Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദി സർക്കാരിനു കീഴിലെ ഗുജറാത്തിൽ 2002ൽ കൊടുമ്പിരിക്കൊണ്ട കലാപം; കൊല്ലപ്പെട്ടതു കോൺഗ്രസ് എംപി ഉൾപ്പെടെ 69 പേർ; വിസ്തരിച്ചതു 338 പേരെ: ഗുൽബർഗ സൊസൈറ്റി കൂട്ടക്കൊലയുടെ നാൾവഴികൾ ഇങ്ങനെ

മോദി സർക്കാരിനു കീഴിലെ ഗുജറാത്തിൽ 2002ൽ കൊടുമ്പിരിക്കൊണ്ട കലാപം; കൊല്ലപ്പെട്ടതു കോൺഗ്രസ് എംപി ഉൾപ്പെടെ 69 പേർ; വിസ്തരിച്ചതു 338 പേരെ: ഗുൽബർഗ സൊസൈറ്റി കൂട്ടക്കൊലയുടെ നാൾവഴികൾ ഇങ്ങനെ

അഹമ്മദാബാദ്: നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിനുശേഷമാണു കോളിളക്കം സൃഷ്ടിച്ച ഗുൽബർഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസിൽ കോടതി വിധി വന്നത്. 24 പ്രതികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. 36 പേരെ കുറ്റവിമുക്തരാക്കി.

നാല് ദിവസങ്ങൾ കൂടി വിധിക്കായി കാത്തിരിക്കണം. കേസിൽ തിങ്കളാഴ്ചയാണ് വിധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന സംഭവമെന്നതിനാൽ തിങ്കളാഴ്ചത്തെ ശിക്ഷാവിധിയെ ഏറെ പ്രാധാന്യത്തോടെയാണ് ജനങ്ങൾ നോക്കിക്കാണുന്നത്.

ഗുൽബർഗ് കൂട്ടക്കൊലക്കേസ് എന്നതിനേക്കാൾ ഗുജറാത്ത് കലാപത്തിനിടയിൽ ഉണ്ടായ കൂട്ടക്കുരുതി എന്നു പറയുമ്പോഴാകും കേൾക്കുന്നവർക്ക് കൂടുതൽ മനസിലാകുക. മുസ്ലീങ്ങൾക്കെതിരെ വർദ്ധിച്ചു വരുന്ന പീഡന പരമ്പരകളുടെ ഒരുമുഖമെന്ന വിശേഷണമാണു ഗുജറാത്ത് കലാപത്തിനുള്ളത്. 2002ലായിരുന്നു ഗുജറാത്ത് കലാപത്തിനും തുടർന്ന് ഗുൽബർഗ സൊസൈറ്റി കൂട്ടക്കൊലയ്ക്കും ഇടയായ സംഭവങ്ങൾ അരങ്ങേറുന്നത്. ഫെബ്രുവരി 27 ന് ഗോധ്രയിൽ സബർമതി എക്സ്പ്രസ് ഒരു കൂട്ടം ആളുകൾ ചുട്ടുകരിച്ചപ്പോൾ അതിൽ എരിഞ്ഞമർന്നത് 790 ഓളം മുസ്ലീങ്ങളും 254 ഹിന്ദുക്കളുമായിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

ഗോധ്ര സംഭവത്തിന് തൊട്ടു പിറ്റേദിവസം അഹമ്മദാബാദിലെ നരോദയിൽ ഭാരതീയ ജനതാ പാർട്ടിയുടേയും, ബജ്രംഗദളിന്റെയും പ്രവർത്തകരെന്ന് ആരോപിക്കപ്പെടുന്ന അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം 97 മുസ്ലിംകളെ കൊലപ്പെടുത്തി എന്നാണ് കണക്കാക്കപ്പെടുന്നത്. പത്ത് മണിക്കൂറുകളോളം നീണ്ടു നിന്ന കലാപത്തിൽ സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി. ആളുകൾ ജീവനോടെ കത്തിയമർന്നു. ഇതാണ് കുപ്രസിദ്ധമായ നരോദപാട്യ കൂട്ടക്കൊല. ഇതിനിടെ തന്നെയായിരുന്നു ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയും അരങ്ങേറിയത്. അഹമ്മദാബാദിലെ ചമൻപുരയിലെ മുസ്ലീങ്ങൾ താമസിക്കുന്ന പ്രദേശമായ ഗുൽബർഗ് ഹൗസിങ് സൊസൈറ്റിയിൽ ഹിന്ദുക്കളുടെ ഒരു കൂട്ടം നടത്തിയ ആക്രമണത്തിൽ നിരവധി മുസ്ലീങ്ങളാണ് കൊല്ലപ്പെട്ടത്. ഇവിടെയുണ്ടായിരുന്ന മിക്ക വീടുകളും കത്തിച്ചാമ്പലാകുകയും മുൻ കോൺഗ്രസ്സ് എംപിയായിരുന്ന എഹ്സാൻ ജാഫ്രി ഉൾപ്പെടെ 35 പേർ ചുട്ടെരിയുകയും ചെയ്തു. 31 പേരെ സംഭവത്തിന് ശേഷം കാണാതായി. ഇവർ മരിച്ചുകാണുമെന്ന നിഗമനത്തിൽ അന്വേഷണ സംഘം പിന്നീട് എത്തിച്ചേരുകയുണ്ടായി. ഇതോടെ മരണസംഖ്യ 69 ആയി ഉയർന്നു.

നരേദ്യപാട്യയേയും ഗുൽബർഗ് കൂട്ടക്കൊലയേയും കൂടാതെ ഏഴോളം കലാപങ്ങൾ ഗുജറാത്തിൽ 2002 കാലഘട്ടത്തിൽ അരങ്ങേറി. മുസ്ലീങ്ങളും ഹിന്ദുക്കളും ഏറ്റുമുട്ടി ഗുജറാത്ത് കുരുതിക്കളമായ ഭീകരമായ കാഴ്ചകളായിരുന്നു അക്കാലത്ത് വാർത്തകളിൽ നിറഞ്ഞത്. ജീവനുവേണ്ടി കൈകൾ കൂപ്പി യാചിച്ച കുത്തുബുദ്ദീൻ അൻസാരിയേയും കൈയിൽ കുന്തമുയർത്തി അലറിവിളിച്ച അശോക് മോച്ചിയേയും ആരും എളുപ്പത്തിൽ മറക്കാനും ഇടയില്ല.

കലാപത്തിന് ശേഷം നിരവധിയാളുകൾക്കാണ് തങ്ങളുടെ വീടും നാടും വിട്ടിറങ്ങേണ്ടി വന്നത്. കത്തിക്കപ്പെട്ട 18 വീടുകളിൽ ഒരെണ്ണം മാത്രമേ പിന്നീട് പുനർനിർമ്മിക്കപ്പെട്ടിരുന്നുള്ളൂ. ഇവിടെ താമസിച്ചിരുന്ന ഒരു കുടുംബം പോലും പിന്നീട് ഇങ്ങോട്ട് തിരിച്ചുവരുകയുണ്ടായില്ല. ഇവരിൽ ചിലർ മാത്രം സംഭവം നടന്നതിന്റെ വാർഷികത്തിൽ ഇവിടെ ഒത്തുകൂടി പ്രാർത്ഥിക്കാറുണ്ട്. മരിച്ച ഉറ്റവർ തിരിച്ചു വരില്ലങ്കിലും തങ്ങൾക്ക് നീതി ലഭിക്കണമെന്നാണ് ഇവർ ഓരോരുത്തരും ആഗ്രഹിക്കുന്നത്.

ഗുൽബർഗ കൂട്ടക്കൊല കേസിൽ 24 പേർ കുറ്റക്കാരെന്ന് അഹമ്മദാബാദിലെ പ്രത്യേക വിചാരണ കോടതിയുടെ വിധി. ബിജെപി നേതാവ് വിപിൻ പട്ടേൽ അടക്കം 36 പേരെ കോടതി വെറുതെ വിട്ടു. വിധിയുടെ പശ്ചാത്തലത്തിൽ അഹമ്മദാബാദിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്തത് മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഇരകളുടെ അഭിഭാഷകൻ വാദിച്ചത്. എന്നാൽ, കോൺഗ്രസ് എംപി നിരവധി തവണ വെടിയുതിർത്തതിനെ തുടർന്നാണ് ജനക്കൂട്ടം അക്രമാസക്തരായതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

കേസിൽ ആകെ 66 പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിൽ 9 പേർ 14 വർഷമായി ജയിലിലാണ്. മറ്റുള്ളവർക്ക് ഇടക്കാലത്ത് ജാമ്യം ലഭിച്ചു. കലാപത്തിന്റെ ഇരകളായ 570 സാക്ഷികളെ സിജെപി കോടതിയിലെത്തിച്ചു. സുപ്രീം കോടതിയുടെ നിർദേശാനുസരണം പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. ടീസ്റ്റ സെതൽവാദ് നേതൃത്വം നൽകുന്ന സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (സിജെപി) നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമായിരുന്നു പുതിയ പ്രത്യേക അന്വേഷണ സംഘം. ഗുൽബർഗ കലാപവുമായി ബന്ധപ്പെട്ട് ജാഫ്രിയുടെ ഭാര്യ സാകിയ നൽകിയ കേസിൽ അന്വേഷണം തുടരുകയാണ്. ഗുൽബർഗ് അടക്കമുള്ള മുന്നൂറോളം കേസുകളിൽ സർക്കാരിലെ ഉന്നതരുടെ ഇടപെടൽ അന്വേഷിക്കണമെന്നാണു സാകിയ ആവശ്യപ്പെട്ടത്. ആർ.കെ.രാഘവന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തിയ കേസ് ഇപ്പോൾ വിചാരണ ഘട്ടത്തിലാണ്.

ഗുൽബർഗ കൂട്ടക്കൊലക്കേസ് നാൾ വഴികൾ

2002 ഫെബ്രുവരി 28: ഗുജറാത്ത് വംശഹത്യക്കിടെ അഹമ്മദാബാദിലെ ഗുൽബർഗ് ഹൗസിങ്? സൊസൈറ്റിയിൽ കൂട്ടക്കൊല. മുൻ കോൺഗ്രസ് എംപി ഇഹ്സാൻ ജാഫരി അടക്കം 69 പേർ കൊല്ലപ്പെട്ടു.

2007 നവംബർ 3: കുറ്റക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്നുള്ള ഇഹ്സാൻ ജാഫരിയുടെ ഭാര്യ സാകിയയുടെ പരാതി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കം 62 പേർ കേസിൽ പ്രതികളാണെന്നായിരുന്നു പരാതി.

2008 മാർച്ച് 27: ഗോധ്ര തീവെപ്പിന് മുമ്പും ശേഷവും നടന്ന ഒമ്പത് അക്രമസംഭവങ്ങളെ കുറിച്ച് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിക്കാൻ ഗുജറാത്ത് സർക്കാറിന് സുപ്രീംകോടതി നിർദ്ദേശം നൽകി. സിബിഐ മുൻ ഡയറക്ടർ ആർ.കെ രാഘവൻ ചെയർമാനായി അഞ്ചംഗ സംഘത്തെ രൂപീകരിച്ചു.

2010 ഓഗസ്റ്റ് 19: സാകിയ ജാഫരിയുടെ പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സുപ്രീംകോടതി അനുമതി നൽകി.

2011 മാർച്ച് 22: 2002ലെ വർഗീയ കലാപങ്ങളിൽ നരേന്ദ്ര മോദിക്ക് പങ്കുള്ളതായി ഗുജറാത്ത് ഡി.ഐ.ജിയായിരുന്ന സഞ്ജീവ് ഭട്ട് വെളിപ്പെടുത്തി.

2012 മാർച്ച് 3: നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ എസ്.ഐ.ടി റിപ്പോർട്ട് പുറത്തുവിടണമെന്ന് സാകിയ ജാഫരിയുടെ ആവശ്യം അഹമ്മദാബാദ് മെട്രോ പൊളിറ്റൻ കോടതി തള്ളി.

2014 നവംബർ 28: ഗുൽബർഗ കൂട്ടക്കൊല കേസിന്റെ വിചാരണ മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി.

2015 സെപ്റ്റംബർ 22: കൂട്ടക്കൊല കേസിന്റെ വിചാരണ പൂർത്തിയായി.

2016 ജൂൺ 2: ഗുൽബർഗ കൂട്ടക്കൊല കേസിൽ 24 പേർ കുറ്റക്കാരെന്ന് പ്രത്യേക കോടതി കണ്ടെത്തി. 36 പേരെ വെറുതെവിട്ടു

2016 ജൂൺ 6: കുറ്റക്കാരെന്ന് കണ്ടെത്തിയ 24 പേർക്കുള്ള ശിക്ഷ പ്രത്യേക ജഡ്ജി പി.ബി ദേശായി വിധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP