Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൂപ്പർഹീറോ ആക്കാൻ ഹർദിക്കിനെ മനഃപൂർവം അറസ്റ്റ് ചെയ്തതോ? പട്ടേൽ സമരത്തിനു ചരടു വലിക്കുന്നത് ബിജെപിക്ക് വേണ്ടപ്പെട്ടവർ; സാമ്പത്തിക സംവരണം ചർച്ചയാക്കാനുള്ള ഗൂഢ നീക്കമെന്നും ആരോപണം: ഗുജറാത്ത് കലാപത്തിനു പിന്നിൽ ഇരുണ്ട കൈകൾ ഏറെ

സൂപ്പർഹീറോ ആക്കാൻ ഹർദിക്കിനെ മനഃപൂർവം അറസ്റ്റ് ചെയ്തതോ? പട്ടേൽ സമരത്തിനു ചരടു വലിക്കുന്നത് ബിജെപിക്ക് വേണ്ടപ്പെട്ടവർ; സാമ്പത്തിക സംവരണം ചർച്ചയാക്കാനുള്ള ഗൂഢ നീക്കമെന്നും ആരോപണം: ഗുജറാത്ത് കലാപത്തിനു പിന്നിൽ ഇരുണ്ട കൈകൾ ഏറെ

ണ്ടു തരത്തിലാണ് നേതാക്കന്മാർ ഉണ്ടാകുന്നത്. തങ്ങളുടേതായ സത്യസന്ധവും ആത്മാർത്ഥവും നിസ്വാർത്ഥപരവുമായ പ്രവർത്തനങ്ങളിലൂടെ ജനപ്രിയ നേതാക്കന്മാർ ഉദയം കൊള്ളുകയെന്നതാണ് അതിലൊരു തരം. രണ്ടാമത്തേതാകട്ടെ ബോധപൂർവമായ ചില ശ്രമങ്ങളിലൂടെയും മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതികളിലൂടെയും ഉയർന്നു വരുന്ന നേതാക്കന്മാരാണ്. ഇതിൽ ആദ്യത്തേതിന് വർഷങ്ങളുടെ ക്ഷമയോടു കൂടിയുള്ള പ്രവർത്തനവും സമർപ്പണവും ആവശ്യമാണ്. 

ഗാന്ധിജിയെയും സർദാർ വല്ലഭായ് പട്ടേലിനെയും പോലുള്ള നേതാക്കന്മാർ ആദ്യഗണത്തിൽ പെട്ടവരാണ്. എന്നാൽ ഇന്നത്തെ ന്യൂ ജനറേഷൻ രാഷ്ട്രീയത്തിലാകട്ടെ കൃത്യമായ പ്ലാനിംഗോടെ സൃഷ്ടിക്കപ്പെടുന്ന ഇൻസ്റ്റന്റ് നേതാക്കന്മാർ ഉണ്ടാകുന്നത് ഏറി വരികയാണ്. പെട്ടെന്ന് താരപദവിയിലെത്തുന്ന അവർ നേതൃത്വം പിടിച്ച് വാങ്ങുകയാണ് ചെയ്യുന്നത്. അതിനു വേണ്ടിയുള്ള തിരക്കഥ അവർ സ്വയം രചിക്കുകയും അതിനനുസരിച്ച് പ്രവർത്തിച്ച് തങ്ങളുടെ ലക്ഷ്യത്തിൽ ചുരുങ്ങിയ സമയം കൊണ്ട് എത്തിച്ചേരുകയും ചെയ്യും. ദിവസങ്ങളായി ഗുജറാത്തിൽ നടന്ന് വരുന്ന പട്ടേൽ സമരത്തിലൂടെ ഉദിച്ചുയർന്ന ന്യൂജനറേഷൻ നേതാവായ ഹർദിക് പട്ടേലിനെ രണ്ടാമത്തെ ഗണത്തിൽ പെടുത്താമെന്ന് തോന്നുന്നു.

ഹർദിക്കിനെ സൂപ്പർഹീറോ ആക്കാൻ പൊലീസ് മനഃപൂർവം അറസ്റ്റ് ചെയ്തതാണോയെന്ന പ്രസക്തമായ ചോദ്യവും ഇപ്പോൾ ഉയരുന്നുണ്ട്. പട്ടേൽ സമരത്തിന്റെ പിന്നിൽ ചരട് വലിക്കുന്നത് ബിജെപിക്ക് വേണ്ടപ്പെട്ടവർ തന്നെയാണെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ഈ കലാപത്തിന് അമിത പ്രാധാന്യവും മാദ്ധ്യമശ്രദ്ധയുമേകി സാമ്പത്തിക സംവരണം ചർച്ചയാക്കാനുള്ള ഗൂഢ നീക്കമാണെന്നും ആരോപണമുയരുന്നുണ്ട്. ഗുജറാത്ത് കലാപത്തിന്റെ പിന്നിൽ ഇരുണ്ട കൈകൾ ഏറെയാണത്രെ.

ഒബിസി സംവരണത്തിൽ തങ്ങളെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 56 ദിവസങ്ങളായി പട്ടേൽ സംഘനടക്കാർ ഗുജറാത്തിൽ സമരം നടത്തി വരുകയാണ്. ഇതിനിടെ അവർ സംസ്ഥാനത്തുടനീളമായി 340 റാലികളും സംഘടിപ്പിച്ചിരുന്നു. അപ്പോഴൊക്കെ പൊലീസ് തികഞ്ഞ ക്ഷമയോടെയാണ് ക്രമസമാധാനപാലനം ഉറപ്പാക്കിയിരുന്നതെന്ന് കാണാം. എന്നാൽ ഹർദിക്ക് പട്ടേലിന്റെ പ്രശ്‌നം കൈകാര്യം ചെയ്തപ്പോൾ മാത്രം പൊലീസിന്റെ കണക്കു കൂട്ടലുകൾ പാളിയതെങ്ങനെയാണെന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. അയാളെ അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം വിട്ടയച്ചതിലൂടെ ഹർദിക്കിന് ഒരു സൂപ്പർ ഹീറോയുടെ പരിവേഷമേകാൻ പൊലീസ് മുകൈയെടുത്തോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നുമുള്ള തരത്തിലുള്ള ആരോപണങ്ങളാണിപ്പോൾ ശക്തമാകുന്നത്.

ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തിനിടെ ഹർദിക്കിനെ അറസ്റ്റ് ചെയ്തത് പൊലീസിന് പറ്റിയ പിഴവാണോ അതല്ല കരുതിക്കൂട്ടി ഹർദിക്കിനെ സൂപ്പർ ഹീറോ ആക്കാനുള്ള ശ്രമമാണോ എന്ന് അന്വേഷിച്ചറിയേണ്ട വസ്തുത തന്നെയാണ്. ജനരോഷം അടക്കുക മാത്രമായിരുന്നില്ല ചൊവ്വാഴ്ചത്തെ പൊലീസിന്റെ പ്രവൃത്തികളിൽ നിഴലിച്ചിരിക്കുന്നതെന്ന് കാണാം. ചൊവ്വാഴ്ച രാവിലെ അഹമ്മദാബാദിൽ നടന്ന റാലിയിൽ ലക്ഷക്കണക്കിന് പട്ടേൽമാരാണ് പങ്കെടുത്തിരുന്നത്. എന്നാൽ വൈകുന്നേരം ജിഎംഡിസി ഗ്രൗണ്ടിലെ പരിപാടിക്ക് അത് ആയിരങ്ങളായി ചുരുങ്ങുകയും ചെയ്തിരുന്നു.

ഇവരെ നേരിടാനെന്നോണം അമിതമായ സേനയും ആയുധങ്ങളും മറ്റ് സജ്ജീകരണങ്ങളുമായാണ് പൊലീസ് എത്തിയിരുന്നതെന്ന് വ്യക്തമാണ്. മനഃപൂർവം സംഘട്ടനത്തിന് പ്രേരിപ്പിക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രവർത്തനങ്ങളുണ്ടായോ എന്ന സംശയം ബലപ്പെടുത്തുന്ന വസ്തുതയാണിത്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ നേരിടാനാണ് പൊലീസ് ഇത്രയ്ക്ക് കോപ്പു കൂട്ടിയെത്തിയതെന്നതും ശ്രദ്ധേയമാണ്.

ചൊവ്വാഴ്ച വൈകുന്നേരം താരതമ്യേന സമാധാനപരമായി പ്രതിഷേധിക്കാനിരുന്ന ഹർദിക്കിനെ പൊലീസ് തടയുകയും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമുള്ള തരത്തിലുള്ള ആരോപണങ്ങളും ഇപ്പോൾ ഉയർന്ന് വരുന്നുണ്ട്. എന്നാൽ ഹർദിക്ക് പ്രകോപനപരമായി പ്രസംഗിച്ചതിനാലാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസ് കുറച്ച് മുമ്പ് വിശദീകരിച്ചിരുന്നത്.ജിഎംഡിസി ഗ്രൗണ്ടിൽ പൊലീസ് പ്രകോപനമില്ലാതെയാണ് ലാത്തിചാർജ് ചെയ്തതെന്നും വിമർശനം ഉയർന്ന് വന്നിട്ടുണ്ട്. തുടർന്ന് വിവിധയിടങ്ങളിൽ നടന്ന വെയിവയ്പിനെ തുടർന്ന് ഒമ്പത് പേർ മരിക്കുകയും ചെയ്തിരുന്നു. അഹമ്മദാബാദിൽ നാലും ബനസ്‌കൻതയിൽ മൂന്നുപേരും മെഷാനയിലും സൂറത്തിലും ഒരാൾ വീതവുമാണ് പട്ടേൽ സമുദായത്തിൽ നിന്നുള്ളവർ കൊല്ലപ്പെട്ടത്.

ഇതിനുള്ള പ്രതികാരമെന്നോണമാണ് പട്ടേലുമാർ വിവിധയിടങ്ങളിൽ പൊതുമുതലുകൾ നശിപ്പിക്കൽ, കാക്കിധാരികളെ ആക്രമിക്കൽ, ബുധനാഴ്ച വ്യാപകമായ ആക്രമണങ്ങൾ അഴിച്ചുവിടൽ തുടങ്ങിയവ അനുവർത്തിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. ഹർദിക്കിന്റെ അറസ്റ്റും തുടർന്നുണ്ടായ ലാത്തിചാർജും സംസ്ഥാനത്തുടനീളം കടുത്ത പ്രതിഷേധത്തിനും ആക്രമണത്തിനുമാണ് വഴിയൊരുക്കിയതെന്ന് പറയാതെ വയ്യ. വിവിധ നഗരങ്ങളിൽ പ്രത്യേകിച്ച് വടക്കൻ ഗുജറാത്തിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുകയായിരുന്നു. പൊലീസിനെ ഇറക്കി ഹർദിക്കിനെ അറസ്റ്റ് ചെയ്യിപ്പിച്ച മുഖ്യമന്ത്രി ആനന്ദി ബെന്ഡ പട്ടേലിന്റെ നടപടിയിലും നിഗൂഢതകളേറെയുണ്ട്. പട്ടേലിനെ സൂപ്പർ ഹീറോയാക്കുകയെന്ന നിഗൂഢ തന്ത്രമായിരുന്നോ ബിജെപിയുടെ ഈ മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

എന്നാൽ ഗുജറാത്തിലെ ബിജെപി സർക്കാരിനെ സമ്മർദത്തിലാക്കാൻ മറ്റേതോ പ്രമുഖർ ചരടുവലിച്ച് സംഘടിപ്പിച്ചതാണീ പ്രക്ഷോഭമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. ഗുജറാത്തിലെ വിവിധ പട്ടേൽ ഗ്രൂപ്പുകളുടെ കൂട്ടായ്മയായ പട്ടിദാർ അനാമത്ത് ആന്ദോളൻ സമിതി(പാസ്)യുടെ കൺവീനറായ ഹർദിക്ക് പട്ടേൽ ചൊവ്വാഴ്ച നടത്തി ക്രാന്തി റാലിയുടെ സംഘാനമികവ് ആരെയും അത്ഭുതപ്പെടുത്തുന്ന വിധത്തിലായിരുന്നു. ഏതൊക്കെയോ പരിചയസമ്പന്നരായ നേതാക്കളുടെ വിഗദ്ധമായ കൈകൾ ഇതിന്റെ സംഘാടനത്തിന് പിന്നിലുണ്ടെന്ന സംശയം ബലപ്പെടുന്നുമുണ്ട്. ഏകദേശം അഞ്ച് ലക്ഷത്തോളം പേർ പ്രസ്തുത റാലിയിൽ പങ്കെടുക്കാൻ ജിഎംഡിസി ഗ്രൗണ്ടിലും പരിസരത്തുമായെത്തിയിരുന്നുവെന്നാണ് കണക്ക്. ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതോടനുബന്ധിച്ച് ഈ പരിസരത്ത് പാർക്ക്‌ചെയ്തിരുന്നത്.

ഒരു പട്ടിദാർ യൂത്ത് ബോഡിയായ സർദാർ പട്ടേൽ ഗ്രൂപ്പി(എസ്‌പിജി) ലെ അംഗമാണ് ഹർദിക്ക് പട്ടേൽ. ഇതിന്റെ വിരംഗം യൂണിറ്റിന്റെ പ്രസിഡന്റുമാണ് ഈ 22 കാരൻ. അഹമ്മദാബാദ് സജഹജാനന്ദ് കോളജിൽ നിന്നും സെക്കൻഡ് ക്ലാസിൽ താഴെ മാർക്ക് വാങ്ങി ബികോം പൂർത്തിയാക്കിയ സാധാരണ വിദ്യാർത്ഥിയായ ഹർദിക്കിനെ ദിവസങ്ങൾ കൊണ്ട് നേതാവാക്കി റാലി നടത്തിയതിന് പിന്നിൽ മറ്റേതോ പ്രമുഖ നേതാക്കളുടെ കരങ്ങളുണ്ടെന്നത് തീർച്ചയാണ്. ഒരു സാധാരണ കുടുംബത്തിൽ നിന്നും വരുന്ന ഹർദിക്ക് പഠനാനനന്തരം ബിസിനസിൽ അച്ഛനെ സഹായിച്ചു വരവെയാണ് ദിവസങ്ങൾ കൊണ്ട് രാജ്യത്തുടനീളം പേരെടുത്തതെന്നതും ഓർക്കേണ്ട വസ്തുതയാണ്. ഹർദിക്കിന്റെ അച്ഛൻ ഭാരത് ഭായി പട്ടേൽ ബിജെപിയുടെ ഇടത്തട്ടിലുള്ള ഒരു പ്രവർത്തകനാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ വിരംഗം മണ്ഡലത്തിൽ മത്സരിച്ചപ്പോൾ അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. വിഎച്ച്പി നേതാവ് പ്രവീൺ തൊഡാഗിയക്കൊപ്പം ഹർദിക്ക് നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. തൊഗാഡിയയ്ക്ക് മോദിയുമായും ഗുജറാത്തി മുഖ്യമന്ത്രിയുമായും അത്ര നല്ല ബന്ധമല്ല ഉള്ളതെന്നതും പ്രസക്തമാണ്. ഹർദിക് കോൺഗ്രസ് അനുഭാവിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഇല്ലാതില്ല.

തന്റെ പ്രസംഗത്തിൽ ഹർദിക്ക് അരവിന്ദ് കെജ്രിവാൾ, നിതീഷ് കുമാർ എന്നിവരെ പരാമർശിച്ചിരുന്നു. ഇരുവരും ഹർദിക്കിന് പിന്തുണയേകുന്നവരാണെന്ന തരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. ഇതിൽ നിതീഷ്‌കുമാർ പട്ടേൽ കലാപത്തിന് തന്റെ പരസ്യമായ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹർദിക്ക് പട്ടേലിന് പുറകിൽ ആരാണുള്ളതെന്നതിനെ കുറിച്ചുള്ള വ്യത്യസ്തമായ അഭ്യൂഹങ്ങളും ചർച്ചകളും തുടരുകയാണ്. വരുംനാളുകളിൽ ചിത്രം കൂടുതൽ തെളിഞ്ഞ് വരുമെന്ന് പ്രതീക്ഷിക്കാനെ ഇപ്പോൾ തരമുള്ളൂ.

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP