Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'തേജോമഹലി'ൽ ആരതി പൂജ നടത്തുമെന്നും ധൈര്യമുണ്ടെങ്കിൽ തടയാം എന്നും ശിവസേന; താജ്മഹലിന് സുരക്ഷ വർദ്ധിപ്പിച്ച് ജില്ലാ ഭരണകൂടം; നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്; താജ്മഹൽ ക്ഷേത്രമല്ലെന്ന വാദത്തിൽ ഉറച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും

'തേജോമഹലി'ൽ ആരതി പൂജ നടത്തുമെന്നും ധൈര്യമുണ്ടെങ്കിൽ തടയാം എന്നും ശിവസേന; താജ്മഹലിന് സുരക്ഷ വർദ്ധിപ്പിച്ച് ജില്ലാ ഭരണകൂടം; നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്; താജ്മഹൽ ക്ഷേത്രമല്ലെന്ന വാദത്തിൽ ഉറച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പൂജ നടത്തുമെന്ന ശിവസേനയുടെ പ്രഖ്യാപനത്തെ തുടർന്ന് താജ്മഹലിന് വൻ സുരക്ഷ ഒരുക്കി ജില്ലാ ഭരണകൂടം. താജ്മഹൽ ശിവക്ഷേത്രം ആണെന്നും സാവൻ മാസത്തിലെ എല്ലാ തിങ്കളാഴ്ചയും തങ്ങൾ താജ്മഹലിൽ ആരതി പൂജ നടത്തുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം. ആഗ്രയിലെ ശിവസേന നേതാവായ വീനു ലവാനിയയാണ് താജ് മഹൽ വിഷയത്തിൽ ജില്ലാ ഭരണകൂടത്തെയും പൊലീസിനെയും വെല്ലുവിളിച്ചത്. താജ് മഹൽ ഒരു ശവകുടീരമല്ല. ശിവക്ഷേത്രമായ തേജോമഹൽ ആണത്. തേജോമഹലിൽ ഞങ്ങൾ എല്ലാ തിങ്കളാഴ്ചയും ആരതി പൂജ നടത്തും. ധൈര്യമുണ്ടെങ്കിൽ തടയാം'- ഇതായിരുന്നു ശിവസേന നേതാവിന്റെ വെല്ലുവിളി.

ഇതിനെ തുടർന്ന് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ അഭ്യർത്ഥനയെ തുടർന്നാണ് താജാമഹലിന് സുരക്ഷ വർദ്ധിപ്പിച്ചത്. പുരാതന സ്മാരകങ്ങളിലോ, പുരാവസ്തുവകകളിലോ ഏതൊരു തരത്തിലുമുള്ള മതപരമായ ആചാരങ്ങൾ നിർവഹിക്കാൻ കഴിയില്ലെന്നാണ് എഎസ്ഐ പറയുന്നത്. 1958ലെ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ ആക്ടിനെതിരാണ് ഇത്തരത്തിലുള്ള പ്രവർത്തികളെന്നും, ജില്ലാ ഭരണകൂടത്തിന് നൽകിയ കത്തിൽ എഎസ്ഐ വ്യക്തമാക്കുന്നു. അതേസമയം, നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ.പി സിങ് പറഞ്ഞു. ഭീഷണികൾ തടയുന്നതിനാവശ്യമായ മുൻകരുതലുകൾ കൈകൊണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെയും താജ്മഹലിൽ പൂജ നടത്തുന്നതിനായി ശിവസേന ശ്രമം നടത്തിയിട്ടുണ്ട്. 2008ൽ ഒരു കൂട്ടം പ്രവർത്തകർ താജ്മഹലിനകത്ത് പരിക്രമണ പൂജയ്ക്ക് ശ്രമിച്ചത് സംഘർഷത്തിലേക്കും തുടർന്ന് അറസ്റ്റിലും വഴിവച്ചിരുന്നു. ശിവ ക്ഷേത്രമായിരുന്ന തേജോമഹലിനെ തകർത്തുകൊണ്ടാണ് പതിനേഴാം നൂറ്റാണ്ടിൽ ഷാജഹാൻ താജ്മഹൽ പണിതതെന്നാണ് ശിവസേന വാദിക്കുന്നത്.

താജ്മഹൽ പണികഴിപ്പിച്ചത് ഷാജഹാനല്ലെന്നും അത് തേജോ മഹാലയ എന്ന ശിവക്ഷേത്രമാണെന്നും അവകാശപ്പെട്ടുകൊണ്ട് ''താജ്മഹൽ, ദി ട്രൂ സ്റ്റോറി'' എന്ന പേരിൽ പി.എൻ ഓക്ക് പുസ്തകം രചിച്ചിരുന്നു. തേജോമഹാലയ എന്ന ശിവക്ഷേത്രം പണിതത് രജപുത്ര രാജാവാണെന്നും പുസ്തകം അവകാശപ്പെട്ടിരുന്നെന്നും പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു. പുസ്തകം രചിക്കുക മാത്രമല്ല താജ്മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം 2000 ത്തിൽ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ വാദം സുപ്രീം കോടതി തള്ളുകയായിരുന്നു.

ഇത് സംബന്ധിച്ച് നേരത്തേ ആഗ്ര കോടതിയിൽ അഭിഭാഷകനായ രാജീവ് കുൽശ്രേഷ്ത ഫയൽ ചെയ്ത കേസിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുഗൾ ചക്രവർത്തി ഷാജഹാന്റേയും മുംതാസിന്റേയും ശവകുടീരമാണ് താജ്മഹൽ എന്ന് വ്യക്തമാക്കിയിരുന്നു. മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ തന്റെ ഭാര്യ മുംതാസിന്റെ ഓർമ്മയ്ക്കായി പണികഴിപ്പിച്ചതാണ് താജ്മഹലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. താജ്മഹൽ ശിവ ക്ഷേത്രമായിരുന്നുവെന്നും ഹിന്ദുക്കൾക്ക് താജ്മഹലിൽ ആരാധന നടത്താൻ അവകാശമുണ്ടെന്നുമായിരുന്നു കേസ്. ഇതിന് മറുപടിയായാണ് താജ്മഹൽ ശിവ ക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകൾ ഇല്ലെന്ന് വ്യക്തമാക്കി ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ സത്യവാങ്മൂലം നൽകിയത്.

താജ്മഹൽ തേജ്മഹാലയ എന്ന ശിവക്ഷേത്രമായിരുന്നു എന്ന് സ്ഥാപിക്കത്തക്ക ഒരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും അത് വെറും സാങ്കൽപ്പിക കഥമാത്രമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. താജ്മഹൽ ഹിന്ദു ക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകൾ ഇല്ലെന്ന് കേന്ദ്രസർക്കാരും മുമ്പ് വ്യക്തമാക്കിയിരുന്നു. താജ്മഹലിന്റെ ഏത് ഭാഗമാണ് സന്ദർശകർക്കായി തുറന്ന് കൊടുക്കേണ്ടത് എന്നും ഏത് ഭാഗമാണ് അടച്ചിടേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അക്കാര്യത്തിൽ ഇനി കൂടുതൽ ചർച്ചയുടെ ആവശ്യമില്ലെന്നും സത്യവാങ്മൂലത്തിൽ പുരാവസ്തു വകുപ്പ് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP