Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം നിലവിലെ റെയിൽവേ സംവിധാനങ്ങൾ പരിഷ്‌കരിക്കു എന്നിട്ടാകാം ബുള്ളറ്റ് ട്രെയിൻ; നോട്ട് അസാധുവാക്കലിനു ശേഷം രാജ്യത്തെ നശിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ അടുത്ത നീക്കമാണു ബുള്ളറ്റ് ട്രെയിൻ പദ്ധതിയെന്നു ചിദംബരം; നരേന്ദ്ര മോദിയുടെ സ്വപ്ന സംരംഭമായ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ വിമർശിച്ച് കോൺഗ്രസ്

ആദ്യം നിലവിലെ റെയിൽവേ സംവിധാനങ്ങൾ പരിഷ്‌കരിക്കു എന്നിട്ടാകാം ബുള്ളറ്റ് ട്രെയിൻ; നോട്ട് അസാധുവാക്കലിനു ശേഷം രാജ്യത്തെ നശിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ അടുത്ത നീക്കമാണു ബുള്ളറ്റ് ട്രെയിൻ പദ്ധതിയെന്നു ചിദംബരം; നരേന്ദ്ര മോദിയുടെ സ്വപ്ന സംരംഭമായ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ വിമർശിച്ച് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന സംരംഭമായ ബുള്ളറ്റ് ട്രെയിൻ പദ്ധതി ചോദ്യം ചെയ്യപ്പെടുന്നു. പദ്ധതിയെ വിമർശിച്ച് കോൺഗ്രസും രംഗത്തെത്തി. നിലവിലെ റെയിൽവേ സംവിധാനങ്ങൾ പരിഷ്‌കരിച്ചതിനു ശേഷം മാത്രം ബുള്ളറ്റ് ട്രെയിൻ പോലുള്ള പദ്ധതികൾ കൊണ്ടുവരുന്നതായിരിക്കും നല്ലതെന്നു മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം അഭിപ്രായപ്പെട്ടു. സമാന അഭിപ്രായവുമായി എൻഡിഎ ഘടകകക്ഷി കൂടിയായ ശിവസേനയും രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേനയും (എംഎൻഎസ്) രംഗത്തെത്തിയിരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയിട്ടു മതി ബുള്ളറ്റ് ട്രെയിൻ പദ്ധതിയെന്നായിരുന്നു ശിവസേനയുടെ നിർദ്ദേശം.

അൽപം കൂടി കടന്ന് വിമർശിച്ച എംഎൻഎസ് തലവൻ രാജ് താക്കറെ, മുംബൈയിലെ ലോക്കൽ ട്രെയിൻ ഗതാഗത രംഗത്തെ പ്രശ്‌നങ്ങൾ സമ്പൂർണമായി പരിഹരിക്കാതെ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ഇഷ്ടിക പോലും സ്ഥാപിക്കാൻ അനുവദിക്കില്ലെന്നു വ്യക്തമാക്കി. അതിനിടെ, കാൽനടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 23 ആയി. 30ൽ അധികം പേർക്കു പരുക്കേറ്റിട്ടുമുണ്ട്.

നോട്ട് അസാധുവാക്കലിനു ശേഷം രാജ്യത്തെ നശിപ്പിക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ അടുത്ത നീക്കമാണു ബുള്ളറ്റ് ട്രെയിൻ പദ്ധതിയെന്നു ചിദംബരം വിമർശിച്ചു. സുരക്ഷ ഉൾപ്പെടെ എല്ലാത്തിനെയും കൊല്ലുന്നതാണു ബുള്ളറ്റ് ട്രെയിൻ പദ്ധതി. സാധാരണക്കാർക്കു വേണ്ടിയുള്ള സംരംഭമല്ല ഇത്. വൻകിടക്കാരാണ് ഇത്തരം പദ്ധതികളുടെ ഉപയോക്താക്കളെന്നും ചിദംബരം ചൂണ്ടിക്കാട്ടി.

അടിസ്ഥാന സൗകര്യ വികസനത്തിലും സുരക്ഷ ഉറപ്പാക്കുന്നതിനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണു റെയിൽവേ മന്ത്രാലയം പ്രാമുഖ്യം നൽകേണ്ടതെന്നും ചിദംബരം അഭിപ്രായപ്പെട്ടു. റെയിൽവേ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടാകണം റെയിൽവേ മന്ത്രി പ്രതിജ്ഞ എടുക്കേണ്ടത്. അല്ലാതെ രാജ്യത്തു ബുള്ളറ്റ് ട്രെയിൻ കൊണ്ടുവരുന്നതിനല്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് കഴിഞ്ഞ ആഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്നു തറക്കല്ലിട്ടത്. 2014ൽ അധികാരത്തിലേറിയപ്പോൾ നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത മുഖ്യ വാഗ്ദാനങ്ങളിലൊന്നാണാണിത്. മുംബൈ-അഹമ്മദാബാദ് മേഖലകളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പാത 2023ൽ പൂർത്തിയാക്കാനാണു ഉദ്ദേശിക്കുന്നത്. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിൻ സഞ്ചരിക്കുക. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് 97,636 കോടി രൂപയാണു നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 80 ശതമാനവും വായ്പയായി ജപ്പാൻ നൽകും. ട്രാക്ക് നിർമ്മാണം അഞ്ചു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.

നിലവിൽ മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്കുള്ള ട്രെയിനുകളുടെ യാത്രാദൂരം ഏഴു മണിക്കൂറാണ്. പദ്ധതി യാഥാർഥ്യമായാൽ യാത്രാസമയം രണ്ടു മണിക്കൂറായി കുറയും. 508 കിലോമീറ്റർ നീളമുള്ള പാതയിൽ 12 സ്റ്റേഷനുകളാണുള്ളത്. ഇതിൽ എട്ടെണ്ണം ഗുജറാത്തിലും ആറെണ്ണം മഹാരാഷ്ട്രയിലുമാണ്. മുംബൈയിലെ ബാന്ദ്ര കുർല കോംപ്ലക്‌സിലെ ഭൂഗർഭ സ്റ്റേഷനിൽനിന്നു സർവീസ് തുടങ്ങുന്ന ബുള്ളറ്റ് ട്രെയിൻ കടലിനടിയിലെ തുരങ്കത്തിലൂടെ 21 കിലോമീറ്റർ യാത്ര ചെയ്തശേഷം താനെയിൽ ഭൗമോപരിതലത്തിലെത്തി ഓട്ടം തുടരാനാണു പദ്ധതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP