Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുപ്രീം കോടതി ഉത്തരവ് ലംഘിക്കാൻ മുഖ്യമന്ത്രി തന്നെ ഇന്ന് നേരിട്ടിറങ്ങും; മന്ത്രിമാരും താരങ്ങളും പിന്നാലെയും: തമിഴ്‌നാട് ഒറ്റക്കെട്ടായി രംഗത്തിറങ്ങിയപ്പോൾ ലജ്ജിച്ചു തലതാഴ്‌ത്തുന്നത് ഇന്ത്യൻ ജനാധിപത്യം

സുപ്രീം കോടതി ഉത്തരവ് ലംഘിക്കാൻ മുഖ്യമന്ത്രി തന്നെ ഇന്ന് നേരിട്ടിറങ്ങും; മന്ത്രിമാരും താരങ്ങളും പിന്നാലെയും: തമിഴ്‌നാട് ഒറ്റക്കെട്ടായി രംഗത്തിറങ്ങിയപ്പോൾ ലജ്ജിച്ചു തലതാഴ്‌ത്തുന്നത് ഇന്ത്യൻ ജനാധിപത്യം

ചെന്നൈ: തമിഴ്‌നാട് ജനത എന്തുകൊണ്ടാണ് വ്യത്യസ്തരാകുന്നത് എന്നറിയാൻ ഇന്ന് മധുരയിൽ പോകണം. തങ്ങളുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായ ജെല്ലിക്കെട്ട് മഹോത്സവത്തിന് സുപ്രിംകോടതി ഉത്തരവ് വിലങ്ങുതടിയായപ്പോൾ തെരുവിൽ ഇറങ്ങി കാര്യം നേടിയ തമിഴ് ജനതയുടെ ഇച്ഛാശക്തിയാണ് പുറത്തുവരുന്നത്. നിയമവിരുദ്ധമാണ് ഓർഡിനൻസ് എന്ന അഭിപ്രായം ഉയരുമ്പോൾ തന്നെ നിയമലംഘനത്തിനായി തമിഴ്‌നാട് മുഖ്യമന്ത്രി നേരിട്ട് ഇന്ന് രംഗത്തിറങ്ങും. ഒ പനീർശെൽവം മധുരയിൽ എത്തിക്കഴിഞ്ഞു. സിനിമാതാരങ്ങളും മന്ത്രിമാരും പങ്കെടുക്കുന്നതോടെ ജനമനസ്സിന്റെ ആവശ്യം തന്നെയാണ് വിജയം കാണുന്നത്.

വിദ്യാർത്ഥി യുവജന കൂട്ടായ്മ നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായി ജല്ലിക്കെട്ട് നടത്താൻ തമിഴ്‌നാട് സർക്കാർ ഇന്നലെയാണ് പ്രത്യേക ഓർഡിനൻസ് ഇറക്കി. ഗവർണർ വിദ്യാസാഗർ റാവുവാണ് ഓർഡിനൻസിറക്കിയത്. മധുരയിൽ അളങ്കാനല്ലൂരിൽ മുഖ്യമന്ത്രി ഒ. പനീർശെൽവം ഞായറാഴ്ച രാവിലെ 11ന് ജെല്ലിക്കെട്ട് മത്സരം ഉദ്ഘാടനം ചെയ്യും. അതോടൊപ്പം ശിവഗംഗ, രാമനാഥപുരം, നാഗപട്ടണം തുടങ്ങിയ എല്ലാവർഷവും ജല്ലിക്കെട്ട് നടത്തുന്ന ജില്ലകളിൽ മന്ത്രിമാരും ജല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യും. മധുരയിൽ വിവിധസ്ഥലങ്ങളിൽ ജല്ലിക്കെട്ടിൽ പങ്കെടുക്കുന്നതിനായി 350 കാളകളെ സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം കേന്ദ്രസർക്കാർ ജല്ലിക്കെട്ട് നടത്താനായി 1960ലെ വന്യജീവിസംരക്ഷണ നിയമത്തിൽ ഭേദഗതി നടത്തുന്നതുവരെ സമരകേന്ദ്രമായ മറീനയിലും സംസ്ഥാനത്തെ മറ്റിടങ്ങളിലും സമരം തുടരുമെന്ന് വിദ്യാർത്ഥിയുവജന കൂട്ടായ്മ അറിയിച്ചു. എന്നാൽ വിദ്യാർത്ഥികളും യുവാക്കളും പൊതുജനങ്ങളുംചേർന്ന് ജല്ലിക്കെട്ട് വൻ വിജയമാക്കിമാറ്റണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. 1960ലെ മൃഗസംരക്ഷണ നിയമം ഭേദഗതിചെയ്യാൻ രാഷ്ട്രപതി പ്രണബ് മുഖർജി അനുമതിനൽകി. നിയമം ഭേദഗതിചെയ്യാനുള്ള ഓർഡിനൻസിന് ഗവർണർ അനുമതി നൽകുകയും ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ഓർഡിനൻസ് നിയമമാക്കിമാറ്റുന്നതിലൂടെ ജല്ലിക്കെട്ട് നടത്താനുള്ള എല്ലാ തടസ്സങ്ങളും മാറിക്കിട്ടും മുഖ്യമന്ത്രി പറഞ്ഞു. മറീനയിൽ തുടരുന്ന സമരത്തിൽ ശനിയാഴ്ചയും രണ്ടു ലക്ഷത്തോളം പേർ പങ്കെടുത്തു. മറീനയിൽ അഞ്ചുദിവസമായി ജനങ്ങളുടെ സാധാരണജീവിതത്തെ ബാധിക്കാത്തരീതിയിൽ സമരംനടത്തിയ വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. തമിഴ്‌നാട് സർക്കാരിന്റെ നീക്കങ്ങൾക്കു രാഷ്ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാരും പൂർണ പിന്തുണ നൽകിയതോടെയാണ് ജെല്ലിക്കെട്ടിന് അനുമതിയായത്. വെള്ളിയാഴ്ച വൈകുന്നേരം കേന്ദ്രത്തിലേക്ക് അയച്ച ഓർഡിനൻസിന് 24 മണിക്കൂറിനകം മൂന്ന് മന്ത്രാലയങ്ങളുടെ അംഗീകാരവും രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചു.

മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത ചെറുക്കാനുള്ള കേന്ദ്രനിയമത്തിൽ (1968), വിനോദത്തിനു വേണ്ടി പ്രദർശിപ്പിക്കാൻ പാടില്ലാത്ത മൃഗങ്ങളുടെ പട്ടികയിൽ നിന്നു കാളയെ ഒഴിവാക്കുന്ന ഭേദഗതിയാണു സംസ്ഥാനം കൊണ്ടുവന്നത്. ഈ ഓർഡിനൻസിനു പകരമുള്ള ബില്ലിനു നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനം അംഗീകാരം നൽകും. ഓർഡിനൻസിന്റെ നിയമസാധുത സുപ്രീം കോടതിയിൽ ചോദ്യംചെയ്യപ്പെടാൻ സാധ്യതയുണ്ട്. ഇതു മുന്നിൽക്കണ്ടാണു കോടതി അവധിദിനമായ ഇന്നുതന്നെ ജെല്ലിക്കെട്ടു നടത്തുന്നത്. പരാതികൾ നാളെ കോടതിയിലെത്തുമ്പോഴേക്കും തമിഴകം ജെല്ലിക്കെട്ട് ആഘോഷിച്ചതിന്റെ ആലസ്യത്തിലാകും. മധുരയിലെ അളകാനെല്ലൂർ, പാലമേട്, ആവണിയാപുരം എന്നീ പ്രമുഖ കേന്ദ്രങ്ങളിൽ ജെല്ലിക്കെട്ട് ഒരുക്കങ്ങൾ തുടങ്ങി. അളകാനെല്ലൂരിൽ മാത്രം മുന്നൂറ്റിയൻപതിലേറെ കാളകൾ തയാറായിട്ടുണ്ട്.

രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണു സംസ്ഥാനത്ത് ജെല്ലിക്കെട്ട് നടക്കുന്നത്. 2014ൽ സുപ്രീം കോടതി നിരോധിച്ചതിനെ തുടർന്നു കഴിഞ്ഞ രണ്ടു വർഷവും െജല്ലിക്കെട്ട് നടന്നിട്ടില്ല. കഴിഞ്ഞ വർഷം പ്രത്യേക ഉത്തരവിലൂടെ കേന്ദ്ര സർക്കാർ അനുമതി നൽകിയെങ്കിലും, മൃഗക്ഷേമ സംഘടനയായ 'പെറ്റ' നൽകിയ ഹർജിയിൽ സുപ്രീം കോടതി തടഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP