Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാർലി എബ്‌ദോ ആക്രമിച്ചവർക്കുവേണ്ടി ഹൈദരാബാദിൽ കൂട്ട പ്രാർത്ഥന; വഹ്ദത്തുൽ ഇസ്ലാമിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

ഷാർലി എബ്‌ദോ ആക്രമിച്ചവർക്കുവേണ്ടി ഹൈദരാബാദിൽ കൂട്ട പ്രാർത്ഥന; വഹ്ദത്തുൽ ഇസ്ലാമിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

ഹൈദരാബാദ്: പ്രവാചകന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ഫ്രഞ്ച് ആക്ഷേപ ഹാസ്യ മാസിക ആക്രമിച്ച് 12 പേരെ കൊലപ്പെടുത്തിയ ഭീകരർക്കായി ഇന്ത്യയിൽ കൂട്ട പ്രാർത്ഥന. ഹൈദരാബാദിൽ വഹ്ദത്തുൽ ഇസ്ലാമി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് മയ്യത്ത് നമസ്‌കാരവും ഐക്യദാർഢ്യവും നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

നഗരത്തിലെ പ്രധാന മുസ്ലിം പുരോഹിതന്റെ നേതൃത്വത്തിലാണ് പ്രാർത്ഥന നടന്നത്. 'പ്രവാചകനെ അവഹേളിച്ചവരോട് പകരം വീട്ടിയതിന് രക്തസാക്ഷികളായവർക്ക് വേണ്ടി അവരുടെ അസാന്നിദ്ധ്യത്തിൽ നടക്കുന്ന മയ്യത്ത് നമസ്‌കാരം' എന്നെഴുതിയ ഉർദു ബാനറും മയ്യത്ത് നമസ്‌കാരം നടന്ന മൈതാനത്ത് ഉയർത്തിയിട്ടുണ്ടായിരുന്നു. വിവാദ പുരോഹിതനായ മൗലാന നസറുദ്ദീനാണ് വഹ്ദത്തുൽ ഇസ്ലാമി എന്ന സംഘടന സ്ഥാപിച്ചത്. പ്രാർത്ഥയുടെ വീഡിയോ ഇതിനകം ഇന്റർനെറ്റിൽ അപ്‌ലോഡു ചെയ്തിട്ടുണ്ട്.

സെയ്ദാബാദിലെ ഈദ്ഗാഹ് മൈതാനത്തു നടന്ന മയ്യത്ത് നമസ്‌കാരത്തിൽ കുട്ടികളും യുവാക്കളും അടക്കം അൻപതോളംപേർ പങ്കെടുത്തു. റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമ പ്രവർത്തകരുമെത്തി. മയ്യത്ത് നമസ്‌കാരത്തിന് മുമ്പ് നടന്ന യോഗത്തിൽ ഷാർളി എബ്ദോ ആക്രമണത്തിൽ കൊല്ലപ്പെട്ട തീവ്രവാദികളെ 'രക്തസാക്ഷികൾ' എന്നാണ് മൗലാനാ നസറുദ്ദീൻ വിശേഷിപ്പിച്ചത്. പ്രവാചകനെ അപമാനിച്ചവരെ കൊന്നതിന് രക്തസാക്ഷികളായ സഅയീദിനും ഷെരീഫിനും ദൈവം സ്വർഗം നൽകട്ടെയെന്നും അവരുടെ കുടുംബത്തെയും കൂട്ടുകാരെയും അറസ്റ്റുകളിൽ നിന്നും പീഡനങ്ങളിൽ നിന്നും ദൈവം കാത്തു രക്ഷിക്കട്ടെയെന്നും മൗലാന നസറുദ്ദീൻ പ്രാർത്ഥിക്കുന്നുണ്ട്. ഇസ്ലാമികചര്യ അനുസരിച്ച് പ്രവാചകനെ പരിഹസിക്കുന്നവർ കൊല്ലപ്പെടേണ്ടവരാണെന്നും നസറുദീൻ പറഞ്ഞു.

പോട്ട ചുമത്തി ഗുജറാത്ത് പൊലീസ് മുമ്പ് മൗലാന നസറുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അഞ്ച് വർഷം ജയിലിലടക്കപ്പെട്ട ഇയാൾക്കെതിരെ തെളിവുകളില്ലെന്ന് കണ്ടതിനെ തുടർന്ന് കോടതി വെറുതെ വിടുകയായിരുന്നു. സിമി ബന്ധം ആരോപിക്കപ്പെട്ട് ഇയാളുടെ രണ്ടു മക്കൾ മധ്യപ്രദേശിലും കർണാടകയിലും ജയിലിലാണ്. 2011ൽ ഒസാമാ ബിൻ ലാദൻ കൊല്ലപ്പെട്ടപ്പോഴും ഇയാൾ മയ്യത്ത് നമസ്‌കരം സംഘടിപ്പിച്ചതായി ആരോപണം ഉണ്ടായിരുന്നു.

അതിനിടെ, സംഭവത്തിൽ പ്രതിഷേധമറിയിച്ച് മുസ്ലിം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. മൗലാന നസറുദ്ദീൻ മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും പാരീസിലെ അക്രമണം പൈശാചികമാണെന്നും അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ സിവിൽ റൈറ്റ് (എപിസിആർ) ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ സിദ്ദിഖി പറഞ്ഞു. ഇസ്ലാം നാഗരിക മതമാണെന്നും മുസ്ലിങ്ങൾ അവർ താമസിക്കുന്നിടത്തെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ സ്വാധീനം നഷ്ടപ്പെട്ട മൗലാന നസറുദ്ദീൻ വിവാദങ്ങൾ ഉണ്ടാക്കി ശ്രദ്ധനേടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സിദ്ദിഖി പറഞ്ഞു.

ഇസ്ലാമിക സാമ്പത്തിക വിദഗ്ധയും സെന്റർ ഓഫ് വെൽ ബീയിങ് സ്ഥാപകയുമായ ഡോക്ടർ ലുബ്‌നാ സർവന്തും മൗലാന നസറുദ്ദീനെതിരെ രംഗത്തെത്തി. മൗലാനയുടെ പ്രവർത്തി ഖുർ ആനിനും നബിചര്യക്കും എതിരാണെന്നും പ്രവാചകൻ ജീവിച്ചിരുന്ന കാലത്ത് തന്നെ ധാരാളം വിമർശനങ്ങളും പരിഹാസങ്ങളും നേരിട്ടിട്ടുണ്ടെന്നും അതിന്റെ പേരിൽ ആരെയും പ്രവാചകൻ കൊന്നിട്ടില്ലെന്നും അവർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP