Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭോപ്പാൽ വിഷവാതക ദുരന്തത്തെ അതിജീവിച്ച് മുന്നോട്ട് പോകുമ്പോഴും അനുഭവിക്കേണ്ടി വരുന്നത് ഉദ്യോഗസ്ഥ കെടുകാര്യസ്ഥത; പുനരധിവാസത്തിനായി നിർമ്മിക്കപ്പെട്ട കോളനിയിൽ കുടിവെള്ള ക്ഷാമവും മാലിന്യം നിറഞ്ഞൊഴുകുന്ന ഓടകളും; സർക്കാർ ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നുവെന്നും ആരോപണം

ഭോപ്പാൽ വിഷവാതക ദുരന്തത്തെ അതിജീവിച്ച് മുന്നോട്ട് പോകുമ്പോഴും അനുഭവിക്കേണ്ടി വരുന്നത് ഉദ്യോഗസ്ഥ കെടുകാര്യസ്ഥത; പുനരധിവാസത്തിനായി നിർമ്മിക്കപ്പെട്ട കോളനിയിൽ കുടിവെള്ള ക്ഷാമവും മാലിന്യം നിറഞ്ഞൊഴുകുന്ന ഓടകളും; സർക്കാർ ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നുവെന്നും ആരോപണം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഭോപ്പാൽ ഗ്യാസ് ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളെ പുനരധിവസിപ്പിച്ചിരിക്കുന്ന കോളനിയിൽ മലിനമാക്കപ്പെട്ട ജലവും നിറഞ്ഞൊഴുകുന്ന ഓടകളും. 1990 കളിലാണ് ഇപ്പോൾ 2486 വീടുകൾ ഉള്ള ജീവൻ ജ്യോതി കോളനി സ്ഥാപിതമാകുന്നത്. പലപ്പോഴും കുടിവെള്ളം പോലും ലഭ്യമാകാത്ത അവസ്ഥയിലാണ് കോളനിയിലെ കുടുംബങ്ങൾ. കോളിനിയിലേക്കുള്ള ജലവിതരണത്തിന് യാതൊരു സമയക്രമവും പാലിക്കാത്ത ഭോപ്പാൽ നഗരസഭ കാര്യങ്ങൾ കൂടുതൽ ദുസ്സഹമാക്കുന്നു.

ജീർണിച്ച വീടുകൾ തിങ്ങിനിൽക്കുന്ന കോളനിയിൽ പണി പൂർത്തീകരിക്കപ്പെടാതെ കിടക്കുന്ന ഓടകൾ കോളനിയിലെ മനുഷ്യരുടെ ജീവിതം നരകതുല്യമാക്കുകയാണ്. പൊട്ടിയ പൈപ്പുകളും അഴുക്കുവെള്ളം കെട്ടിക്കിടക്കുന്ന ഓടയും മാലിന്യം നുരയുന്ന ഓവും കുടിവെള്ളം വഹിക്കുന്ന പൈപ്പുകളോട് ചേർന്നാണുള്ളത്. മറ്റു വഴികളൊന്നുമില്ലാതെ വിഷാംശമുള്ള വെള്ളം കുടിക്കാൻ നിർബന്ധിതരാവുകയാണ് കോളനി നിവാസികൾ എന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

ടാപ്പ് തുറന്നാൽ കുറഞ്ഞത് ഒരു ഇരുപത് മിനിറ്റ് എങ്കിലും മഞ്ഞ നിറത്തിൽ ദുർഗന്ധം വമിക്കുന്ന വെള്ളം വന്ന് തീരുന്നതുവരെ കാത്തിരിക്കണം. പിന്നീടുള്ള അരമണിക്കൂറിൽ വേണം വീട്ടിനുള്ളിലെ അഞ്ചു കുടങ്ങളിലും വെള്ളം നിറയ്ക്കാൻ. - കോളനിയിലെ അന്തേവാസിയായ സ്ത്രീ ഹിന്ദുവിനോട് പറഞ്ഞു. 1984 ഡിസംബർ രണ്ടിന് യൂണിയൽ കാർബൈഡ് ഫാക്ടറിയിൽ നിന്നും ചോർന്ന വിഷവാതകം അവരുടെ അമ്മയുടെ മരണത്തിനിടയാക്കിയിരുന്നു. കോളനിയിലെ ഒറ്റമുറി വീട്ടിൽ ഭർത്താവും അഞ്ചു കുട്ടികളുമൊപ്പം കഴിയുകയാണ് ശ്വാസതടസ്സവും കണ്ണിൽ അണുബാധയുമായി നിരന്തരം ബുന്ധിമുട്ടുന്ന അവർ ഇപ്പോൾ.

കോളനിയിലെ മിക്ക വീടുകളിലും പത്ത് രൂപയ്ക്ക് വാങ്ങുവാൻ കിട്ടുന്ന് അരിപ്പ ഉപയോഗിച്ചാണ് ജലശുദ്ധീകരണം. വെള്ളം ശേഖരിച്ചു വെയ്ക്കുന്ന അലുമിനിയം പാത്രങ്ങളിൽ ഒരു പകലിനുള്ളിൽ തന്നെ മഞ്ഞ നിറത്തിലുള്ള ആവരണം രൂപപ്പെടുന്നു. കൊച്ചു കുട്ടികൾ ഉൾപ്പെടെ കോളനിയിൽ സാധാരണമായിക്കൊണ്ടിരിക്കുന്ന ത്വക്ക് രോഗങ്ങളാൽ വലയുന്നു. വേനൽക്കാലത്ത് കുടിവെള്ള വിതരണം മുടങ്ങുന്ന സമയങ്ങളിൽ സമീപത്തുള്ള സ്വകാര്യ കോളനികളിലെ കുഴൽക്കിണറുകളിൽ രണ്ടു രൂപയ്ക്ക് പതിനഞ്ചു ലിറ്റർ എന്ന നിരക്കിന് വെള്ളം പണം കൊടുത്ത് വാങ്ങുകയാണ് ഇവിടെയുള്ളവർ.

2010 ജൂണിൽ കോളനി സന്ദർശിച്ച കേന്ദ്രമന്ത്രിമാരുടെ സംഘം പുനരധിവാസ പ്രവർത്തനങ്ങളുടെ പൂർത്തികരണത്തിനായി 272 കോടി രൂപയുടെ കർമ്മ പദ്ധതി പ്രഖ്യാപിച്ചിരുന്നു. അനുവദിക്കപ്പെട്ട തുകയിൽ 85.2 കോടി സാമൂഹ്യ പുനരധിവാസം ലക്ഷ്യമിട്ടായിരുന്നു. അതിനു കീഴിൽ ഓടകളുടെ നിർമ്മാണത്തിന് 4.92 കോടിയും സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് 50 കോടിയും മാറ്റി വെയ്ക്കപ്പെട്ടിരുന്നു.

ഭോപ്പാൽ ദുരന്തത്തിൽ ഇരകളാക്കപ്പെട്ടവർക്ക് കുടിവെള്ളമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു വേണ്ടി നീക്കിവെച്ചിരുന്ന ഫണ്ടുകൾ വ്യാപകമായ തോതിൽ ദുർവിനിയോഗം ചെയ്യപ്പെടുകയായിരുന്നുവെന്ന് ആരോപണം ഉണ്ട്. കോളനി സ്ഥാപിതമായി ആദ്യ ദിവസം മുതൽ ശുചീകരണം ഒരു പ്രശ്നമായിരുന്നു. ശരിയായ ഓട സംവിധാനമോ കുടിവെള്ള പൈപ്പുകളോ വീടുകളോടൊപ്പം പണിതിരുന്നില്ല. പക്ഷേ പണികളെല്ലാം പൂർത്തിയായെന്ന റിപ്പോർട്ടാണ് സംസ്ഥാന സർക്കാർ കേന്ദ്ര ഗവൺമെന്റിന് നൽകിയത്.

മലിനമാക്കപ്പെട്ട വെള്ളമാണ് കോളനിയിൽ വിതരണം ചെയ്യപ്പെടുന്നതെന്ന വാദം ഭോപ്പാൽ നഗരസഭയുടെ ചീഫ് എൻജിനീയർ എ.ആർ പവാർ തള്ളിക്കളയുന്നു. കോളനിയിലെ 90% വീടുകളിലും നർമ്മദയിൽ നിന്നുമുള്ള വെള്ളമാണ് എത്തിക്കുന്നത്. അത് ശുദ്ധീകരിക്കേണ്ട കാര്യമില്ല. എങ്കിലും ഇനിയും ഒരുപാട് ചെയ്യുവാനുണ്ട്. പവാർ പറഞ്ഞു. ഭോപ്പാൽ വിഷവാതക ദുരന്തം നടന്ന് 34 വർഷങ്ങൾക്ക് ശേഷം ദുരന്തത്തിന്റെ പരിണിതഫലങ്ങളോടൊപ്പം അധികൃതരുടെ അനാസ്ഥയും ഇരകളെ വേട്ടയാടുകയാണ്.

1984 ഡിസംബർ രണ്ടിന് അമേരിക്കൻ രാസവ്യവസായ ഭീമനായ യൂണിയൻ കാർബൈഡ് കമ്പനിയുടെ ഭോപ്പാലിലെ കീടനാശിനി നിർമ്മാണ ശാലയിൽ മീഥൈൽ ഐസോസയനേറ്റ് സംഭരിച്ചിരുന്ന ടാങ്കിൽ ചോർച്ചയുണ്ടായതിനെ തുർന്ന് വിഷവാതകങ്ങൾ അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. കാറ്റിന്റെ ദിശയനുസരിച്ച് ഭോപ്പാലിലെങ്ങും പടർന്ന വിഷവാതകങ്ങൾ പതിനായിരക്കണക്കിനാളുകളെ മരണത്തിലേയ്ക്ക് തള്ളി വിട്ടു. രണ്ടു ലക്ഷത്തിൽപരം ആളുകൾ നിത്യരോഗികളായി. ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാൽ ദുരന്തം കണക്കാക്കപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP