Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യം ഇക്കുറി സാക്ഷ്യം വഹിക്കുക വ്യത്യസ്തമായ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക്; ആൾക്കൂട്ടം പരമാവധി ഒഴിവാക്കാൻ കേന്ദ്ര നിർദ്ദേശം; ആരോ​ഗ്യ പ്രവർത്തകരും കോവിഡ് മുക്തരും വിശിഷ്ടാതിഥികൾ

രാജ്യം ഇക്കുറി സാക്ഷ്യം വഹിക്കുക വ്യത്യസ്തമായ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക്; ആൾക്കൂട്ടം പരമാവധി ഒഴിവാക്കാൻ കേന്ദ്ര നിർദ്ദേശം; ആരോ​ഗ്യ പ്രവർത്തകരും കോവിഡ് മുക്തരും വിശിഷ്ടാതിഥികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യം ഇക്കുറി സാക്ഷ്യം വഹിക്കുക ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വ്യത്യസ്തമാകുമെന്ന് റിപ്പോർട്ട്. ചെങ്കോട്ടയിൽ ഉൾപ്പെടെ ചടങ്ങുകളുടെ ദൈർഘ്യം കുറയ്ക്കും. സുരക്ഷാ സേനകളുടെയും ഡൽഹി പൊലീസിന്റെയും പ്രധാനമന്ത്രിക്കുള്ള ഗാർഡ് ഓഫ് ഓണർ, ദേശീയ പതാക ഉയർത്തൽ എന്നിവയ്ക്കു ശേഷം പ്രധാനമന്ത്രി പ്രസംഗിക്കും. പ്രസംഗത്തിനു ശേഷം ദേശീയഗാനം ചൊല്ലി ചടങ്ങ് അവസാനിപ്പിക്കും. 21 ആചാരവെടിയും വർണ ബലൂൺ ഉയർത്തലുമുണ്ടാകും. വിശിഷ്ടാതിഥികൾ മാത്രമായിരിക്കും പങ്കെടുക്കുക. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷത്തെ പരിപാടിയിൽ 20 ശതമാനം വിഐപികൾക്ക് മാത്രമേ പ്രവേശനമുണ്ടാകുകയുള്ളൂ.

കോവിഡിന്റെ പശ്ചാത്തലത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം. ഇതിനായി ആഭ്യന്തരവകുപ്പ് എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചു. സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾക്ക് ആളുകളുടെ സാന്നിധ്യം കുറയ്ക്കാൻ വെബ്കാസ്റ്റ് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്. ആൾക്കൂട്ടത്തിനു പകരം കോവിഡ് പോരാട്ട രംഗത്തുള്ള ആരോഗ്യപ്രവർത്തകരെയും കോവിഡ് രോഗമുക്തരെയും സംസ്ഥാനങ്ങളിൽ ക്ഷണിക്കാനും നിർദ്ദേശമുണ്ട്. അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, സാനിറ്റൈസർ, വലിയ ആൾക്കൂട്ടമൊഴിവാക്കൽ, രോഗസാധ്യതയുള്ളവരുടെ സാന്നിധ്യം ഒഴിവാക്കൽ എന്നിവ പാലിച്ചായിരിക്കും ആഘോഷം.

സംസ്ഥാനങ്ങളിൽ രാവിലെ 9 മണിക്കു ശേഷം പതാക ഉയർത്തൽ നടത്തണം. മുഖ്യമന്ത്രി പതാക ഉയർത്തിയ ശേഷം ഗാർഡ് ഓഫ് ഓണർ. പ്രസംഗം, ദേശീയഗാനം എന്ന മുറയ്ക്കായിരിക്കും ചടങ്ങ്. ചടങ്ങിൽ പങ്കെടുക്കുന്നവർ അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ശുചീകരണ ജോലിക്കാർ എന്നിവരെ പ്രത്യേക ക്ഷണിതാക്കളാക്കാം. കോവിഡ് രോഗമുക്തി പ്രാപിച്ച കുറച്ചു പേരെയും ക്ഷണിക്കാം. ജില്ലാ തലങ്ങളിലും രാവിലെ 9നു ശേഷം പതാക ഉയർത്തും. വിശിഷ്ടാതിഥി പതാക ഉയർത്തിയ ശേഷം പരേഡ്, പ്രസംഗം, ദേശീയ ഗാനം. ഇവിടെയും ആരോഗ്യപ്രവർത്തകരെയും രോഗമുക്തരെയും ക്ഷണിക്കാം.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മറ്റിടങ്ങളിലും പതാക ഉയർത്തൽ നടത്താം. എന്നാൽ വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം. സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ച് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച കലാപരിപാടികളും മത്സരങ്ങളും ഓൺലൈനായും നടത്താം. സമൂഹ മാധ്യമങ്ങളിലൂടെ ദേശസ്നേഹ സന്ദേശങ്ങളും ഐക്യദാർഢ്യ സന്ദേശങ്ങളും പ്രചരിപ്പിക്കുകയും വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താം. ചടങ്ങുകളിൽ ആത്മനിർഭര ഭാരതം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതും അഭികാമ്യമായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിമാർക്കുള്ള കത്തിൽ നിർദ്ദേശിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP