Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എബിവിപി നേതാവിനെ ചോദ്യം ചെയ്ത ദളിത് പിഎച്ച്ഡി വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്നു പുറത്താക്കി; പോകാൻ ഇടമില്ലാതെ ടെന്റടിച്ചു ക്യാമ്പസിൽ കഴിഞ്ഞവർക്കു നേരെ വീണ്ടും അതിക്രമം: സസ്‌പെൻഷനിലായ വിദ്യാർത്ഥികളിൽ ഒരാൾ ആത്മഹത്യ ചെയ്തു

എബിവിപി നേതാവിനെ ചോദ്യം ചെയ്ത ദളിത് പിഎച്ച്ഡി വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്നു പുറത്താക്കി; പോകാൻ ഇടമില്ലാതെ ടെന്റടിച്ചു ക്യാമ്പസിൽ കഴിഞ്ഞവർക്കു നേരെ വീണ്ടും അതിക്രമം: സസ്‌പെൻഷനിലായ വിദ്യാർത്ഥികളിൽ ഒരാൾ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ പ്രശ്‌നങ്ങളെത്തുടർന്നു സസ്‌പെൻഷനിലായ ദളിത് വിദ്യാർത്ഥികളിൽ ഒരാൾ ആത്മഹത്യ ചെയ്തു. രോഹിത് വെമുല എന്ന പിഎച്ച്ഡി വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്.

ക്യാമ്പസിൽ എബിവിപി നേതാവിനെ ചോദ്യം ചെയ്തു എന്നാരോപിച്ചാണു രോഹിത് അടക്കമുള്ള വിദ്യാർത്ഥികൾക്കു സസ്‌പെൻഷൻ ലഭിച്ചത്. ഹോസ്റ്റലിൽ നിന്നു പുറത്താക്കിയതോടെ എവിടെയും പോകാൻ ഇടമില്ലാതെ രോഹിത് അടക്കമുള്ളവർ ടെന്റടിച്ചു ക്യാമ്പസിൽ കഴിയുകയായിരുന്നു.

ഇതിനിടെയാണു രോഹിത് വെമുല ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് അഞ്ചു വിദ്യാർത്ഥികളാണു സസ്‌പെൻഡ് ചെയ്യപ്പെട്ടത്. ഇവരിൽ ഒരാളായിരുന്നു രോഹിത്. സർവകലാശാലയിൽ രാഷ്ട്രമീമാംസയിൽ ഗവേഷക വിദ്യാർത്ഥിയായിരുന്നു രോഹിത്. ഗുണ്ടൂർ സ്വദേശിയായ രോഹിതിന്റെ സസ്‌പെൻഷനെതിരെ സർവകലാശാലയിൽ വിദ്യാർത്ഥി പ്രക്ഷോഭം നടന്നു വരുകയായിരുന്നു. അതിനിടെയാണ് ആത്മഹത്യ ചെയ്തത്.

അംബേദ്കർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകനായ രോഹിത് തന്റെ സംഘടനയുടെ കൊടിയിൽ തൂങ്ങി മരിക്കുകയായിരുന്നു. സർവ്വകലാശാലയിലുണ്ടായ പ്രശ്‌നങ്ങളും സാഹചര്യങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നതിനാൽ സംഭവത്തിൽ പ്രതിഷേധിച്ചു വിദ്യാർത്ഥികൾ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കെതിരെയുള്ള നടപടികൾ പിൻവലിക്കണമെന്ന ആവശ്യവുമായി ക്യാമ്പസിലെ ചില സംഘടനകൾ ചേർന്ന് ജോയിന്റ് ആക്ഷൻ കമ്മറ്റി രൂപീകരിച്ച് ക്യാമ്പസിലെ ഷോപ്പിങ് കോംപ്ലക്‌സിന് നടുവിൽ ഞായറാഴ്‌ച്ച റിലേ നിരാഹാര സമരം ആംരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് രോഹിതിന്റെ ആത്മഹത്യ. രോഹിതിന്റെ മരണത്തിനു കാരണം സർവ്വകലാശാലയും ബിജെപി നേതാക്കളും എ.ബി.വി.പി യും ആണെന്ന് രാജ്യത്തെമ്പാടുമുള്ള ദളിത് ന്യൂനപക്ഷ ആക്ടിവിസ്ടുകളും ഗവേഷകരും പ്രതികരിച്ചു. സംഘ പരിവാറിന്റെ വാലായി മാറുന്ന വി സി യെ പുറത്താക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

'മുസാഫർനഗർ ബാക്കി ഹെ' പ്രദർശിപ്പിക്കാൻ എ.എസ്.എ തീരുമാനിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പ്രദർശനം എ.ബി.വി.പി തടസ്സപ്പെടുത്തുകയും എ.എസ്.എ വിദ്യാർത്ഥികൾക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പരാമർശങ്ങൾ നടതത്തുകയും ചെയ്തു. ഇതോടെ ഇവർ മാപ്പു പറയണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ രംഗത്തെത്തി. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് എ.ബി.വി.പി പ്രവർത്തകർക്ക് മാപ്പ് എഴുതി നൽകേണ്ടിവന്നു. ഈ വിഷയം പ്രദേശത്തെ എ.ബി.വി.പിക്കൊപ്പം പ്രദേശത്തെ ബിജെപി ആർഎസ്എസ് പ്രവർത്തകർ ഏറ്റെടുക്കുകയും എ.എസ്.എ നേതാക്കൾക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് നടപടിയെടുക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു.

വി സിയുടെ കീഴിൽ ഒരു കമ്മിറ്റി രൂപീകരിച്ച് ആരോപണങ്ങൾ അന്വേഷിച്ചപ്പോൾ അതിൽ വസ്തുതയില്ലെന്നു തെളിഞ്ഞു. എന്നിട്ടും സമ്മർദ്ദത്തെ തുടർന്ന് ഈ വിദ്യാർത്ഥികളെ പുറത്താക്കുന്നതായി വി സി നോട്ടീസ് ഇറക്കി. എന്നാൽ വിദ്യാർത്ഥികൾക്കിടയിൽ നിന്നുള്ള ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഈ ഉത്തരവ് പിൻവലിച്ചു. എന്നാൽ ഈ വിദ്യാർത്ഥികൾക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് സെക്കന്തരാബാദ് എംപിയും തൊഴിൽ മന്ത്രിയുമായ ബന്ദാരു ദത്തട്രേയ രംഗത്തുവരികയായിരുന്നു. ഇവർ ജാതീയത വച്ചുപുലർത്തുന്നവരും തീവ്രവാദികളും ദേശദ്രോഹികളുമാണെന്ന് നിർദ്ദേശിച്ച് എംപി കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് കത്തയക്കുകയും ചെയ്തു. ഈ വിദ്യാർത്ഥികൾ യാക്കൂബ് മേമന്റെ വധശിക്ഷയെ എതിർക്കുകയും ചെയ്‌തെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

തുടർന്ന് യാക്കൂബ് മേമൻ കേസിൽ എ.എസ്.എ വിദ്യാർത്ഥികൾ സ്വീകരിച്ച നിലപാട് സംബന്ധിച്ച് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് സംഘപരിവാർ ശക്തികൾ വി സിയെ സമീപിച്ചു. ഇക്കാര്യത്തിൽ യാതൊരു വിശദീകരണം തേടാതെ വി സി ദളിത് വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്നും പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. ജനുവരി ആദ്യവാരമാണ് യാക്കൂബ് മേമന്റെ വധശിക്ഷയെ എതിർത്തു എന്നാരോപിച്ച് അഞ്ച് ദളിത് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.

അധികൃതരുടെ വർണവിവേചനമാണ് പീഡനത്തിനു കാരണമെന്നു കാട്ടി രോഹിത് വെമുലയ്ക്ക് ഐക്യദാർഢ്യവുമായി രാജ്യത്തെ കാമ്പസുകളും വിദ്യാർത്ഥിസംഘടനകളും രംഗത്തെത്തിയിട്ടുണ്ട. തിങ്കളാഴ്ച ഉച്ചക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് മുന്നില് 'കുറ്റവാളികളെ ശിക്ഷിക്കുക , രോഹിതിന്റേത് ഇൻസ്റ്റിറ്റിയൂഷണൽ കൊലപാതകമാണ് ' എന്ന മുദ്രാവാക്യമുയർത്തി വിദ്യാർത്ഥികൂട്ടായ്മകൾ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.

ദളിത് ന്യൂനപക്ഷ സംഘടനകളും മറ്റു വിദ്യാർത്ഥികളും ചേർന്ന് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി കാമ്പസിൽ ഹൈദരാബാദ് സർവകലാശാല വി സി യുടെ കോലം കത്തിക്കുകയും പ്രതിഷേധ കൂട്ടായ്മ നടത്തുകയും ചെയ്തു. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ (ടിസ്സ്) തിങ്കളാഴ്ച മുഴുവൻ ക്ലാസ്സുകളും ബഹിഷ്‌കരിക്കാൻ വിദ്യാർത്ഥികൾ ആഹ്വാനം ചെയ്തു. കോളേജിൽ പ്രതിഷേധ പരിപാടികളും ഇന്നു നടത്തുന്നുണ്ട്.

കേരളത്തിലും വിദ്യാർത്ഥി സംഘടനകൾ രോഹിത്തിന്റെ മരണത്തിൽ നടപടി ആവശ്യപ്പെട്ടു ക്ലാസ് ബഹിഷ്‌കരിക്കും. കോഴിക്കോട് ഫാറൂഖ് കോളേജിൽ സംയുക്ത പഠിപ്പുമുടക്കിനു ആഹ്വാനം ചെയ്തിട്ടുണ്ട്. ഹൈദരാബാദ് ഇഫ്‌ലു കാമ്പസിലും പ്രതിഷേധം തുടരുകയാണ്. രോഹിതിന്റെ മരണം അന്വേഷിക്കാൻ , ഹൈദരാബാദ് സർവകലാശാല അധികൃതരെ പൂർണമായും ഒഴിവാക്കികൊണ്ട് ഒരു സ്വതന്ത്ര ജുഡീഷ്യൽ കമ്മിറ്റി സ്ഥാപിക്കാൻ എസ് ഐ ഓ ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ എസ് എഫ് ഐ ദേശീയ പ്രസിഡന്റ് വി ശിവദാസൻ ആഹ്വാനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP