Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുപ്രീംകോടതി നോ പറഞ്ഞിട്ടും സമ്മതിക്കാതെ തമിഴർ; ജെല്ലിക്കെട്ടിന് വേണ്ടി സംസ്ഥാന വ്യാപകമായി പ്രക്ഷോഭം; താര ദൈവങ്ങളും ജനങ്ങൾക്കൊപ്പം; പ്രധാനമന്ത്രിയുടെ ഇടപെടൽ കാത്ത് തമിഴ്‌നാട്; കാവേരിയിൽ തോറ്റ പരമോന്നത നീതി പീഠത്തിന് മറ്റൊരു കീഴടങ്ങൽ കൂടി വേണ്ടി വരുമോ?

സുപ്രീംകോടതി നോ പറഞ്ഞിട്ടും സമ്മതിക്കാതെ തമിഴർ; ജെല്ലിക്കെട്ടിന് വേണ്ടി സംസ്ഥാന വ്യാപകമായി പ്രക്ഷോഭം; താര ദൈവങ്ങളും ജനങ്ങൾക്കൊപ്പം; പ്രധാനമന്ത്രിയുടെ ഇടപെടൽ കാത്ത് തമിഴ്‌നാട്; കാവേരിയിൽ തോറ്റ പരമോന്നത നീതി പീഠത്തിന് മറ്റൊരു കീഴടങ്ങൽ കൂടി വേണ്ടി വരുമോ?

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് യുവജന-വിദ്യാർത്ഥി പ്രക്ഷോഭത്തിന് തമിഴകം സാക്ഷ്യയാകുന്നു. മറീനയിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് വിദ്യാർത്ഥി പ്രക്ഷോഭകരെ പിരിച്ചുവിടാൻ തമിഴ്‌നാട് പൊലീസ് രാത്രി വൈകി ലാത്തിച്ചാർജ് നടത്തി. ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധി മറികടക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കാത്ത കേന്ദ്രത്തിനെതിരെയാണ് പ്രധാന സമരക്കാരുടെ രോഷം. അതിനിടെ പ്രധാനമന്ത്രിയെ കണ്ട് സ്ഥിതി ഗതികൾ വിശദീകരിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി പനീർസെൽവം തീരുമാനിച്ചിട്ടുണ്ട്. മോദിയുമായി ഇന്ന് കാരണം.

തമിഴ്‌നാടും കർണ്ണാടകയും തമ്മിലെ കാവേരി നദീജലതർക്കത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനായിരുന്നില്ല. ഇതിന് സമാനമായ സ്ഥിതിയിലേക്ക് ജെല്ലിക്കെട്ട് പ്രക്ഷോഭവും എത്തുകയാണ്. തമിഴരുടെ വികാരം മാനിച്ച് പ്രധാനമന്ത്രി അടിയന്തര ഇടപെടൽ നടത്തുമെന്നാണ് സൂചന. ജെല്ലിക്കെട്ടിൽ പൊലീസ് ഇടപെടൽ ശക്തമായാൽ ഇത് സംസ്ഥാന സർക്കാറിനെതിരായ പ്രക്ഷോഭമായി വളരും. അതിനാൽ തന്ത്രപരമായ സമീപനം സ്വീകരിക്കാനാണ് പൊലീസിന് നിർദ്ദേശം നൽകിയത്. മറീന ബീച്ചിലെ പൊലീസ് ഇടപെടൽ തൽസമയം റിപ്പോർട്ട് ചെയ്ത ചാനലുകൾ സംസ്ഥാന സർക്കാറിന്റെ രഹസ്യ ഇടപെടലിനത്തെുടർന്ന് ഇത് അവസാനിപ്പിച്ചു. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെ കൊണ്ട് ഓർഡിനൻസ് പുറപ്പെടുവിക്കാനാണ് നീക്കം. തമിഴ് സൂപ്പർ താരങ്ങളും ഈ വിഷയത്തിൽ ജനങ്ങൾക്കൊപ്പമാണ്.

സമരത്തെ തണുപ്പിക്കാൻ ചെന്നൈ ജില്ലയിലെ 31 കോളജുകൾക്കു ജില്ലാ കലക്ടർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ലോ കോളജുകൾക്ക് രണ്ട് ദിവസവും അവധി നൽകിയിട്ടുണ്ട്. അതേസമയം തമിഴ് സംസ്‌കൃതിയുടെ ഭാഗമായ ജെല്ലിക്കെട്ട് വീണ്ടെടുക്കാൻ തങ്ങൾ നടത്തുന്നത് അറബ് വസന്തത്തിന് തുല്യമായ സമരമാണെന്ന് സമൂഹമാദ്ധ്യമ കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന ജെഗർ പ്രഭാകർ പറഞ്ഞു. രാഷ്ട്രീയ രംഗത്തേക്കില്ലെന്നും ജെല്ലിക്കെട്ടുപോലുള്ള ഉത്സവ ആഘോഷങ്ങൾ നിരോധിക്കുന്നത് ശരിയല്ലെന്നും നടൻ സൂര്യയും വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ സിങ്കം 3ന്റെ റിലീസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ സമ്മേളനത്തിലാണ് സൂര്യ ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയ വിവാദങ്ങളോട് പ്രതികരിക്കാനില്ല. രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും സൂര്യ പറഞ്ഞു. ജെല്ലിക്കെട്ട് ഇപ്പോൾ ജനകീയ കോടതിയിലാണ്. ആഘോഷങ്ങൾ ജനങ്ങൾക്കുവേണ്ടി, ജനങ്ങളാൽ ഉള്ളതാണ്. അത് നിരോധിക്കണമെന്ന് പറയുന്നത് കോപ്പിയടി നടക്കുന്നതിനാൽ പരീക്ഷ നിരോധിക്കണം എന്നു പറയുന്നതുപോലെയാണെന്നും സൂര്യ പറഞ്ഞു.

തമിഴ്‌നാട്ടിൽ ഉടനീളം യുവജനങ്ങൾ ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ നടത്തുന്ന പ്രതിഷേധം തലസ്ഥാനമായ ചെന്നൈയിലേക്കും പടർന്നതാണ് സർക്കാരിനെ പ്രതിസന്ധിയിലാകുന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് മറീന ബീച്ചിൽ തുടരുന്ന പ്രക്ഷോഭത്തിൽ അണിചേർന്നത്. മധുരയിൽ ജെല്ലിക്കെട്ട് പ്രക്ഷോഭം നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് പ്രതിഷേധം ശക്തമായത്. അതിനിടെ നാമക്കൽ ജില്ലയിൽ അഭിഭാഷകർ കോടതി ബഹിഷ്‌കരിച്ച് സമരത്തിൽ അണിനിരന്നു. തമിഴ് സംസ്‌കാരത്തിന്റെ ഭാഗമായ ജെല്ലിക്കെട്ട് നടത്താൻ അനുവദിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. തിരുച്ചിറപ്പള്ളി, സേലം, കൃഷ്ണഗിരി, വെല്ലൂർ, കോയമ്പത്തൂർ, മധുര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്.

അതേസമയം തമിഴ് സിനിമ മേഖലയിലെ പ്രമുഖരും ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു. കമൽഹാസൻ, വിജയ് ഉൾപ്പടെയുള്ള മുതിർന്ന നടന്മാരും ജെല്ലിക്കെട്ടിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നാലുവർഷം മുൻപു യുപിഎ സർക്കാരാണ് ജെല്ലിക്കെട്ട് നിരോധിച്ചത്. അന്ന് ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും കോടതിയുടെ മാർഗനിർദേശ പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളോടെ ജെല്ലിക്കെട്ട് നടത്തുകയുമായിരുന്നു. പിന്നീട് 2014ൽ പെറ്റയുടെ ഹർജി പരിഗണിച്ച സുപ്രീം കോടതി സ്ഥിരമായി നിരോധനം ഏർപ്പെടുത്തുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP