Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമേരിക്കയ്ക്ക് ഒട്ടും വിശ്വാസമില്ലാത്തതു ഇന്ത്യക്കാരെയോ? ഇന്ത്യക്കാരുടെ വിസാ അപേക്ഷയിൽ പകുതിയും തിരസ്‌ക്കരിക്കപ്പെടുന്നുവെന്ന് രേഖകൾ

അമേരിക്കയ്ക്ക് ഒട്ടും വിശ്വാസമില്ലാത്തതു ഇന്ത്യക്കാരെയോ? ഇന്ത്യക്കാരുടെ വിസാ അപേക്ഷയിൽ പകുതിയും തിരസ്‌ക്കരിക്കപ്പെടുന്നുവെന്ന് രേഖകൾ

ബംഗളൂരു: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമായെന്നും പ്രധാനമന്ത്രി മോദിയും അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയും ഉറ്റസുഹൃത്തുക്കുളുമാണെന്നൊക്കെ പ്രസ്താവനകളുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോൾ അമേരിക്കയ്ക്ക് ഇന്ത്യക്കാരോട് ചിറ്റമ്മ നയമാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവരുന്നത്. അമേരിക്കയിലേക്കുള്ള ഇന്ത്യക്കാരുടെ വർക്ക് വിസാ അപേക്ഷകളിൽ പകുതിയിലേറെയും തിരസ്‌ക്കരിക്കപ്പെടുന്നുവെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നിരിക്കുന്നത്. 2012-2014 കാലഘട്ടത്തിലായി അമേരിക്കയ്ക്ക് ലഭിച്ച എൽ1 ബി വിസാ അപേക്ഷകളിൽ 56 ശതമാനവും തള്ളിക്കളഞ്ഞുവെന്നാണ് റിപ്പോർട്ട്.

ഇന്ത്യയൊഴിച്ച് മറ്റെല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വർക്ക് വിസാ അപേക്ഷകളിൽ തിരസ്‌ക്കരിക്കപ്പെടുന്ന അപേക്ഷകളുടെ എണ്ണം ശരാശരി 13 ശതമാനമാണെന്നിരിക്കെയാണ് ഇന്ത്യക്കാരുടെ കാര്യത്തിൽ മാത്രം ഇത്രയേറെ അവഗണന. വിർജീനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി (എൻഎഫ്എപി) പുറത്തുവിട്ട കണക്കുപ്രകാരമാണ് ഇതു വ്യക്തമായിരിക്കുന്നത്. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ നിന്നു ലഭ്യമായ രേഖകൾ അടിസ്ഥാനമാക്കിയാണ് എൻഎഫ്എപി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

ചൈന, മെക്‌സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകളുടെ തിരസ്‌ക്കരണം ഇന്ത്യയുടേതിനേക്കാൾ പകുതിയിൽ താഴെയാണെന്നും എൻഎഫ്എപി വ്യക്തമാക്കുന്നു. ചൈനീസ് അപേക്ഷകൾ 22 ശതമാനവും മെക്‌സിക്കൻ അപേക്ഷകൾ 21 ശതമാനവും മാത്രമാണ് അമേരിക്ക തള്ളിക്കളയുന്നത്. ബ്രിട്ടീഷ് പൗരന്മാരിൽ 16 ശതമാനവും ജർമൻ പൗരന്മാരിൽ 15 ശതമാനം പേരുടേയും അപേക്ഷകൾ അമേരിക്ക തിരസ്‌ക്കരിക്കുന്നുണ്ട്.

2012-14 കാലഘട്ടത്തിൽ ഇന്ത്യയിൽ നിന്നു ഫയൽ ചെയ്ത എൽ-1ബി വിസകളുടെ എണ്ണം 25,296 ആണെന്നാണ് കണക്ക്. ഇതിൽ 14,104 എണ്ണവും തള്ളിക്കളഞ്ഞുവെന്നാണ് റിപ്പോർട്ട് വെളിവാക്കുന്നത്. അതായത് 56 ശതമാനവും അമേരിക്ക തിരസ്‌ക്കരിച്ചു. ഇത്രയേറെ വിസാ അപേക്ഷകൾ തള്ളിക്കളഞ്ഞത് ഞെട്ടിപ്പിക്കുന്നതാണെന്നും ഇതുസംബന്ധിച്ച് സർക്കാർ തലത്തിൽ നടപടിയെടുക്കേണ്ടതാണെന്നും ഈ മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എച്ച്-1 ബി വിസ പോലെ എൽ-1 വിസകൾ ഒരു വർഷത്തിൽ അനുവദിക്കപ്പെടുന്നതിന് നിശ്ചിത ലിമിറ്റ് ഇല്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇന്ത്യയിൽ മികച്ച ഐടി കമ്പനികൾ ഉള്ളതിനാലും ഇന്ത്യക്കാരായ ഐടി പ്രഫഷണലുകൾക്ക് നല്ല പേരായതിനാലും ഇത്തരത്തിൽ വിസാ തിരസ്‌ക്കരിക്കപ്പെടുന്നതിന് അമേരിക്ക മതിയായ കാരണം നൽകണമെന്നാണ് പറയപ്പെടുന്നത്.

നോൺ മൈഗ്രന്റ് വിസയായ എൽ-1 ബി വിസ യുഎസ് എംപ്ലോയർമാർ ഇൻട്രാ കമ്പനി ട്രാൻസ്ഫർ ആയി നൽകുന്നതാണ്. ഇന്ത്യൻ ഐടി കമ്പനികളായ ടിസിഎസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ വൻകിട കമ്പനികളാണ് ഈ വർക്ക് വിസയുടെ ഏറ്റവും വലിയ ഉപയോക്താക്കൾ. അമേരിക്കയിലേക്ക് അയയ്ക്കുന്ന ജീവനക്കാർക്ക് അഞ്ചുവർഷം വരെ അവിടെ തങ്ങാവുന്ന തരത്തിലാണ് എൽ-1 ബി വിസ വിഭാവനം ചെയ്തിരിക്കുന്നത്.

യുഎസിൽ സാമ്പത്തിക മാന്ദ്യം ഉടലെടുക്കുകയും തൊഴിലില്ലായ്മ നിരക്ക് വൻ തോതിൽ ഉയരുകയും ചെയ്ത 2007-08 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതലായി വിസാ അപേക്ഷകൾ തിരസ്‌ക്കരിക്കപ്പെട്ടത്. 2008-നു മുമ്പ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള അപേക്ഷകൾക്ക് പത്തു ശതമാനത്തിൽ താഴെയായിരുന്നു അപേക്ഷകൾ തിരസ്‌ക്കരിക്കപ്പെടുന്ന നിരക്ക്. എന്നാലിത് ഇപ്പോൾ ശരാശരി 35 ശതമാനത്തിലാണ്. അമേരിക്കയിൽ തൊഴിലില്ലായ്മ നിരക്ക് ഏറെ താഴുകയും സാമ്പത്തിക മാന്ദ്യത്തിന് അറുതി വന്നിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരുടെ വിസാ അപേക്ഷകൾ ഇത്രയേറെ തിരസ്‌ക്കരിക്കപ്പെടുന്നതിന്റെ പശ്ചാത്തലം എന്താണെന്ന് മനസിലാകുന്നില്ലെന്നും ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP