Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംഭവങ്ങൾ വഴി തെറ്റിച്ചത് രാജ്യസ്‌നേഹത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്ത അഭിഭാഷകനായ വിക്രം ചൗഹാൻ; രാജ്യദ്രോഹികളെ പാഠം പഠിപ്പിക്കാൻ അഭിഭാഷകരെ കൂട്ടിയത് ഇയാൾ തന്നെ; വന്ദേമാതരം മുഴക്കിയാൽ ആരേയും തല്ലാമെന്ന് വിശ്വസിക്കുന്ന വക്കീലിന്റെ കഥ

സംഭവങ്ങൾ വഴി തെറ്റിച്ചത് രാജ്യസ്‌നേഹത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്ത അഭിഭാഷകനായ വിക്രം ചൗഹാൻ; രാജ്യദ്രോഹികളെ പാഠം പഠിപ്പിക്കാൻ അഭിഭാഷകരെ കൂട്ടിയത് ഇയാൾ തന്നെ; വന്ദേമാതരം മുഴക്കിയാൽ ആരേയും തല്ലാമെന്ന് വിശ്വസിക്കുന്ന വക്കീലിന്റെ കഥ

ന്യൂഡൽഹി: ജെഎൻയു വിഷയത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട കനയ്യകുമാറിനെ ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ രണ്ടു ദിവസങ്ങളിലേയും അക്രമങ്ങളിൽ പ്രധാന പങ്കുവഹിച്ചത് വിക്രം ചൗഹാൻ എന്ന അഭിഭാഷകൻ. രാജ്യദോഹികളെ പാഠം പഠിപ്പിക്കുകയെന്ന ആശയവുമായാണ് ഇയാൾ അഭിഭാഷകരെ സംഘടിപ്പിച്ചത്. അങ്ങനെ കനയ്യ കുമാറിനെ കോടതിയിൽ കയ്യേറ്റം ചെയ്തു. മാദ്ധ്യമ പ്രവർത്തകർ ആക്രമിക്കപ്പെട്ടു. പാട്യാല ഹൗസ് കോടതിയെ കുടുംബ സ്വത്തു പോലെ വിക്രം ചൗഹാൻ കരുതി ഇടപെടൽ നടത്തിയപ്പോൾ രാജ്യം പ്രതിസന്ധിയിലായി. അസഹിഷ്ണുതയിൽ പുതിയ മുഖം ഇന്ത്യയ്ക്ക് ലോക രാജ്യങ്ങൾക്ക് മുമ്പിൽ ലഭിച്ചു.

ചൗഹാന്റെ നേതൃത്വത്തിലുള്ള അഭിഭാഷകർ ഭാരത് മാതാ കീ ജയ്, വന്ദേമാതരം ബോൽന ഹോഗ വിളികളുമായി കോടതി സമുച്ചയത്തിലേക്കു കടന്നുകയറുകയായിരുന്നു. അതേസമയം, പാക്കിസ്ഥാൻ സിന്ദാബാദ് എന്നു വിളിച്ചവരെ നായകന്മാരാക്കുകയും ഞങ്ങളെ ഗുണ്ടകളാക്കുകയുമാണ് ചെയ്യുന്നതെന്ന് ചൗഹാൻ മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. എതിരാളികളായ അഭിഭാഷകർ തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും അങ്ങനെ വന്നാൽ ഞങ്ങൾ പ്രതികരിക്കണ്ടേയെന്നും ചൗഹാൻ ചോദിച്ചു. രാജ്യ സ്‌നേഹം ഉയർത്തി പ്രശ്‌നമുണ്ടാക്കിയ വിക്രം ചൗഹാൻ ബിജെപി അനുഭാവിയാണെന്നാണ് സൂചന. ബിജെപിയുടെ മുൻനിര നേതാക്കളുമായുള്ള ചിത്രം പലപ്പോഴും പോസ്റ്റ് ചെയ്ത് തന്റെ രാഷ്ട്രീയം ഈ വക്കീൽ തന്നെ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ വിവാദം കൊടുമ്പരിക്കൊള്ളുമ്പോൾ തനിക്ക് രാഷ്ട്രീയമില്ലെന്നും വിശദീകരിക്കുന്നു.

തിങ്കളാഴ്ച കന്നയ്യ കുമാറിന്റെ വാദം കോടതിയിൽ നടക്കുന്നതിനിടെ കാത്തുനിന്ന ജെഎൻയു ഫാക്കൽറ്റിയെയും വിദ്യാർത്ഥികളെയും മാദ്ധ്യമപ്രവർത്തകരെയും ആക്രമിച്ചതും ചൗഹാന്റെ നേതൃത്വത്തിലാണ്. ദേശവിരുദ്ധർ പാക്കിസ്ഥാനിലേക്കു പോകണമെന്നു പറഞ്ഞും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളികളുമായാണ് ചൗഹാൻ തിങ്കളാഴ്ച ഒരാളെ തല്ലിയത്. അവിടെ നടന്ന അക്രമത്തിന്റെ വിഡിയോയെടുത്ത മാദ്ധ്യമപ്രവർത്തകയോട് മൊബൈൽ ഫോൺ കൈമാറാനും ഭീഷണിപ്പെടുത്തിയിരുന്നു. ദൃശ്യങ്ങളിൽ നിന്ന് ചൗഹാന്റെ പങ്ക് വ്യക്തമാണെങ്കിലും അയാൾക്കെതിരെ ഒരു നടപടിയും എടുത്തില്ല. വീണ്ടും മുദ്രാവാക്യം വിളിച്ച് അയാൾ കഴിഞ്ഞ ദിവസവും കോടതിയിലുണ്ടായിരുന്നു.

ഇതിനിടെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, മുതിർന്ന നേതാവ് എൽ.കെ.അദാനി തുടങ്ങിയ ബിജെപി നേതാക്കളുടെ ഒപ്പമുള്ള ചിത്രങ്ങൾ വിക്രം ചൗഹാൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ തനിക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന കാര്യം ചൗഹാൻ നിഷേധിക്കുകയാണ് ഇപ്പോൾ. കോടതിയിലെ പ്രശ്‌നങ്ങളിൽ ബിജെപി ബന്ധം കടന്നുവരുന്നത് രാജ്യ സ്‌നേഹി പ്രതിച്ഛായ തകർക്കും എന്നതിലാണ് ഇത്. അതുകൊണ്ട് തന്നെ അഭിഭാഷകരുടെ നേതാവായി സ്വയം അവരോധിക്കുകയാണ് വിക്രം സിങ്.

പട്ട്യാല കോടതിയിലെ അഭിഭാഷകരെ വളരെ കരുതലോടെയാണ് സംഘടിപ്പിച്ചത്. വന്ദേമാതരം വിളികളുമായി രാജ്യസ്‌നേഹത്തിന്റെ വക്താക്കളാകാൻ ഓരോരുത്തരേയും സജ്ജരാക്കി. 200 പേർ വരുന്ന അഭിഭാഷകരുടെ സംഘമാണ്, രാജ്യദ്രോഹ കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കിയ കനയ്യ കുമാറിനെ കോടതി വളപ്പിൽ വച്ച് ദാരുണമായി മർദ്ദിച്ചത്. സുപ്രീം കോടതി നേരത്ത നൽകിയ മുന്നറിയിപ്പും നിർദ്ദേശങ്ങളും അവഗണിച്ചായിരുന്നു അഭിഭാഷകരുടെ അഴിഞ്ഞാട്ടം. ''ഗോലി മാരോ, ഫാൻസി ദോ'' (വെടി വെക്കൂ, തൂക്കി കൊല്ലു) എന്ന മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ഇവർ മാദ്ധ്യമ പ്രവർത്തകർക്കും കനയ്യ കുമാറിനും എതിരെ അക്രമം അഴിച്ചു വിട്ടത്. അക്രമം നടത്തുമ്പോൾ ദേശീയ പതാകയും ഇവർ കയ്യിൽ പിടിച്ചിരുന്നു.

അഭിഭാഷകരുടെ അഴിഞ്ഞാട്ടം തടയാൻ പൊലീസ് ഒന്നും ചെയ്തില്ലെന്ന അക്ഷേപം പുറത്തു വന്നതിന് പിന്നാലെയാണ് ചെയ്ത അക്രമങ്ങൾ അഭിമാനത്തോടെ ഏറ്റു പറഞ്ഞ് അഭിഭാഷക സംഘം രംഗത്തെത്തിയിരിക്കുന്നത്. ഇങ്ങനെ പരസ്യമായി കാര്യങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്താണ് വിക്രം ചൗഹാൻ സ്വയം ഹീറോ ചമയുന്നത്. എന്നാൽ അന്താരാഷ്ട്ര സമൂഹത്തിൽ ഇന്ത്യയുടെ വില ഇടിയുകയാണ് ഉണ്ടായതെന്നതാണ് യാഥാർത്ഥ്യം. ഇതോടെ തന്നെ ജെഎൻയു വിഷയത്തിന്റെ സ്വഭാവം തന്നെ മാറി. കനയ്യകുമാറിനെ അനുകൂലിക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചതും കോടതിയിലെ വിക്രം ചൗഹാന്റെ നേതൃത്വത്തിലെ അക്രമങ്ങൾ തന്നെയാണ്.

സുപ്രീകോടതിക്ക് പോലും ഇടപെടേണ്ടി വന്നു. എന്തായാലും ബാർ കൗൺസിലിന് ആ വക്കീലിനെതിരെ പരാതി പോകുമെന്ന് ഉറപ്പാണ്. അതിൽ എന്തെങ്കിലും നടപടിയുണ്ടാകുമോ എന്നതാണ് ഏവരും ശ്രദ്ധയോടെ നോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP