Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്വർണമെഡൽ നേടിയ ഷൂട്ടിങ് താരത്തെയും 'ലൗ ജിഹാദിന്' ഇരയാക്കാൻ ശ്രമിച്ചെന്നാരോപണം; ഭർത്താവിന്റെ വീട്ടിൽ നിന്ന് താര രക്ഷപ്പെട്ടത് പൊലീസ് സഹായത്തോടെ

റാഞ്ചി: ഭർത്താവിന്റെ മതത്തിലേക്ക് ചേരാൻ വിസമ്മതിച്ചതിന് തന്നെ ക്രൂരമായ പീഡനങ്ങൾക്ക് വിധേയയാക്കിയെന്ന പരാതിയുമായി നാഷണൽ ലെവൽ ഷൂട്ടിങ് താരമായ താര ഷാഡിയോ രംഗത്തെത്തി. 2011- 2012ലെ ഈസ്റ്റേൺ ഇന്ത്യ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് എന്ന നാഷണൽ ഇവന്റിൽ സ്വർണമെഡൽ നേടിയ ഷൂട്ടറാണ് താര. രഞ്ജിത്ത് കുമാർ കോഹ്ലി എന്നയാളെയാണ് താര വിവാഹം കഴിച്ചത്. എന്നാൽ അയാളുടെ യഥാർത്ഥ പേര് റാഖിബുൾ ഹസൻ ഖാൻ എന്നാണെന്നും താര പറയുന്നു. വിവാഹാനന്തരം അയാളുടെ മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ തയ്യാറാകാത്തതിന്റെ പേരിൽ താൻ ഒരു മാസത്തോളം ക്രൂരമായ പീഡനങ്ങൾക്ക് വിധേയയായെന്നാണ് താര പരാതിയിൽ പറയുന്നത്. ഇതിനെത്തുടർന്ന് ഝാർഖണ്ഡ് പൊലീസ് എഫ്‌ഐആർ തയ്യാറാക്കി വരികയാണ്.

റാഖിബുൾ ഹസൻ ഖാൻ റാഞ്ചിയിൽ രഞ്ജിത്ത് കുമാർ കോഹ്ലിയെന്നാണ് അറിയപ്പെടുന്നതെന്ന് റാഞ്ചി എസ്‌പി പ്രഭാത് കുമാർ മാദ്ധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി. താരയെ വിവാഹം ചെയ്ത ശേഷം അയാൾ അവരെ ഒരു നിക്കാഹിന് സമ്മർദം ചെലുത്തിയെന്നും അതിന് വഴങ്ങാത്തതിനാൽ അയാൾ അവരെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നും എസ് പി കൂട്ടിച്ചേർത്തു. ഐപിസി സെക്ഷൻ 295എ പ്രകാരമുള്ള കുറ്റമാണ് ഹസന്റെ പേരിൽ ചുമത്തിയിരിക്കുന്നത്. മററുള്ളവരുടെ വിശ്വാസങ്ങളെ അപമാനിക്കുന്നതിനെതിരെയുളള നിയമമാണിത്. ഓഗസ്റ്റ് 22ലെ എഫ്‌ഐആർ പ്രകാരം പൊലീസ് ഹസന്റെ രണ്ട് വീടുകളും ആറ് കാറുകളും സീൽ ചെയ്തിരിക്കുകയാണ്.

സംഭവത്തിൽ പ്രതിഷേധിച്ച് വിഎച്ച്പിയടക്കമുള്ള ഹിന്ദുസംഘടനകൾ ഇന്ന് റാഞ്ചിയിൽ ബന്ദിന് ആഹ്വാനം നൽകിയിരിക്കുകയാണ്. സംഭവത്തിൽ ഹസന്റെ പങ്ക് പുറത്ത് കൊണ്ടുവരാൻ സിബിഐ അന്വേഷണം നടത്തണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ഹസൻ ലൗ ജിഹാദിന്റെ വക്താവാണെന്നും അവർ ആരോപിക്കുന്നുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ ലൗ ജിഹാദ് ആരോപണത്തെ സാധൂകരിക്കുന്ന ആരോപണം ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.

സംഭവത്തെത്തുടർന്ന് ഓഗസ്റ്റ് 23ന് താര ഝാർഖണ്ഡ് വനിതാ കമ്മീഷൻ ചെയർ പേഴ്‌സൺ മഹുവ മൻജ്ഹിയെ കണ്ട് സ്ഥിതിഗതികൾ ധരിപ്പിച്ചിട്ടുണ്ട്. റാഞ്ചിയിലെ ഹോട്ട് വാർ സ്പോർട്സ് കോംപ്ലക്‌സിൽ ഷൂട്ടിങ് പരിശീലനത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുമ്പോൾ ഈ വർഷം മേയിലാണ് താൻ ഹസനെന്ന രഞ്ജിത്തിനെ കണ്ടതെന്നാണ് താര പറയുന്നത്. കോഹിലിയെന്നാണ് അയാൾ അറിയപ്പെടുന്നതെന്നും സംസ്ഥാനത്തെ ഉന്നതരുമായി ബന്ധമുണ്ടെന്ന് പറയുന്ന അയാൾ ഷൂട്ടിങ് റേഞ്ചിൽ സ്ഥിരം സന്ദർശകനാണെന്നുമാണ് താര വനിതാകമ്മീഷനെ ബോധിപ്പിച്ചത്. തന്റെ സുഹൃത്തുക്കളിലൂടെയാണ് അയാൾ വിവാഹാലോചന നടത്തിയത്. ജൂലൈ 20ന് റാഞ്ചിയിലെ ഒരു പഞ്ചനക്ഷത്രഹോട്ടിൽ വച്ച് ഹിന്ദു ആചാരപ്രകാരമാണ് അവരുടെ വിവാഹം നടന്നത്. മുൻ ഝാർഖഡ് സ്പീക്കറായ ഇന്ദർ സിങ് നംദരിയടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നതായും താര വനിതാ കമ്മീഷന് മൊഴി നൽകിയിട്ടുണ്ട്.

കോഹ്ലിയെന്നാണ് ഹസൻ അറിയപ്പെട്ടിരുന്നതെന്നും നിരവധിയാളുകൾ അയാളെക്കുറിച്ച് നല്ലത് പറഞ്ഞിരുന്നുവെന്നുമാണ് താരയുടെ അച്ഛൻ ലാൽ അംബിക നാഥ് ഷാഡിയോ പറയുന്നത്. നിക്കാഹിന് തന്നെ നിർബന്ധിച്ചതിന് പിന്നാലെ റഖിബൂൾ ഹസൻ ഖാൻ എന്ന പേരിൽ തന്റെ ഭർത്താവിന് കത്തുകൾ വരുന്നതും താര കാണാനിടയായി. ഇതിന് പുറമെ അദ്ദേഹത്തെ കാണാൻ വന്നവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നുവെന്നും താര വെളിപ്പെടുത്തി. ഇസ്ലാംമതം സ്വീകരിക്കാൻ ഭർത്താവ് തന്നിൽ സമ്മർദം ചെലുത്തിയതായും അതിന് വഴങ്ങാതിരുന്നപ്പോൾ ക്രൂരപീഡനങ്ങൾക്ക് വിധേയയാക്കിയതായും താര വനിതാ കമ്മീഷന് മുമ്പിൽ വെളിപ്പെടുത്തി. പീഡനത്തെതുടർന്നുണ്ടായ മുറിവുകളും താര കമ്മീഷനെ കാണിച്ച് കൊടുത്തിരുന്നു. നായയെ ഉപയോഗിച്ച് തന്നെ കടിപ്പിച്ചതിന്റെ മുറിവുകളും ഇതിൽ ഉൾപ്പെട്ടിരുന്നു.

പീഡനത്തെക്കുറിച്ച് കുടുംബക്കാരെ അറിയിക്കാതിരിക്കാൻ ഹസൻ താരയുടെ മൊബൈൽ ഫോൺ പിടിച്ച് വച്ചതായും പരാതിയുണ്ട്. കാര്യങ്ങൾ വെളിയിൽ പറഞ്ഞാൽ അവളുടെ പിതാവിനെയും സഹോദരനെയും കൊല്ലുമെന്നും അയാൾ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ഹസൻ വെളിയിൽ പോയ തക്കത്തിന് വേലക്കാരി വഴി തന്റെ സഹോദരന് അവൾ ഒരു മെസേജ് അയക്കുകയായിരുന്നു.

തുടർന്ന് ഓഗസ്റ്റ്19ന് ഒരു ഡസനിലധികം പൊലീസുകാരുമായി ഹസന്റെ വീട്ടിലെത്തി തങ്ങൾ അവളെ രക്ഷിക്കുകയായിരുന്നുവെന്ന് താരയുടെ സഹോദരൻ ദ്വീദ് നാഥ് ഷാഡിയോ പറഞ്ഞു. ശരീരത്തിൽ മുറിവുകളുണ്ടായിരുന്ന താരയെ റാഞ്ചി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് രണ്ടുദിവസത്തിന് ശേഷം അവർ ആശുപത്രിയിൽ നിന്നിറങ്ങി. അതിനിടെ ഹസനും അയാളുടെ അമ്മയും റാഞ്ചിയിൽ നിന്നും കടന്ന് കളയുകയും ചെയ്തു. അവരെ പിടികൂടാൻ വേണ്ടി കടുത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അവർ ഝാർഖഡ് കടന്നിട്ടുണ്ടാകുമെന്നാണ് ഡിവൈഎസ്‌പിയായ ദീപക് അംബാസ്ത് പറയുന്നത്. ഹസനെ അറസ്റ്റ് ചെയ്യാൻ വേണ്ടി സ്‌പെഷ്യൽ ടീം രൂപീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP