Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ നിലവിളിയാണ് ആശുപത്രിയിലെങ്കിൽ അതിലും ഭീകരമാണ് പുറത്തെ കാഴ്‌ച്ച; ജനസാന്ദ്രമായിരുന്ന നഗരങ്ങൾ വിജനവീഥികളായി മാറിക്കഴിഞ്ഞു; നിമിഷ നേരം കൊണ്ട് പൊട്ടിയ ബോംബുകൾ ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ തകർത്ത് തരിപ്പണമാക്കി'; ശ്രീലങ്കയിലെത്തിയ മലയാളി ഡോക്ടറുടെ വിവരണം കേട്ടാൽ കരളുരുകും; കാഴ്‌ച്ച നഷ്ടപ്പെട്ട കുരുന്നുകൾ അടക്കമുള്ളവരുടെ നിലവിളികൾ നിലയ്ക്കുന്നില്ല

'ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ നിലവിളിയാണ് ആശുപത്രിയിലെങ്കിൽ അതിലും ഭീകരമാണ് പുറത്തെ കാഴ്‌ച്ച; ജനസാന്ദ്രമായിരുന്ന നഗരങ്ങൾ വിജനവീഥികളായി മാറിക്കഴിഞ്ഞു; നിമിഷ നേരം കൊണ്ട് പൊട്ടിയ ബോംബുകൾ ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ തകർത്ത് തരിപ്പണമാക്കി'; ശ്രീലങ്കയിലെത്തിയ മലയാളി ഡോക്ടറുടെ വിവരണം കേട്ടാൽ കരളുരുകും; കാഴ്‌ച്ച നഷ്ടപ്പെട്ട കുരുന്നുകൾ അടക്കമുള്ളവരുടെ നിലവിളികൾ നിലയ്ക്കുന്നില്ല

മറുനാടൻ ഡെസ്‌ക്‌

കൊളംബോ: ഈസ്റ്റർ ദിനത്തിലുണ്ടായ സ്‌ഫോടനപരമ്പര അരങ്ങേറി ഒരാഴ്‌ച്ച പിന്നിടുമ്പോഴും ശ്രീലങ്കയിൽ നിലവിളികൾ നിലയ്ക്കുന്നില്ല. ഞൊടിയിടയിൽ സമ്പദ് വ്യവസ്ഥ തന്നെ തകർന്ന് തരിപ്പണമായാണ് ലങ്ക ഇപ്പോഴുള്ളതെന്ന് മലയാളിയായ ഡോക്ടർ സന്തോഷ് പറയുന്നു. ആശുപത്രികളിൽ ഇപ്പോഴും നിലവിളിയുടെ ശബ്ദമാണ് ഉയർന്ന് നിൽക്കുന്നത്. പ്രിയപ്പെട്ടവുടെ മൃതദ്ദേഹങ്ങൾ കൊണ്ടു പോകുന്നത് കാണുന്ന അവസരത്തിൽ നെഞ്ചു പൊട്ടുമാറുറക്കെ കരയാനല്ലാതെ ഇവർക്ക് ഒന്നിനും സാധിക്കുന്നില്ല. ജനങ്ങൾ തിങ്ങിപ്പാർത്തിരുന്ന പല സ്ഥലങ്ങളിലും ആരെയും കാണാൻ സാധിക്കാത്ത അവസ്ഥ.

ഇരു കണ്ണിന്റെയും കാഴ്‌ച്ച നഷ്ടപ്പെട്ട കുരുന്നുകളും പ്രായാധിക്യത്താൽ കഴിയുന്ന നാളുകളിൽ സ്‌ഫോടനത്തിന് ഇരയായി നരകിക്കേണ്ടി വരുന്ന ആളുകളേയും വരെ ഇപ്പോൾ ശ്രീലങ്കയിൽ കാണാം. സ്‌ഫോടനത്തിൽ പരുക്കേറ്റ ആളുകളെ ശുശ്രൂഷിക്കാനായി ശ്രീലങ്കയിൽ എത്തിയതാണ് ഡോ. സന്തോഷ്. 359 ആളുകളുടെ മരണത്തിനും അഞ്ഞൂറിലധികം ആളുകൾക്ക് സാരമായി പരുക്കേൽക്കുകയും ചെയ്ത ദുരന്തത്തിൽ നിന്നും കരകയറി വരാൻ ശ്രീലങ്കയ്ക്ക് എത്രനാൾ വേണ്ടി വരുമെന്ന ആശങ്കയും ഇപ്പോൾ ഉയരുന്നുണ്ട്.

കൊളംബോയിലെ പള്ളികളിലുണ്ടായ സ്ഥോടനത്തിൽ തകർന്നിരിക്കുന്ന ശ്രീങ്കയ്ക്ക് വേണ്ടി പല രാജ്യങ്ങളും സഹായ ഹസ്തം നീട്ടിയെങ്കിലും അവയെല്ലാം സ്‌നേഹത്തോടെ നിരസിക്കുകയാണ് ഭരണകൂടം ചെയ്തത്. അതുകൊണ്ടുതന്നെ സർക്കാർ പ്രതിനിധികൾക്ക് സ്‌ഫോടനം ഏറ്റുവാങ്ങിയ ശ്രീലങ്കൻ ജനതയെ നേരിട്ട് സഹായിക്കാനാകില്ല. പ്രളയകാലത്ത് കേരളത്തെ സഹായിക്കാൻ വിവിധ രാജ്യങ്ങൾ തീരുമാനിച്ചപ്പോൾ അത് വേണ്ട എന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നുവെന്നും ഓർക്കണം. ലോകരാജ്യങ്ങളുടെ സഹായത്തിന് ശ്രീലങ്കൻ സർക്കാർ അനുമതി നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ വിവിധ എൻ ജി ഒകളുമായി സഹകരിച്ചുള്ള സഹായഹസ്തവുമായാണ് ഡോ. സന്തോഷ് അടക്കമുള്ളവർ ലങ്കയിലെ ആശുപത്രികളിലെത്തിയത്.

ഇന്റർനാഷണൽ മെഡിക്കൽ കോർപ്പ്‌സ് എന്ന എൻ ജി ഒ വഴിയാണ് സന്തോഷ് എത്തിയത്. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേർസ് എന്ന എൻ ജി ഒയുടെ സൗത്ത് ഏഷ്യൻ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. ആ ബന്ധം ഉപയോഗിച്ചാണ് ശ്രീലങ്കയിൽ സഹായത്തിനെത്തിയത്. മൂന്ന് പ്രധാന കേന്ദ്രങ്ങളിലുണ്ടായ സ്‌ഫോടനം ശ്രീലങ്കൻ ജനതയ്ക്ക് സമ്മാനിച്ച ദുരന്തം ചെറുതായിരുന്നില്ല. സ്‌ഫോടനത്തിൽ ചിതറിയ ശരീരങ്ങളുമായി ആശുപത്രിയിൽ രക്ഷ തേടിയവരെയാണ് സന്തോഷ് കണ്ടത്. കൊളംബോയിലെ നാഷണൽ ഹോസ്പിറ്റൽ ഓഫ് ശ്രീലങ്ക, നെഗംബോ ജില്ലാ ആശുപത്രി, ബെട്ടികലോവ ടീച്ചിങ് ആശുപത്രി ഏന്നീ മൂന്ന് ആശുപത്രികളിലായാണ് ഇവരിൽ ഏറിയപങ്കും ചികിത്സ തേടിയത്.

കൊളംബോയിലെ നാഷണൽ ഹോസ്പിറ്റൽ ഓഫ് ശ്രീലങ്കയിലായിരുന്നു ഏറ്റവും കൂടുതൽ പേരെ പ്രവേശിപ്പിച്ചത്. ഇവിടെ 375 പേരാണ് ചികിത്സ തേടിയത്. ഇവരിൽ ഏറിയപങ്കും ഇതിനകം ആശുപത്രി വിട്ടുകഴിഞ്ഞു. ഏറക്കുറെ 30 പേർ മാത്രമാണ് ആശുപത്രിയിൽ ശേഷിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ആയതിനാൽ തന്നെ അത്യന്താധുനിക സൗകര്യങ്ങളും സംവിധാനങ്ങളും ഇവിടെ ഉണ്ടായിരുന്നു. പുറത്തുനിന്നുള്ള സഹായവും സേവനവും ഇവിടെ വേണ്ടി വന്നില്ലെന്ന് സന്തോഷ് വ്യക്തമാക്കി. രണ്ടാം സ്‌ഫോടനം നടന്നതിനടുത്തായിരുന്നു നെഗംബോ ജില്ലാ ആശുപത്രി. കൊളംബോയിൽ നിന്ന് കേവലം 30 കിലോമീറ്റർ മാത്രം അകലമുള്ളതിനാലും ജില്ലാ ആശുപത്രി ആയതിനാലും അത്യാവശ്യ സൗകര്യങ്ങളെല്ലാം ഇവിടെയും ലഭ്യമായിരുന്നു.

സ്‌ഫോടനമേറ്റ 75 പേരെയാണ് ഇവിടെ ചികിത്സിച്ചത്. ഈ രണ്ട് ആശുപത്രികളും സിംഹള മേഖലയിലായിരുന്നതിനാൽ തന്നെ അതിന്റെ ഗുണങ്ങളെല്ലാം ദൃശ്യമായിരുന്നെന്നും സന്തോഷ് വിവരിച്ചു. മൂന്നാം സ്‌ഫോടനം നടന്ന ബെട്ടികലോവ മേഖലയിലെ ആശുപത്രിയിലായിരുന്നു സന്തോഷ് അടക്കമുള്ളവർ ഏറെ സമയവും ചിലവഴിച്ചത്. ബെട്ടികലോവ തമിഴ് മേഖലയിൽ പെട്ട പ്രദേശമാണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ ആശുപത്രിയിലും സൗകര്യങ്ങളുടെ അപര്യാപ്തത നിഴലിച്ചിരുന്നു. ബെട്ടികലോവ ടീച്ചിങ് ആശുപത്രിയിൽ 125 പേരെയാണ് പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ സൗകര്യങ്ങൾ തീരെ പരിതാപകരമായിരുന്നു.

ആശുപത്രിയിലെ ഡോക്ടർമാർക്കൊപ്പം റൗണ്ട്‌സിലടക്കം പങ്കെടുത്ത് പരിക്കേറ്റവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് എത്തിച്ചുകൊടുക്കാൻ സാധിച്ചു. ആശുപത്രിയിൽ വേണ്ട സൗകര്യങ്ങൾ എത്തിക്കാനും എൻ ജി ഒകൾ വഴിയുള്ള പ്രവർത്തനത്തിലൂടെ സാധിച്ചതായി സന്തോഷ് വിശദമാക്കി. ഐ സി യുവിലും മറ്റുമായി 35 ഓളം പേർ ഇപ്പോഴും ഇവിടെ ചികിത്സയിലുണ്ട്. രണ്ട് കണ്ണിനും കാഴ്ച നഷ്ടമായവർ, കാല് പോയവർ, കണ്ണ് പോയവർ, തുടങ്ങി ചിതറിത്തെറിച്ച ശരീരവുമായി ജീവിക്കുന്നവരാണ് അവരിൽ ഏറിയപങ്കും. ഏല്ലാ ദുരന്തങ്ങളിലെയും പോലെ ഇവിടെയും കുട്ടികളും മറ്റുമാണ് സ്‌ഫോടനത്തിന്റെ ഭീകരത ഏറ്റുവാങ്ങിയതെന്നും ഭീതീ ജനകമായ അവസ്ഥയാണുള്ളതെന്നും സന്തോഷ് പറയുന്നു.

ചികിത്സയുടെ കാര്യങ്ങളും സഹായവും മറ്റും നോക്കുന്നതിനൊപ്പം അവിടുത്തെ ഡോക്ടർമാർക്കായി ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സന്തോഷ്. എപ്പോൾ വേണമെങ്കിലും പ്രശ്‌നങ്ങളും സമാന സാഹചര്യവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഡോക്ടർമാരെ അതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. സ്‌ഫോടനം കഴിഞ്ഞ ശേഷം വെടിവെപ്പിൽ 18 പേർ മരിച്ചത് ശ്രീലങ്കയിലെ സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറാം എന്നതിന്റെ തെളിവാണ്. മാസ് കാഷ്യാലിറ്റി ഉണ്ടായാൽ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചാകും ഡോക്ടർമാർക്ക് ട്രെയിനിങ് നൽകുകയെന്ന് സന്തോഷ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP