുവിൽ അഫ്‌സൽഗുരു അനുസ്മരണം സംഘടിപ്പിച്ചതിന്റെ ഫോട്ടോയും നോട്ടീസും ഉൾപ്പെടുത്തിയ വിധിന്യായത്തിൽ പരിപാടി സംഘടിപ്പിച്ചവരെ രൂക്ഷമായി വിമർശിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം എന്നത് അനിയന്ത്രിതമല്ല. സ്വാതന്ത്ര്യത്തോടൊപ്പം ഉത്തരവാദിത്വവും നിറവേറ്റണം. സർവകലാശാലയുടെ സുഖകരമായ അന്തരീക്ഷത്തിൽ ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങൾ വിളിക്കാൻ പാടില്ല. അതിർത്തിയിൽ ഓക്‌സിജൻ പോലും ഇല്ലാതെ കഴിയുന്ന അവരുടെ അവസ്ഥയിൽ ഒരുമണിക്കൂർ പോലും കഴിയാൻ വിദ്യാർത്ഥികൾക്കാവില്ല. ഇത്തരം മുദ്രാവാക്യങ്ങൾ വിളിക്കുന്ന വിദ്യാർത്ഥികൾ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ അപമാനിക്കുകയാണ്. വിദ്യാർത്ഥികളെ നേർവഴിക്കു നയിക്കുവാൻ ജെഎൻയുവിലെ അദ്ധ്യാപകർ തയ്യാറാകണമെന്നും ഹൈക്കോടതി വിധിന്യായത്തിൽ പറയുന്നുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP