Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബിഹാറിൽ നൂറോളം ദളിതരെ കൊന്നൊടുക്കിയ രൺവീർ സേനയ്ക്ക് ഒത്താശ ചെയ്തതു പ്രമുഖ രാഷ്ട്രീയ നേതാക്കൾ; മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറും ബിജെപി നേതാക്കളായ യശ്വന്ത് സിൻഹയും മുരളി മനോഹർ ജോഷിയും സുശീൽ സിങ് മോദിയും കൂട്ടക്കൊലയെ പിന്തുണച്ചെന്ന് കോബ്ര പോസ്റ്റിന്റെ കണ്ടെത്തൽ

ബിഹാറിൽ നൂറോളം ദളിതരെ കൊന്നൊടുക്കിയ രൺവീർ സേനയ്ക്ക് ഒത്താശ ചെയ്തതു പ്രമുഖ രാഷ്ട്രീയ നേതാക്കൾ; മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറും ബിജെപി നേതാക്കളായ യശ്വന്ത് സിൻഹയും മുരളി മനോഹർ ജോഷിയും സുശീൽ സിങ് മോദിയും കൂട്ടക്കൊലയെ പിന്തുണച്ചെന്ന് കോബ്ര പോസ്റ്റിന്റെ കണ്ടെത്തൽ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറെയും ബിജെപി നേതാക്കളെയും പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകളുമായി അന്വേഷണാത്മക ന്യൂസ് പോർട്ടൽ കോബ്ര പോസ്റ്റ് രംഗത്ത്. 1994-2000 കാലഘട്ടത്തിൽ മധ്യ ബീഹാറിൽ നൂറുകണക്കിന് ദളിതരെ കൊന്നൊടുക്കാൻ രൺവീർസേനയ്ക്ക് ഒത്താശ ചെയ്തത് മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ, മുതിർന്ന ബിജെപി നേതാക്കളായ യശ്വന്ത് സിൻഹ, മുരളി മനോഹർ ജോഷി, സുശീൽ സിങ് മോദി എന്നിവരാണെന്നാണ് കോബ്ര പോസ്റ്റ് വെളിപ്പെടുത്തുന്നത്.

കൂട്ടക്കൊലയിൽ പങ്കാളികളായ ആറ് രൺവീർസേന അംഗങ്ങളുമായുള്ള സംഭാഷണങ്ങൾ ഉൾപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും കോബ്ര പോസ്റ്റ് പുറത്ത് വിട്ടു. രൺവീർ സേനയെ കുറിച്ച് ഡോക്യുമെന്ററി ചെയ്യാനെന്ന വ്യാജേനയാണ് കോബ്ര പോസ്റ്റ് പ്രവർത്തകർ ഇവരെ സമീപിച്ചത്. ഒരു വർഷം നീണ്ടു നിന്ന അന്വേഷണത്തിലൊടുവിലാണ് കോബ്ര പോസ്റ്റ് വിവരങ്ങൾ പുറത്തുവിട്ടത്. അസോസിയേറ്റ് എഡിറ്റർ കെ ആഷിഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

ബിഹാറിലെ ഗ്രാമങ്ങളായ സാർത്വ (1995). ബതാനി തോള (1996), ലക്ഷ്മൺപൂർ ബാതെ (1997), ഇക്‌വാരി (1997), ശങ്കർ ബിഗ(1999) മിയാപൂർ (2000) എന്നീ ഗ്രാമങ്ങളിൽ നടന്ന കൂട്ടക്കൊലകളെ കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണത്തിൽ വെളിപ്പെട്ടത്. കുറ്റകൃത്യങ്ങൾക്ക് പദ്ധതിയിടുന്നതിലും നടപ്പാക്കുന്നതിലുമുള്ള തങ്ങളുടെ പങ്കിനെ കുറിച്ചും ബിജെപിയുമായി ബന്ധപ്പെട്ട പ്രമുഖ രാഷ്ട്രീയ നേതാക്കളിൽ നിന്നും തങ്ങൾക്ക് ലഭിച്ച പിന്തുണയെ കുറിച്ചു സേനാ നേതാക്കൾ വെളിപ്പെടുത്തുന്നുണ്ട്.

അവധിക്ക് വന്ന സൈനികരാണ് ആക്രമണം നടത്താൻ പരിശീലിപ്പിച്ചതെന്ന ഞെട്ടിക്കുന്ന വിവരവും രൺവീർ സേനാംഗങ്ങളുടേതായി പുറത്തുവന്നു. ഓപ്പറേഷൻ ബ്ലാക്ക് റെയിൽ എന്നായിരുന്നു ഈ അന്വേഷണത്തിന്റെ രഹസ്യനാമം. ചന്ദ്‌കേശ്വർ, പ്രമേദ് സിങ്, ഭോല സിങ്, അരവിന്ദ് കുമാർസിങ്, സിദ്ദ്‌നാഥ് സിങ്, രവീന്ദ്ര ചൗദരി തുടങ്ങിയ രൺവീർ സേന നേതാക്കളാണ് ക്യാമറയിൽ കുടുങ്ങിയത്. 144 ഓളം ദളിതർ കൊല്ലപ്പെട്ട കൂട്ടക്കൊലയിൽ തങ്ങളുടെ പങ്ക് ഇവർ സമ്മതിക്കുന്നു. ഒരു ദിവസം അമ്പത് ഗ്രാമങ്ങളിൽ അമ്പതുകൊലപാതകങ്ങൾ നടത്തുന്നത് വരെയുള്ള പ്രാവർത്തികമാകാതിരുന്ന പദ്ധതികളും ഇവർ വെളിപ്പെടുത്തുന്നുണ്ട്.

എങ്ങനെയാണ് കൊലപാതകങ്ങൾക്ക് പദ്ധതിയിട്ടതെന്നും അവ നടപ്പിലാക്കിയതെന്നും മാത്രമല്ല വെളിപ്പെടുത്തുന്നത്. അവരെ ആരാണ് പരിശീലിപ്പിച്ചതെന്നും, അവർക്ക് ആര് ആയുധങ്ങൾ നൽകിയെന്നും, ആര് സാമ്പത്തിക സഹായം നൽകിയെന്നും ആരൊക്കെ രാഷ്ട്രീയ പിന്തുണ നൽകിയെന്നും ഇവർ വെളിപ്പെടുത്തുന്നുണ്ടെന്ന് കോബ്ര പോസ്റ്റ് എഡിറ്റർ അനിരുദ്ധ ബാഹൽ പറയുന്നു.

ഗർഭിണികളുടെ വയർ പിളർന്ന് കുഞ്ഞിനെ പുറത്തിട്ടതിനെ പറ്റിയും വീഡിയോയിൽ ഉണ്ട്. അവധിയിൽ വന്ന പട്ടാളക്കാർ എകെ 47, എൽഎംജി, എസ്എൽആർ തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചാണ് പരിശീലനം നൽകിയത്. ഇവ സൈന്യത്തിൽ നിന്നും ഉപയോഗശൂന്യമായതിന്റെ പേരിൽ ഉപേക്ഷിച്ചതാണെന്ന് വ്യാജ സർട്ടിഫിക്കറ്റ് നേടിയവയാണെന്നും വെളിപ്പെടുത്തുന്നുണ്ട്. ജെഡിയു-ബിജെപി സംഖ്യം ബീഹാറിൽ ഭരണത്തിലേറിയതിന് ശേഷം ജുഡീഷ്യൽ അന്വേഷണം അട്ടിമറിച്ചതായും പ്രതികൾ വെളിപ്പെടുത്തുന്നുണ്ട്.

ആദ്യം പ്രതികൾക്ക് വധശിക്ഷ വിധിച്ച കീഴ്‌കോടതി വിധിയെ മേൽക്കോടതി തള്ളുകയും പ്രതികളെ വെറുതെ വിടുകയും ചെയ്തു. പ്രതികളുടെ ഈ വെളിപ്പെടുത്തലിന് പിന്നാലെ അന്നത്തെ എല്ലാ കേസുകളും പുനരന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ബീഹാർ തിരഞ്ഞെടുപ്പിന് മുമ്പുള്ള കോബ്ര പോസ്റ്റിന്റെ വെളിപ്പെടുത്തൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിക്കുമെന്ന് വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP