Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുസ്ലിമായാൽ ജോലി മാത്രമല്ല, കിടപ്പാടവും നഷ്ടമാകും; മതത്തിന്റെ പേരിൽ യുവതിക്ക് മുംബൈയിൽ ഫ്‌ളാറ്റ് നിഷേധിക്കപ്പെട്ടെന്നു പരാതി

മുസ്ലിമായാൽ ജോലി മാത്രമല്ല, കിടപ്പാടവും നഷ്ടമാകും; മതത്തിന്റെ പേരിൽ യുവതിക്ക് മുംബൈയിൽ ഫ്‌ളാറ്റ് നിഷേധിക്കപ്പെട്ടെന്നു പരാതി

മുംബൈ: മുസ്ലിമായതുകൊണ്ടു മാത്രം ജോലി നിഷേധിക്കപ്പെട്ട സംഭവം കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിൽ നിന്നു പുറത്തുവന്നത്. ഇപ്പോഴിതാ മതത്തിന്റെ പേരിൽ യുവതിക്ക് കിടപ്പാടം വരെ നഷ്ടപ്പെടുന്ന അവസ്ഥ.

2002ലെ ഗുജറാത്ത് കലാപത്തിനുശേഷം തന്റെ ഉറച്ച നിലപാടുകൾ തുറന്നു പറഞ്ഞ മുസ്ലിം യുവതിക്കാണു മുംബൈയിലും കഷ്ടകാലം. മുസ്ലിമായതിന്റെ പേരിലാണ് മിസ്ബ ഖ്വാദിരി എന്ന ഇരുപത്തിയഞ്ചുകാരിക്ക് മുംബൈയിൽ അപ്പാർട്‌മെന്റ് നിഷേധിക്കപ്പെട്ടത്.

പരാതിയുമായി മിസ്ബ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ട്. വാദലയിലെ സാംഗ്‌വി ഹൈറ്റ്‌സിലാണ് സംഭവം. കമ്മ്യൂണിക്കേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് മിസ്ബാ ഖ്വാദിരി. ഏറെ അലഞ്ഞ ശേഷമാണ് വാദലയിൽ ഒരു മൂന്ന് ബെഡ് റൂം അപ്പാർട്‌മെന്റ് സാംഗ്‌വി ഹൈറ്റ്‌സിൽ അവർക്കു ലഭിച്ചത്.

എന്നാൽ, താമസം മാറുന്നതിന് തലേദിവസമാണ് അങ്ങോട്ട് പോകാനാവില്ലെന്നും മറ്റു താമസക്കാർ മുസ്ലിം വിഭാഗക്കാരെ അവിടെ താമസിക്കാൻ അനുവദിക്കുന്നില്ലെന്നും ഇടനിലക്കാരൻ അറിയിച്ചത്. താമസിക്കണമെങ്കിൽ സ്വന്തം ഉത്തരവാദിത്വത്തിൽ എന്ന് എഴുതി ഒപ്പിട്ടു നൽകണമെന്നും ഇടനിലക്കാരൻ മിസ്ബയെ അറിയിച്ചു.

അപ്പാർട്‌മെന്റിൽ വച്ച് എന്തെങ്കിലും അക്രമമുണ്ടായാലോ മറ്റു പീഡനങ്ങൾ ഉണ്ടായാലോ കെട്ടിട ഉടമയോ, ഇടനിലക്കാരനോ ഉത്തരവാദിയായിരിക്കില്ലെന്നും താൻ മാത്രമായിരിക്കും ഉത്തരവാദിയെന്നും എഴുതി നൽകണമെന്നായിരുന്നു ആവശ്യം. റെസ്യൂം സമർപിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, ഇക്കാര്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മിസ്ബ പറഞ്ഞു. സുഹൃത്തുക്കളുടെ പിന്തുണയോടെ അവിടെതന്നെ താമസവും ആരംഭിച്ചു. എന്നാൽ, ഒരാഴ്ച കഴിഞ്ഞപ്പോൾ ഇടനിലക്കാരൻ വീണ്ടും വിളിക്കുകയും പൊലീസിന്റെ സഹായത്തോടെ അപ്പാർട്‌മെന്റിൽ നിന്ന് ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അപ്പാർട്‌മെന്റിന്റെ ഉടമസ്ഥരെ ചെന്നു കണ്ടപ്പോൾ മുസ്ലിങ്ങൾക്ക് ഫ്‌ളാറ്റ് നൽകേണ്ടതില്ലെന്നത് കമ്പനി തീരുമാനമാണെന്നായിരുന്നു മറുപടി. വൈകാതെ അവിടെനിന്ന് ഒഴിയേണ്ടി വരികയായിരുന്നു. മുസ്ലിമിനെ താമസിപ്പിച്ചതിന്റെ പേരിൽ ഈ അപ്പാർട്ട്‌മെന്റിൽ താമസിച്ചിരുന്ന മറ്റു സ്ത്രീകൾക്കും കിടപ്പാടം നഷ്ടമായ അവസ്ഥയാണ് ഉണ്ടായത്. മിസ്ബയെ പിന്തുണച്ചതിന്റെ പേരിൽ ഹിന്ദുമതവിശ്വാസികളായ രണ്ട് സ്ത്രീകൾക്കാണ് ഒഴിയേണ്ടി വന്നത്.

നേരത്തെ മുംബൈ സ്വദേശിയും എംബിഎക്കാരനുമായ സിഷാൻ അലി ഖാന് പ്രശസ്തമായ ഡയമണ്ട് കയറ്റുമതി കമ്പനിയായ ഹരികൃഷ്ണ എക്‌സ്‌പോർട്ട്‌സ് ജോലി നിഷേധിച്ചിരുന്നു. മുസ്ലിമായതിന്റെ പേരിലായിരുന്നു ഈ നടപടി. കമ്പനിയുടെ മതവിവേചനത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുകയാണ് ഇപ്പോൾ യുവാവ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP