Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജെറ്റ് എയർവേസിന്റെ ലേലത്തിനായുള്ള ബിഡ് തീയതി നീട്ടിയത് ഓഹരികൾ വാങ്ങാൻ ആളെത്താത്തതിനെ തുടർന്ന്; കടക്കെണിയിൽ പ്രവർത്തനം അവസാനിപ്പിച്ച വിമാന കമ്പനിയുടെ ലേലത്തിൽ പങ്കെടുക്കാൻ ഓഗസ്റ്റ് പത്ത് വരെ അപേക്ഷിക്കാം

ജെറ്റ് എയർവേസിന്റെ ലേലത്തിനായുള്ള ബിഡ് തീയതി നീട്ടിയത് ഓഹരികൾ വാങ്ങാൻ ആളെത്താത്തതിനെ തുടർന്ന്; കടക്കെണിയിൽ പ്രവർത്തനം അവസാനിപ്പിച്ച വിമാന കമ്പനിയുടെ ലേലത്തിൽ പങ്കെടുക്കാൻ ഓഗസ്റ്റ് പത്ത് വരെ അപേക്ഷിക്കാം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഓഹരികൾ വാങ്ങാൻ ആളെത്താത്തതിനെ തുടർന്ന് ജെറ്റ് എയർവേസിന്റെ ലേലത്തിനായുള്ള ബിഡ് തീയതി നീട്ടി. ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് മൂന്നായിരുന്നു. ഓഗസ്റ്റ് മൂന്ന് വരെയും അപേക്ഷകർ ആരും എത്താത്തതുകൊണ്ടാണ് തീയതി നീട്ടാൻ തീരുമാനിച്ചത്.

പുതുക്കിയ തീയതി പ്രകാരം ഓഗസ്റ്റ് 10 വരെ ജെറ്റ് എയർവേസിനായി ബിഡ് സമർപ്പിക്കാം. ജെറ്റ് എയർവേസ് വായ്പദാതാക്കൾക്ക് നൽകാനുള്ള കിട്ടാക്കടം ഈടാക്കാനാണ് വിമാനക്കമ്പനിയുടെ ഓഹരികൾ ലേലത്തിലൂടെ വിൽക്കുന്നത്. പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവേസ് ബാങ്കുകൾക്ക് നൽകാനുള്ളത് ഏകദേശം 11,000 കോടി രൂപയോളമാണ്.

25 കൊല്ലത്തെ സേവന പാരമ്പര്യമാണ് ജെറ്റ് എയർവെയ്സിനുള്ളത്. 1993 ലാണ് ജെറ്റ് എയർവേസ് വിമാന കമ്പനി സ്ഥാപിക്കുന്നത്. 124 വിമാനങ്ങളുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായിരുന്നു കഴിഞ്ഞ ജനുവരി വരെ ജെറ്റ് എയർവേസ്. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും ലാഭത്തിലും മുൻപന്തിയിലും പ്രവർത്തിച്ചിരുന്ന ജെറ്റ് എയർവേസ് അടുത്തിടെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. അറ്റകുറ്റ പണികൾക്കായി 24 വിമാനങ്ങൾ സർവീസിൽ നിന്ന് പിൻവലിച്ചതിന് പിന്നാലെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതോടെ കടം വർധിക്കുകയും ജീവനക്കാരുടെ ശമ്പള വിതരണം ഉൾപ്പെടെ മുടങ്ങുകയുമായിരുന്നു. നിലവിൽ 100 കോടി ഡോളറിന്റെ കടമാണ് ജെറ്റ് എയർവേസിനുള്ളത്.

നരേഷ് ഗോയൽ (69) എന്ന പഞ്ചാബ് സ്വദേശിയാണ് ജെറ്റ് എയർവെയ്സ് എന്ന കമ്പനിയുടെ തുടക്കകാരൻ. തന്റെ അമ്മാവൻ സേത് ചരൺദാസിന്റെ ട്രാവൽ ഏജൻസിയുടെ കാഷ് കൗണ്ടറിലെ ജീവനക്കാരനായാണ് നരേഷ് ഗോയലിന്റെ തുടക്കം. 1967ൽ തന്റെ 18മത്തെ വയസ്സിൽ 300 രൂപ ശമ്പളക്കാരനായി തുടങ്ങിയ ഈ ജീവിതം 2005ലെത്തിയപ്പോൾ 1.9 ബില്യൺ ഡോളറിന്റെ ആസ്തിയിലേക്കുയർന്നു. ഡിഗ്രി പഠനം കഴിഞ്ഞയുടനെ ലബനീസ് ഇന്റർനാഷണൽ എയർലൈൻസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു തുടങ്ങി. എയർലൈൻസ് ബിസിനസ്സ് പാഠങ്ങൾ ഇവിടെ നിന്നാണ് ഗോയൽ പഠിക്കുന്നത്.

ജോലിയിൽ പ്രവേശിച്ച 1967 മുതൽ 1974 വരെയുള്ള കാലയളവിൽ നിരവധി ബിസിനസ് യാത്രകളിൽ അദ്ദേഹം ഏർപ്പെട്ടു. ബിസിനസ്സ് പാഠങ്ങളും സാങ്കേതിക പാഠങ്ങൾ അനുഭവങ്ങളിലൂടെ സ്വായത്തമാക്കി. 1974ൽ ജെറ്റ്എയർ എന്ന പേരിൽ ഒരു കമ്പനിക്ക് തുടക്കമിട്ടു. ഇന്ത്യയിൽ ബിസിനസ് നടത്തുന്ന വിദേശ വിമാനക്കമ്പനികൾക്ക് മാർക്കറ്റിങ്, വിൽപന എന്നീ മേഖലകളിൽ സഹായം നൽകുകയായിരുന്നു ഈ സ്ഥാപനത്തിന്റെ ബിസിനസ്സ്. 1993 മെയ് 5ന് അന്നത്തെ സാമ്പത്തികരംഗത്തിന്റെ അനുകൂല സാഹചര്യങ്ങൾ മനസ്സിലാക്കി ഗോയൽ ജെറ്റ് എയർവേയ്സ് എന്ന കമ്പനി സ്ഥാപിച്ചു. അന്നത്തെ സാഹചര്യത്തിൽ ഒരു 'എയർ ടാക്സി' കമ്പനിയായിട്ടായിരുന്നു തുടക്കം.

കഴിഞ്ഞ ഏപ്രിലിലാണ് വിമാന കമ്പനി സർവീസുകൾ അവസാനിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ജെറ്റ് എയർവെയ്‌സ് അന്താരാഷ്ട്ര- ആഭ്യന്തര വിമാന സർവീസുകൾ നിർത്തിയത്. കടക്കെണിയാണ് ജെറ്റ് എയർവെയ്സിനെ ഗുരുതര പ്രതിസന്ധിയിലെത്തിച്ചത്. അടിയന്തിര പ്രശ്നപരിഹാരത്തിനായി 400 കോടി രൂപ സമാഹരിക്കാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. വായ്പയിലുടെ പണം സമാഹരിക്കാനുള്ള കമ്പനിയുടെ ശ്രമം വിജയിച്ചില്ല. പ്രതിസന്ധിയെ തുടർന്ന് രാജ്യാന്തര സർവ്വീസുകൾ ജെറ്റ് എയർവേസ് നേരത്തേ നിർത്തി വച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP