Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐഎസ്ആർഒ ചെയർമാൻ കെ രാധാകൃഷ്ണൻ വിരമിച്ചു; പടിയിറങ്ങുന്നത് മംഗൾയാനുൾപ്പെടെയുള്ള ബഹിരാകാശ പദ്ധതികളുടെ വിജയത്തിനുശേഷം

ഐഎസ്ആർഒ ചെയർമാൻ കെ രാധാകൃഷ്ണൻ വിരമിച്ചു; പടിയിറങ്ങുന്നത് മംഗൾയാനുൾപ്പെടെയുള്ള ബഹിരാകാശ പദ്ധതികളുടെ വിജയത്തിനുശേഷം

ബംഗളൂരു: ഐഎസ്ആർഒ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ വിരമിച്ചു. കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ഭൗമശാസ്ത്ര വിഭാഗം സെക്രട്ടറി ഡോ. ശൈലേഷ് നായിക്കിന് പകരം ചുമതല നൽകിയിട്ടുണ്ട്.

മംഗൾയാൻ, ജിഎസ്എൽവി എംകെ 3 തുടങ്ങിയ രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികളുടെ വിജയത്തിന് ശേഷമാണ് കെ രാധാകൃഷ്ണന്റെ പടിയിറക്കം. കഴിഞ്ഞ ഓഗസ്റ്റിൽ രാധാകൃഷ്ണന്റെ കാലാവധി പൂർത്തിയായിരുന്നു. എന്നാൽ, അദ്ദേഹത്തിന് കേന്ദ്ര സർക്കാർ നാലുമാസം കൂടി നീട്ടി നൽകുകയായിരുന്നു. കെ രാധാകൃഷ്ണനെ ഉരുക്കു മനുഷ്യൻ എന്നാണ് ഐഎസ്ആർഒ വിശേഷിപ്പിച്ചത്.

ചന്ദ്രയാനുമായുള്ള പിഎസ്എൽവി സി 08 വിക്ഷേപണമടക്കം ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ നിർണായക പങ്കുവഹിച്ച ഐഎസ്ആർഒ തലവനാണ് രാധാകൃഷ്ണൻ. ബഹിരാകാശ ദൗത്യത്തിന്റെ മുൻ നിരയിൽ അദ്ദേഹം എത്തുന്നത് 2009 നവംബറിലാണ്. വിജയകരമായ 12 പിഎസ്എൽവി വിക്ഷേപണം, തദ്ദേശീയമായി വികസിപ്പിച്ച ക്രെയോജനിക് ജിഎസ്എൽവി, ചൊവ്വാ ദൗത്യമായ മംഗൾയാൻ, ആറ് ഇൻസാറ്റ്, ജീസാറ്റ് ഉപഗ്രഹങ്ങൾ, മൂന്ന് നാവിഗേഷൻ ഉപഗ്രഹങ്ങൾ, ആറ് ഗതിനിർണയ ഉപഗ്രഹങ്ങൾ എന്നിവ ഇന്ത്യയുടെ അഭിമാനമുയർത്തിയപ്പോൾ രാധാകൃഷ്ണനും ആ വിജയങ്ങൾ സമ്മാനിക്കുന്നതിൽ മുഖ്യ പങ്കാളിയായി.

ഐഎസ്ആർഒയുടെ മേധാവിയാകുന്ന മൂന്നാമത്തെ മലയാളിയാണ് രാധാകൃഷ്ണൻ. രാധാകൃഷ്ണൻ തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശ്ശൂർ എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. 1970ൽ കേരള സർവകലാശാലയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും 1976ൽ ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽനിന്ന് പി.ജി.ഡി.എം. ബിരുദവും സ്വന്തമാക്കി. ഖരഗ്പുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്നാണ് ഡോക്ടറേറ്റ് നേടിയത്. 'ഇന്ത്യൻ ഭൗമനിരീക്ഷണ സംവിധാനം കൈകാര്യം ചെയ്യുന്നതിനുള്ള ചില സങ്കേതങ്ങൾ' എന്നതായിരുന്നു വിഷയം.

1971ൽ ഏവിയോണിക്‌സ് എൻജിനീയറായി ഐഎസ്ആർഒയിൽ എത്തിയ ഡോ. രാധാകൃഷ്ണന് നാല്പത് വർഷത്തെ സേവനപാരമ്പര്യമുണ്ട്. 2007 ഡിസംബർ നാലിന് വി എസ്.എസ്.സി. ഡയറക്ടറായി നിയമിതനായി. ഇതിനുമുമ്പ് റീജ്യണൽ റിമോട്ട് സെൻസിങ് സെന്റർ ഡയറക്ടർ, ഐഎസ്ആർഒയുടെ ബജറ്റ് ആൻഡ് ഇക്കണോമിക്‌സ് മാനേജ്‌മെന്റ് അനാലിസിസ് ഡയറക്ടർ തുടങ്ങിയ പദവികളും വഹിച്ചു. അന്താരാഷ്ട്രതലത്തിൽ 'യുനെസ്‌കോ'യുടെ ഇന്റർ ഗവൺമെന്റൽ ഓഷ്യാനോഗ്രാഫിക് കമ്മീഷൻ വൈസ് ചെയർമാൻ, ഇന്ത്യൻ ഓഷ്യൻ ഗ്ലോബൽ ഓഷ്യൻ ഒബ്‌സർവിങ് സിസ്റ്റം സ്ഥാപക ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളും ഡോ. രാധാകൃഷ്ണൻ വഹിച്ചിട്ടുണ്ട്. 2014ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP