Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വരൻ താലി കെട്ടാൻ കൈപൊക്കിയപ്പോൾ ചുഴലി ബാധിച്ച് വീണ് പിടഞ്ഞു; കലി പൂണ്ട വധു അതിഥികളിൽ ഒരാളെ ക്ഷണിച്ച് മിന്ന് കെട്ടിച്ചു; അടിപിടിയിൽ കലാശിച്ച ഒരു ഇന്ത്യൻ വിവാഹത്തിന്റെ കഥ

വരൻ താലി കെട്ടാൻ കൈപൊക്കിയപ്പോൾ ചുഴലി ബാധിച്ച് വീണ് പിടഞ്ഞു; കലി പൂണ്ട വധു അതിഥികളിൽ ഒരാളെ ക്ഷണിച്ച് മിന്ന് കെട്ടിച്ചു; അടിപിടിയിൽ കലാശിച്ച ഒരു ഇന്ത്യൻ വിവാഹത്തിന്റെ കഥ

വിവാഹം എന്നത് എന്നും അടിമുടി അനിശ്ചിതത്ത്വം നിറഞ്ഞ ഒരു ജീവിതാവസ്ഥയാണ്. നിശ്ചയിച്ച വിവാഹങ്ങൾ മുടങ്ങുന്നത് ഇന്ന് ഒരു വാർത്തയേ അല്ലാതായിക്കഴിഞ്ഞു. വരനു വധുവും വിവാഹമണ്ഡപത്തിലേറിയാൽ തന്നെ ആ വിവാഹം നടക്കണമെന്ന് യാതൊരു ഉറപ്പുമില്ല. ചിലപ്പോൾ എന്തെങ്കിലും കേസിലകപ്പെട്ട വരനെ താലി കെട്ടുന്നതിന് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയെന്ന് വരാം. അല്ലെങ്കിൽ വധൂവരന്മാരുടെ അടുത്ത ബന്ധുക്കൾ മരിച്ചെന്ന വാർത്തയെത്തുടർന്നും വിവാഹം മുടങ്ങാം. എന്നാൽ താലികെട്ടിന് തൊട്ടുമുമ്പ് വരന് ചുഴലി ബാധിച്ചതിനെത്തുടർന്ന് കലികയറിയ വധു അതിഥികളിലൊരാളെ മിന്നുകെട്ടിയ കഥ കേട്ടിട്ടുണ്ടോ...? കഥയല്ല ഇത്തരത്തിലുള്ള ഒരു സംഭവം ഇപ്പോൾ റാംപൂരിൽ അരങ്ങേറിയിരിക്കുകയാണ്. ചുഴലി ബാധിച്ചതിന്റെ പേരിൽ വരനെ മാറ്റിയതിനെത്തുടർന്ന് അടിപിടിയിൽ കലാശിച്ച ഒരു ഇന്ത്യൻ വിവാഹത്തിന്റെ കഥ കൂടിയാണിത്.

23 കാരിയായ റാംപൂർ സ്വദേശി ഇന്ദിരയും മൊറാദാബാദ് സ്വദേശിയായ 25കാരൻ ജുഗൽ കിഷോറുമാണീ കഥയിലെ നായികാനായകന്മാർ. താലി ചാർത്താൻ വരൻ കൈ പൊക്കിയപ്പോൾ അയാൾ ചുഴലി ബാധിച്ച് നിലത്ത് വീണ് പിടയുകയായിരുന്നു. ഇത് കണ്ട് വധു ഒരു നിമിഷം പകച്ച് പോയെങ്കിലും പിന്നീടത് ക്രോധത്തിന് വഴിമാറുകയായിരുന്നു. വരന്റെ ആരോഗ്യസ്ഥിത തങ്ങളിൽ നിന്ന് മറച്ച് പിടിച്ച് വരനും കൂട്ടരും ഈ വിവാഹത്തിന് ശ്രമിക്കുകയായിരുന്ന് തിരിച്ചറിഞ്ഞ വധു കോപാകുലയാവുകയായിരുന്നു. ചുഴലി ബാധിച്ച വരനെ താൻ ഒഴിവാക്കുകയാണെന്നും പകരം അതിഥികളിൽ ഒരാളായ ഹർപാൽ സിംഗിനെ ഇതേ മണ്ഡപത്തിൽ വച്ച് തന്നെ ഹാരമണിയിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും വധു പ്രഖ്യാപിക്കുകയായിരുന്നു. യാദൃശ്ചികമെന്ന് പറയട്ടെ ഇന്ദിരയുടെ സഹോദരിയുടെ ഭർത്താവിന്റെ സഹോദരനായിരുന്നു ഹർപാൽ സിങ്.

ഇക്കാര്യം സ്വപ്നത്തിൽ പോലും ചിന്തിക്കാതിരുന്ന ഹർപാൽ ജീൻസും ലെതർ ജാക്കറ്റും മറ്റും ധരിച്ച് അടിപൊളിയായിട്ടാണ് കല്യാണത്തിൽ പങ്കെടുക്കാനെത്തിയിരുന്നത്. ഇന്ദിരയുടെ പ്രഖ്യാപനം കേട്ട് ആദ്യം ഹർപാൽ ഒന്നു പകച്ചെങ്കിലും തുടർന്ന് അവരെ ഭാര്യയായി സ്വീകരിക്കാൻ താൻ തയ്യാറാണെന്ന് ഹർപാൽ പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹം ഇന്ദിരയുടെ കഴുത്തിൽ താലി കെട്ടുകയും ഹാരമണിയിക്കുകയും ചെയ്തു. കാര്യമായൊന്നും സംഭവിക്കാത്തത് പോലെ ചടങ്ങുകൾ യഥാക്രമം അരങ്ങേറുകയുമുണ്ടായി.

എന്നാൽ ഇതിനിടയിൽ മുൻ വരൻ കിഷോറിനെ അയാളുടെ ബന്ധുക്കൾ ഡോക്ടറുടെ അടുത്തുകൊണ്ടുപോയിരുന്നു. അടിയന്തിര ചികിത്സയിലൂടെ ബോധം വീണ്ടെടുത്ത കിഷോർ ബന്ധുക്കൾക്കൊപ്പം വിവാഹമണ്ഡപത്തിലേക്ക് കുതിച്ചെത്താൻ വൈകിയില്ല. എന്നാൽ തന്റെ വധു അപ്പോഴേക്കും മറ്റൊരാളുടെ ഭാര്യയായി ചിരിച്ച് നിൽക്കുന്ന കാഴ്ചയാണ് കിഷോർ കണ്ടത്...!!. സമനില തെറ്റിയ അയാൾ ഇന്ദിരയോട് തട്ടിക്കയറാൻ വൈകിയില്ല. അവളില്ലാതെ വീട്ടിലേക്ക് ചെന്ന് കയറാനും ബന്ധുക്കളെയും സുഹൃത്തുക്കളെയും അഭിമുഖീകരിക്കാൻ തനിക്ക് സാധിക്കില്ലെന്നായിരുന്നു അയാളുടെ വാദം. തുടർന്ന് അയാൾക്കു വേണ്ടി ബന്ധുക്കളും രംഗത്തെത്തിയതോടെ രംഗം വഷളാവുകയും അടിപിടിയാരംഭിക്കുകയും ചെയ്തു. പരസ്പരം ഏറ്റുമുട്ടിയ ഇരുസംഘവും സ്പൂണുകളും പ്ലേറ്റുകളും പാത്രങ്ങളും എടുത്തെറിയാൻ ആരംഭിച്ചു. സംഘർഷമുണ്ടാക്കി ഇന്ദിരയുടെ മനസ്സ് മാറ്റാനായിരുന്നു അവരുടെ ശ്രമം. എന്നാൽ വധു തന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. തുടർന്ന് കിഷോറും ബന്ധുക്കളും റാംപൂർ ജില്ലയിലെ മിലക് പൊലീസ് സ്‌റ്റേഷനിൽ ഇത് സംബന്ധിച്ച് ഒരു എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. എന്നാൽ മുതിർന്നവർ ഇടപെട്ടതിനെ തുടർന്ന് പിന്നീടത് പിൻവലിക്കുകയും ചെയ്തു. ഇരുകുടുംബങ്ങളും പരസ്പരം ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിച്ചെന്നാണ് പൊലീസ് അറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP