Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിന്നലാക്രമണ വിവാദം കത്തിപ്പടരുന്നു; കോൺഗ്രസ് വാദത്തെ അനുകൂലിച്ചും എതിർത്തും മുൻ സൈനികമേധാവികളും; നരേന്ദ്ര മോദിക്ക് മുമ്പും മിന്നലാക്രമണങ്ങൾ ഇന്ത്യ നടത്തിയിട്ടുണ്ടെന്ന് 2016ലെ മിന്നലാക്രമണത്തിന് നേതൃത്വം നൽകിയ ലഫ്‌നന്റ് ജനറൽ ഡി എസ് ഹൂഡ; തന്റെ കാലത്ത് എപ്പോഴാണ് മിന്നലാക്രമണം നടത്തിയതെന്ന ചോദ്യവുമായി വി കെ സിംഗും; വിവാദം മുറുകുമ്പോൾ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ചൂടൻ വിഷയമായി രാജ്യ സുരക്ഷയും

മിന്നലാക്രമണ വിവാദം കത്തിപ്പടരുന്നു; കോൺഗ്രസ് വാദത്തെ അനുകൂലിച്ചും എതിർത്തും മുൻ സൈനികമേധാവികളും; നരേന്ദ്ര മോദിക്ക് മുമ്പും മിന്നലാക്രമണങ്ങൾ ഇന്ത്യ നടത്തിയിട്ടുണ്ടെന്ന് 2016ലെ മിന്നലാക്രമണത്തിന് നേതൃത്വം നൽകിയ ലഫ്‌നന്റ് ജനറൽ ഡി എസ് ഹൂഡ; തന്റെ കാലത്ത് എപ്പോഴാണ് മിന്നലാക്രമണം നടത്തിയതെന്ന ചോദ്യവുമായി വി കെ സിംഗും; വിവാദം മുറുകുമ്പോൾ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ചൂടൻ വിഷയമായി രാജ്യ സുരക്ഷയും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിന് മുൻപും ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ലഫ്‌നന്റ് ജനറൽ ഡി.എസ്. ഹൂഡ. 2016ലെ മിന്നലാക്രമണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ് ഡി.എസ്. ഹൂഡ. മോദി ഭരണകാലത്തിന് മുൻപ് ഇന്ത്യ ആറ് തവണ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് അവകാശപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസിന്റെ വാദം തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായി രാജ്യസുരക്ഷ സംബന്ധിച്ച ദർശന രേഖ തയ്യാറാക്കിയത് ഡി.എസ്. ഹൂഡയായിരുന്നു.

അതേസമയം, ഇന്ത്യ മുൻപ് ആറ് മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന കോൺഗ്രസ് വാദത്തിൽ കരസേനയിലെ മുതിർന്ന മുൻ ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നാഭിപ്രായം. മോദി ഭരണകാലത്തിന് മുൻപും ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന് ലഫ്റ്റനന്റ് ജനറൽ ഡിഎസ് ഹൂഡ പറയുമ്പോൾ മുൻ കരസേന മേധാവിയും ബിജെപി സ്ഥാനാർത്ഥിയുമായ വി കെ സിങ് ഈ അവകാശവാദത്തെ തള്ളിക്കളയുകയാണ് ഉണ്ടായത്.

മോദി ഭരണകാലത്തിന് മുൻപ് ഇന്ത്യ ആറ് തവണ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് അവകാശപ്പെട്ടതോടെയാണ് രാഷ്ട്രീയപ്പോര് തുടങ്ങിയത്. കോൺഗ്രസ് വാദം തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് രണ്ട് മുൻ കരസേന മേധാവികൾ തന്നെ വിവാദത്തിൽ പങ്കുചേർന്നത്.

കോൺഗ്രസ് കള്ളം പറയുകയാണെന്നും തന്റെ കാലഘട്ടത്തിൽ എപ്പോഴാണ് സൈന്യം മിന്നലാക്രമണം നടത്തിയതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും മുൻ കരസേന മേധാവിയും ഗസ്സിയാബാദിലെ ബിജെപി സ്ഥാനാർത്ഥിയുമായ വികെ സിങ് പ്രതികരിച്ചു. മിന്നലാക്രമണം നടത്താൻ രാഷ്ട്രീയ നേതൃത്വം ആവശ്യപ്പെട്ട കാലം തന്റെ ഓർമ്മയിലില്ലെന്ന് കരസേന മുൻ മേധാവി ജനറൽ വി.പി.മാലിക്കും വ്യക്തമാക്കി. ഈ വാദങ്ങൾ തള്ളിയാണ് 2016ൽ മിന്നലാക്രമണത്തിന് നേതൃത്വം നൽകിയെന്ന് അവകാശവാദം ഉന്നയിച്ച് ലഫ്റ്റനന്റ് ജനറൽ ഡിഎസ് ഹൂഡ രംഗത്തെത്തിയിരിക്കുന്നത്..

ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി രാജ്യസുരക്ഷ സംബന്ധിച്ച ദർശന രേഖ തയ്യാറാക്കിയത് ഡിഎസ് ഹൂഡയായിരുന്നു. മിന്നലാക്രമണം സംബന്ധിച്ച വാക്‌പോരിലേക്ക് കരസേന മുൻ ഉദ്യോഗസ്ഥർ കൂടി പങ്കാളിയായതോടെ വരുംദിവസങ്ങളിലെ ദേശസുരക്ഷ അടിസ്ഥാനമാക്കിയുള്ള പ്രചാരണം പുതിയ തലങ്ങളിലേക്കാകും എത്തുക.

2016 സെപ്റ്റംബർ 28നാണ് ഇന്ത്യ ആദ്യമായി മിന്നലാക്രമണം നടത്തിയത് എന്നാണ് നരേന്ദ്ര മോദിയും ബിജെപിയും വാദിക്കുന്നത്. ജമ്മു കശ്മീരിലെ ഉറിയിൽ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തിനു മറുപടിയായിട്ടായിരുന്നു അർധരാത്രിയിൽ പാക് അതിർത്തി കടന്നുള്ള ഇന്ത്യൻ കമാൻഡോകളുടെ മിന്നലാക്രമണം. 'സർജിക്കൽ സ്‌ട്രൈക്ക്' എന്നു നാം അഭിമാനത്തോടെ വിശേഷിപ്പിച്ച ആ മിന്നലാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത് പാരാഷൂട്ട് റെജിമെന്റിന്റെ ഭാഗമായ പാരാകമാൻഡോകളായിരുന്നു. പാക് അധീന കശ്മീരിൽ(പിഒകെ) മൂന്ന് കിലോമീറ്റർ വരെ ഉള്ളിലെത്തി ഭീകരരുടെ ഇടത്താവളങ്ങൾ ആക്രമിച്ചു തകർക്കുകയായിരുന്നു നമ്മുടെ കമാൻഡോകൾ.

സെപ്റ്റംബർ 18നായിരുന്നു ഇന്ത്യയെ പ്രകോപിപ്പിച്ച ഉറി ആക്രമണം. അന്നു സൈനിക ക്യാംപിൽ വീരമൃത്യു വരിച്ചത് 17 ഇന്ത്യൻ ജവാന്മാരായിരുന്നു. അതിനും ഏഴു മാസം മുൻപാണ് പഠാൻകോട്ടെ ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനത്ത് പാക് ഭീകരർ ആക്രമണം അഴിച്ചുവിട്ടത്. അന്നു വീരമൃത്യ വരിച്ചതാകട്ടെ എഴു സൈനികരും. മലയാളി ലഫ്. കേണൽ നിരഞ്ജൻ ഉൾപ്പെടെയായിരുന്നു നമ്മുടെ നഷ്ടം.

ഇതിന് പ്രതികാരമായി മിന്നലാക്രമണത്തിലൂടെയുള്ള ഇന്ത്യൻ 'പ്രതികാരത്തിൽ' കൊല്ലപ്പെട്ടത് 45 ഭീകരരായിരുന്നു. മിന്നലാക്രമണസംഘത്തിലെ എല്ലാ സൈനികരും സുരക്ഷിതരായി ഇന്ത്യയിൽ തിരികെയെത്തുകയും ചെയ്തു. ശത്രുരാജ്യത്തു യുദ്ധമല്ലാത്ത സൈനികപ്രഹരം നടത്താൻ കഴിവുള്ളതും തയാറുള്ളതുമായ രാജ്യമായി അതോടെ ഇന്ത്യ മാറി. വൻശക്തികളും ഇസ്രയേൽ പോലുള്ള ചുരുക്കം ചില രാജ്യങ്ങൾക്കും മാത്രമായിരുന്നു അതുവരെ അത്തരത്തിൽ ആക്രമണം നടത്താൻ സാധിച്ചിരുന്നത്.

താൻ പ്രധാനമന്ത്രിയായിരിക്കെ മൂന്ന് മിന്നലാക്രമണങ്ങൾ നടത്തിയെന്നു മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മന്മോഹൻ സിങ്ങ് ആദ്യം വെളിപ്പെടുത്തിയിരുന്നു. പിന്നീട് അതിന്റെ കൂടുതൽ വിവരങ്ങളുമായി കോൺഗ്രസ് നേതാവ് രാജീവ് ശുക്ലയും രംഗത്തെത്തി. 2008 നും 2014 നും ഇടയിലുള്ള കാലത്ത് ആറ് സർജിക്കൽ സ്‌ട്രൈക്ക് സർക്കാർ നടത്തിയെന്നായിരുന്നു അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. രാഷ്ട്രീയ നേട്ടത്തിനായി കോൺഗ്രസ് ഒരിക്കലും അത് ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ കോൺഗ്രസ് നടത്തുന്നത് വ്യാജ അവകാശവാദമാണെന്നാണ് കേന്ദ്രമന്ത്രി പ്രകാശ്ജാവഡേക്കർ പ്രതികരിച്ചത്. ആദ്യ മിന്നലാക്രമണം 2016 ലാണ് നടന്നതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. അതിന് മുൻപ് സർജിക്കൽ സ്‌ട്രൈക്ക് നടന്നിട്ടില്ലെന്ന് വ്യക്തം. കോൺഗ്രസിന്റെ ഒരു പുതിയ വ്യാജ അവകാശ വാദം കൂടി- എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയതത്. ആറ് മിന്നലാക്രമണങ്ങൾ നടത്തിയെന്ന കോൺഗ്രസിന്റെ അവകാശ വാദത്തിനെതിരെ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയും ബിജെപിയുടെ മറ്റു നേതാക്കളും രംഗത്തെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP