Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

'പുതിയ പാർലമെന്റ് മന്ദിരം അനിവാര്യമായിരുന്നു; ബിജെപി സർക്കാരിനെ അഭിനന്ദിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്'; ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം തെറ്റെന്ന് ഗുലാം നബി ആസാദ്

'പുതിയ പാർലമെന്റ് മന്ദിരം അനിവാര്യമായിരുന്നു; ബിജെപി സർക്കാരിനെ അഭിനന്ദിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്'; ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം തെറ്റെന്ന് ഗുലാം നബി ആസാദ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തെ വിമർശിച്ച് ഡി.പി.എ.പി പാർട്ടി അധ്യക്ഷൻ ഗുലാം നബി ആസാദ്.

ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുമായിരുന്നുവെന്ന് മാത്രമല്ല, ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം തെറ്റാണെന്നും കോൺഗ്രസ് വിട്ട ഗുലാം നബി ആസാദ് പറഞ്ഞു. റെക്കോർഡ് വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കിയ കേന്ദ്രസർക്കാരിനെ അഭിനന്ദിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

റെക്കോർഡ് സമയത്തിനുള്ളിൽ പുതിയ പാർലമെന്റ് മന്ദിരം സ്ഥാപിച്ചതിന് വിമർശിക്കുകയല്ല, ബിജെപി സർക്കാരിനെ അഭിനന്ദിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

പുതിയ പാർലമെന്റ് മന്ദിരം അനിവാര്യമായിരുന്നു. അതിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് പ്രധാനമന്ത്രിയാണോ രാഷ്ട്രപതിയാണോ എന്നത് വലിയ വിഷയമല്ല. ഉദ്ഘാടന ദിവസം ഡൽഹിയിൽ ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും ചടങ്ങിൽ പങ്കെടുക്കുമായിരുന്നു. എന്നാൽ അന്ന് മറ്റൊരു പരിപാടിയുള്ളതിനാൽ ചടങ്ങിനെത്താനാകില്ല. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനെ ശക്തമായി എതിർക്കുന്നെന്നും ഗുലാം നബി പറഞ്ഞു.

'ഏകദേശം 30-35 വർഷങ്ങൾക്ക് മുമ്പ് ഞാൻ പാർലമെന്ററികാര്യ മന്ത്രിയായിരുന്നപ്പോൾ പുതിയ പാർലമെന്റ് മന്ദിര നിർമ്മാണം ഞങ്ങൾ സ്വപ്നം കണ്ടിരുന്നു. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവും ശിവരാജ് പാട്ടീലും ഞാനും പദ്ധതിയെക്കുറിച്ച് ചർച്ചചെയ്യുകയും ഏകദേശ രൂപരേഖയുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഞങ്ങൾക്കത് ചെയ്യാൻ സാധിച്ചില്ല. എന്നാൽ ഇന്നതിന്റെ നിർമ്മാണം പൂർത്തിയായി. അത് നല്ലൊരു കാര്യമാണ്', ആസാദ് പറഞ്ഞു.

ഇത്ര ചെറിയ സമയത്തിനുള്ളിൽ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പറഞ്ഞ ഗുലാം നബി, ഈ നേട്ടം കൈവരിച്ച കേന്ദ്രസർക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു.

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഉൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികളാണ് മെയ്‌ 28-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുള്ളത്. ഉദ്ഘാടനം രാഷ്ട്രപതി നിർവഹിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ഉദ്ഘാടനം കണക്കിലെടുത്ത് തിങ്കളാഴ്ച ഡൽഹി നഗരത്തിൽ സമ്പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ അഞ്ചര മുതൽ വൈകിട്ട് മൂന്നുമണിവരെയാണ് നിയന്ത്രണം. ഡൽഹി പൊലീസും കേന്ദ്ര ഏജൻസികളും അർധ സൈനിക വിഭാഗങ്ങളും വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള വനിത മഹാപഞ്ചായത്ത് ഡൽഹി അതിർത്തികളിലും ജന്തർമന്തറിലുമായി സമരം ചെയ്യും. പൊലീസ് നടപടിയെടുത്താലും സമാധാനമായി പ്രതിഷേധിക്കാനാണ് താരങ്ങളുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP