Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹുദ് ഹുദിനു പിന്നാലെ ഭീഷണിയുയർത്തി നീലോഫർ ചുഴലിക്കാറ്റ് എത്തുന്നു; അറബിക്കടലിൽ രൂപം കൊണ്ട് നീലോഫർ കേരള തീരത്തെയും ആശങ്കയിലാക്കും; കരുതിയിരിക്കണമെന്ന് കേരളത്തോട് കേന്ദ്രം

ഹുദ് ഹുദിനു പിന്നാലെ ഭീഷണിയുയർത്തി നീലോഫർ ചുഴലിക്കാറ്റ് എത്തുന്നു; അറബിക്കടലിൽ രൂപം കൊണ്ട് നീലോഫർ കേരള തീരത്തെയും ആശങ്കയിലാക്കും; കരുതിയിരിക്കണമെന്ന് കേരളത്തോട് കേന്ദ്രം

അഹമ്മദാബാദ്: ആന്ധ്രാ തീരത്ത് നാശംവിതച്ച ഹുദ് ഹുദ് കൊടുങ്കാറ്റിന് ശേഷം രാജ്യത്തെ ആശങ്കയിലാക്ക് മറ്റൊരു ചുഴലിക്കാറ്റ് കൂടി രൂപമെടുത്തു. അറബിക്കടലിൽ രൂപംകൊണ്ട ചുഴലി കേരളത്തിനും ആശങ്കയ്ക്ക് വക നൽകുന്നതാണ്. നിലോഫർ എന്ന പേരിലാണ് പുതിയ ചുഴലി രൂപം കൊണ്ടിരിക്കുന്നത്. ഗുജറാത്ത് തീരത്തെ നലിയയ്ക്ക് തെക്ക് പടിഞ്ഞാറായി അറബിക്കടലിൽ 1250 കിലോമീറ്റർ അകലെയാണ് നിലോഫർ ചുഴലിക്കാറ്റ് രൂപം കൊണ്ടത്.

മൂന്ന് ദിവസം മുമ്പ് രൂപംകൊണ്ട ന്യൂനമർദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറിയിരിക്കുകയാണ്. ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ ആദ്യം വടക്ക് പടിഞ്ഞാറ് ദിശയിലും പിന്നീട് വടക്ക് കിഴക്ക് ദിശയിലും കൂടി സഞ്ചരിച്ച് ഒക്ടോബർ 31ന് വടക്കൻ ഗുജറാത്ത്, പാക്കിസ്ഥാൻ തീരങ്ങളിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. ഒക്ടോബർ 30 മുതൽ ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിൽ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്.

ഗുജറാത്തിന് പുറമേ മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങൾക്കും ഭീഷണി ഉയർത്തുന്നതാണ് നീലോഫർ. കേരളത്തിന്റെ വടക്കൻ തീരങ്ങളെയാണ് ചുഴലിക്കാറ്റ് ആശങ്കയിലാക്കുന്നത്. അതുകൊണ്ട് തന്നെ മുൻകരുതലുകൾ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുള്ളത്. ഇന്നലെ അയച്ച ഫാക്‌സ് സന്ദേശത്തിനൊപ്പമാണ് കരുതലോടെയിരിക്കാനുള്ള നിർദ്ദേശം കേരളത്തിനും ലഭിച്ചത്. കേരള തീരത്തോടു ചേർന്നു പോകുന്ന കപ്പലുകൾക്കും അറബിക്കടലിനു മുകളിലൂടെ പറക്കുന്ന വിമാനങ്ങൾക്കും മുന്നറിയിപ്പു നൽകാനാണിത്.

കേരള തീരത്തു രൂപമെടുത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ തുലാവർഷം ശക്തമായി പെയ്യാനിടയാക്കിയ ന്യൂനമർദമാണ് നിലോഫർ ചുഴലിക്കാറ്റായി മാറിയിരിക്കുന്നത്. വടക്കോട്ടു നീങ്ങി മുംബൈയ്ക്കു പടിഞ്ഞാറുഭാഗത്തെത്തിയിരിക്കുന്ന ന്യൂനമർദം ഇന്നലെ വൈകുന്നേരത്തോടെ ചുഴലിക്കാറ്റിന്റെ രൂപമാർജിച്ചു. കടലിനു മീതേ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ചുഴലി ബുധനാഴ്ചയോടെ കറാച്ചി തീരത്തിനും ഗുജറാത്തിനുമിടയിലൂടെ കരയിലേക്കു കയറും.

145 കിലോമീറ്റർ വേഗമുള്ള കാറ്റിനൊപ്പം കനത്ത മഴയും പെയ്യും. ഗുജറാത്ത് തീരത്തു വൻ നാശനഷ്ടം വിതയ്ക്കാനാണു സാധ്യത. പാക്കിസ്ഥാനും കാറ്റിനെതിരെ മുൻകരുതലെടുത്തു തുടങ്ങി. മൽസ്യത്തൊഴിലാളികളോടു കരയിലേക്കു തിരികെ വരാൻ കറാച്ചി തുറമുഖ അധികൃതർ നിർദേശിച്ചു. ചുഴലിയുടെ ഫലമായി അറബിക്കടൽ പ്രക്ഷുബ്ധമായി കാറ്റിന്റെ വേഗം 5560 കിലോമീറ്റർ കടക്കാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. ചുഴലി ശക്തിപ്പെടുന്നതിനാൽ ചൊവ്വാഴ്ച മുതൽ കേരളത്തിൽ തുലാവർഷത്തിനു കരുത്തു കുറയാനാണു സാധ്യത. എങ്കിലും, ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം.

ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപമെടുക്കുന്ന സൈക്ലോൺ (ചുഴലി) കാറ്റുകൾക്കു നൽകാൻ ലോക കാലാവസ്ഥാ സംഘടന തയാറാക്കിയിരിക്കുന്ന പട്ടികയിലേക്കു പാക്കിസ്ഥാൻ നിർദേശിച്ച പേരാണ് നിലോഫർ. ലില്ലിച്ചെടി എന്നാണ് നിലോഫർ എന്ന ഉറുദു പേരിന്റെ അർത്ഥം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP