Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിവിടെ വിൽക്കണ്ട; ജോൺസൺ ആൻഡ് ജോൺസൺ ബേബി ഷാംപുവിന്റെ വിൽപ്പന അടിയന്തരമായി നിർത്തിവെയ്ക്കാൻ ദേശീയ ബാലാവകാശ കമ്മീഷൻ ഉത്തരവ്; രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും സ്റ്റോക്കുകൾ പിൻവലിക്കാൻ നിർദ്ദേശം; ക്യാൻസറിനു കാരണമാകുന്ന ഫോർമൽഡിഹൈഡ് എന്ന പദാർത്ഥം കണ്ടെത്തിയെന്ന് വിവരം

അതിവിടെ വിൽക്കണ്ട; ജോൺസൺ ആൻഡ് ജോൺസൺ ബേബി ഷാംപുവിന്റെ വിൽപ്പന അടിയന്തരമായി നിർത്തിവെയ്ക്കാൻ ദേശീയ ബാലാവകാശ കമ്മീഷൻ ഉത്തരവ്; രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും സ്റ്റോക്കുകൾ പിൻവലിക്കാൻ നിർദ്ദേശം; ക്യാൻസറിനു കാരണമാകുന്ന ഫോർമൽഡിഹൈഡ് എന്ന പദാർത്ഥം കണ്ടെത്തിയെന്ന് വിവരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജോൺസൺ ആൻഡ് ജോൺസൺ ബേബി ഷാംപുവിന്റെ വിൽപ്പന അടിയന്തരമായി നിർത്തിവെക്കാൻ എല്ലാ സംസ്ഥാനങ്ങളോടും ദേശീയ ബാലാവകാശ കമ്മീഷൻ നിർദ്ദേശം. ഷാംപുവിൽ കുഞ്ഞുങ്ങളിൽ അർബുദത്തിന് കാരണമാകുന്ന വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നിലവിൽ കടകളിലുള്ള ജോൺസൺ ആൻഡ് ജോൺസൺ ബേബി ഷാംപുവിന്റെ സ്റ്റോക്കുകൾ പിൻവലിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും ദേശീയ ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.

ക്യാൻസറിനു കാരണമാകുന്ന ഫോർമൽഡിഹൈഡ് എന്ന പദാർത്ഥമാണ് ബേബി ഷാംപുവിൽ കണ്ടെത്തിയതായി റിപ്പോർട്ട് വന്നിരിക്കുന്നത്. ബിൽഡിങ് നിർമ്മാണത്തിനുപയോഗിക്കുന്ന പദാർത്ഥമാണിത്. 2020 സെപ്റ്റംബർ വരെ കാലാവധിയുള്ള രണ്ട് ബാച്ചുകളിൽപെട്ട ബേബി ഷാംപൂവാണ് പരിശോധനക്ക് വിധേയമാക്കിയത്. കമ്പനിയുടെ ഹിമാചൽ പ്രദേശിലെ പ്ലാന്റിലായിരുന്നു ഇത് ഉത്പാദിപ്പിച്ചത്.

പരിശോധനയുടെ ഭാഗമായി രാജ്യത്തെ അഞ്ച് മേഖലകളിൽ നിന്നും എൻ.സി.പി.സി.ആർ ജോൺസൺ ആൻഡ് ജോൺസന്റെ ബേബി ഷാംപുവിന്റെയും പൗഡറിന്റേയും സാമ്പിളുകൾ ശേഖരിച്ചിരുന്നു. ദക്ഷിണേന്ത്യയിൽ ആന്ധ്രപ്രദേശിൽ നിന്നും കിഴക്ക് ഝാർഖണ്ഡിൽ നിന്നും പടിഞ്ഞാറ് രാജസ്ഥാനിൽ നിന്നും മധ്യ ഇന്ത്യയിൽ മധ്യപ്രദേശിൽ നിന്നുമാണ് സാമ്പിളുകളെടുത്തത്. ഇതിൽ രാജസ്ഥാനിൽ നിന്നെടുത്ത സാമ്പിളുകളിലാണ് അർബുദകാരണമായ ഫോർമാൽഡിഹൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ കമ്പനിക്കെതിരെ ദേശീയ ബാലാവകാശകമ്മീഷൻ കർശന നടപടിയെടുക്കുകയായിരുന്നു.

അതേസമയം സർക്കാറിന്റെ താൽക്കാലിക പരിശോധനകളെയും ഫലങ്ങളെ അംഗീകരിക്കുന്നില്ലെന്നാണ് ജോൺസൺ ആൻഡ് ജോൺസണിന്റെ പ്രതികരണം. ഉൽപ്പന്നം പരിശോധിക്കാൻ ഉപയോഗിക്കുന്ന രീതികളിൽ വന്ന അപാകതയാണ് ഇത്തരമൊരു ഫലത്തിനു കാരണമെന്നും സെൻട്രൽ ഡ്രഗ് ലബോറട്ടറിയുടെ പുനഃപരിശോധന ഫലത്തിനായി കാത്തിരിക്കുന്നുവെന്നും കമ്പനി അറിയിച്ചു. അതിനു പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ കടുത്ത നടപടിയുമായി രംഗത്തെത്തിയത്.

അതേസമയം യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോൺസൺ ആൻഡ് ജോൺസന്റെ ബേബി ഷാംപൂവിൽ ആരോഗ്യത്തിന് ഹാനികരമായ പദാർഥമുണ്ടെന്ന് നേരത്തെ രാജസ്ഥാൻ ഡ്രഗ് കൺട്രോളർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് വിപണിയിലുള്ള ബേബി ഷാംപൂവിന്റെ മുഴുവൻ സ്റ്റോക്കുകളും പിൻവലിക്കാൻ ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷൻ നിർദ്ദേശവും നൽകിയിരുന്നു. അതുപോലെതന്നെ കമ്പനിയുടെ പൗഡറിൽ ക്യാസറിനു കാരണമാകുന്ന അസബാറ്റോസ് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേതുടർന്ന് നിർത്തിവച്ച ബേബി പൗഡർ കഴിഞ്ഞ ഫെബ്രുവരിയാണ് വീണ്ടും വിപണിയിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP