Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹജ് ദുരന്തത്തിൽ ഒരു മലയാളി കൂടി മരിച്ചു; തിക്കിലും തിരക്കിലും മരിച്ചത് പുതുക്കോട് സ്വദേശി അബ്ദുൽ ഖാദർ; 18 മലയാളികളെ കാണാനില്ലെന്ന് റിപ്പോർട്ട്

ഹജ് ദുരന്തത്തിൽ ഒരു മലയാളി കൂടി മരിച്ചു; തിക്കിലും തിരക്കിലും മരിച്ചത് പുതുക്കോട് സ്വദേശി അബ്ദുൽ ഖാദർ; 18 മലയാളികളെ കാണാനില്ലെന്ന് റിപ്പോർട്ട്

മക്ക: ഹജ് കർമങ്ങൾക്കിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരിച്ചു. റിയാദിൽ നിന്ന് ഹജ്ജിന് പോയ പാലക്കാട് പുതുക്കോട് അഞ്ചുമുറി സ്വദേശി അബ്ദുൽ ഖാദറാണ് മരിച്ചത്. ഇതോടെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പതിനാറായി. പരുക്കേറ്റവരിൽ ഒരു മലയാളി ഉൾപ്പെടെ 13 ഇന്ത്യക്കാരുണ്ട്. 18 മലയാളികളെ കാണാതായതായും സൂചനയുണ്ട്. അതിനിടെ, ഇപ്പോൾ വരുന്നതെല്ലാം ഊഹാപോഹങ്ങളാണെന്നും യഥാർഥ വിവരം ഹാജിമാർ തിരികെ ടെന്റിലെത്തിയശേഷം മാത്രമേ നൽകാൻ കഴിയൂവെന്നും സൗദിയിലെ ഇന്ത്യൻ കോൺസൽ ജനറൽ മുബാറക്ക് അറിയിച്ചു.

മിനാ ദുരന്തത്തിൽ മരിച്ച 16 ഇന്ത്യക്കാരിൽ ഒൻപത് പേരും ഗുജറാത്തിൽ നിന്നുള്ളവരാണ്. മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ തീർത്ഥാടകരും മരിച്ചു. സ്വകാര്യ ഹജ് ഗ്രൂപ്പ് വഴിയാണ് ഇവർ സൗദിയിലെത്തിയത്. അതേസമയം, സൗദിയിൽ നിന്ന് ഹജ്ജിനെത്തിയ നാലു മലയാളികളും മരിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ മൂന്നുപേർ ആരോഗ്യ പ്രശ്‌നങ്ങൾ മൂലമാണ് മരിച്ചതെന്നാണ് സൂചന. ഹജ് മിഷനും സന്നദ്ധ സംഘടനകളും സംയുക്തമായി മരിച്ചവരിലോ പരിക്കേറ്റവരിലോ കൂടുതൽ മലയാളികളുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.

കോഴിക്കോടു നിന്നും കോട്ടയത്തു നിന്നുമുള്ള രണ്ടു കുടുംബങ്ങളടക്കം പതിനെട്ട് മലയാളികളെ മിനായിൽ കാണാതായിട്ടുണ്ട്.ഫാറൂഖ് സ്വദേശികളായ മുനീർ, ഭാര്യ ഫൗസിയ, ഇവരുടെ മകൻ, കോട്ടയം അതിരമ്പുഴ സ്വദേശികളായ സജി ഉസ്മാൻ, ഭാര്യ ഷിനി, കല്ലാച്ചി സ്വദേശി അബ്ദുറഹ്മാൻ, തിക്കോടി അബൂബക്കർ, തിരൂർ ഉണ്ണിയാൽ ചെറിയകുട്ടി, മറിയം, നബീസു എന്നിവരെ കുറിച്ച് വിവരമൊന്നുമില്ല. ഹാജിമാരെ കാണാനില്ലെന്ന വാദവുമായി വിദേശ കാര്യമന്ത്രാലയത്തിൽ ഇപ്പോഴും പരാതികൾ എത്തുന്നുമുണ്ട്. എന്നാൽ ഇവരെ കാണാതായെന്ന് സ്ഥിരീകരിക്കാൻ വിദേശ കാര്യമന്ത്രാലയം തയ്യാറായിട്ടുമില്ല.

അതിനിടെ ഇന്നലെ കാണാതായ കോഴിക്കോട് സ്വദേശിനി ബീഫാത്തിമയെ കണ്ടെത്തി. അതേസമയം, തിക്കിലും തിരക്കിലും പെട്ടു 14 ഇന്ത്യക്കാർ മരിച്ചതായി ജിദ്ദയിലെ കോൺസൽ ജനറൽ അറിയിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. 13 പേർ പരുക്കേറ്റ് ആശുപത്രിയിലുണ്ട്. ഇവർ സർക്കാരിനു കീഴിലുള്ള ഹജ്ജ് കമ്മിറ്റി മുഖേനെ യാത്ര ചെയ്തവരാണ്. അപകടത്തിൽ മരിച്ചവരുടെ എണ്ണം 717 ആയി. റിയാദിൽ നിന്ന് ഹജ്ജിനെത്തിയ മലയാളിയായ അബ്ദുറഹ്മാനും (51) ഇതിൽ ഉൾപ്പെടുന്നു. വിശുദ്ധ നഗരമായ മക്കയ്ക്കു പുറത്ത് മിനായിൽ കല്ലേറു കർമത്തിനിടെയാണ് അപകടം. സംഭവത്തിൽ 805പേർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.

സംഭവത്തേക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് സൗദി കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ ഉത്തരവിട്ടു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദുരന്തത്തെക്കുറിച്ചുള്ള കണ്ടെത്തലുകളും മറ്റും തിരുഗേഹങ്ങളുടെ കാവൽക്കാരൻ സൽമാൻ രാജാവിന് കൈമാറുമെന്ന് താൻ അധ്യക്ഷനായ ഹജ് ഹൈയർ കമ്മിറ്റി യോഗത്തിൽ മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ പറഞ്ഞു. നേരത്തെ സൗദി ആരോഗ്യമന്ത്രി ഖാലിദ് അൽ ഫലഹ് സംഭവത്തെക്കുറിച്ച് ഊർജിതമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങൾ തീർത്ഥാടകർ പാലിക്കാത്തതാണ് അപകട കാരണമെന്ന് അദ്ദേഹം പറഞ്ഞു.

ഹജ് കർമത്തിനിടെ മക്കയിൽ വച്ച് രണ്ട് മലയാളികൾ മരിച്ചു. പെരിങ്ങത്തൂർ ഒലിപ്പിൽ പീടികയിൽ കണിയാങ്കണ്ടി അബൂബക്കർ (72), ചേരാപുരം കാക്കുനിയിലെ പുല്ലറോട്ട്് കുഞ്ഞബ്ദുല്ല (78) എന്നിവരാണ് മരിച്ചത്. സംസ്ഥാന ഹജ് കമ്മിറ്റി മുഖേന നെടുമ്പാശേരി ഹജ് ക്യാംപിൽ നിന്നു ഹജിനു പുറപ്പെട്ട തീർത്ഥാടകനാണ് അബൂബക്കർ. ഭാര്യ താഹിറയോടൊപ്പം 17നാണ് ഇദ്ദേഹം യാത്രതിരിച്ചത്. പുല്ലറോട്ട്് കുഞ്ഞബ്ദുല്ല ഭാര്യയ്ക്കും മകനുമൊപ്പം ഹജ് കർമത്തിനു പോയ ആളാണ്.പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്നു മരിച്ചത്.

വിവരങ്ങൾക്ക് വിളിക്കാനുള്ള നമ്പർ: 00966125458000, 00966125496000

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP