Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചന്ദ്രബാബു നായിഡുവിന്റെ സ്വപ്‌നങ്ങളെയെല്ലാം ജഗൻ മോഹൻ റെഡ്ഡി പൊളിച്ചെഴുതുമ്പോൾ ആന്ധ്രക്ക് സ്വന്തമാകാൻ പോകുന്നത് നാല് തലസ്ഥാനങ്ങളുള്ള ഏക ഇന്ത്യൻ സംസ്ഥാനം എന്ന പദവി; അമരാവതിക്ക് പകരം ആന്ധ്രയുടെ തലസ്ഥാനമാക്കുക വിസിയാനഗരം, കാക്കിനാഡ, ഗുണ്ടൂർ, കടപ്പ എന്നീ നഗരങ്ങൾ; ടിഡിപിയെ തകർക്കാൻ വൈഎസ്ആർ കോൺഗ്രസും ബിജെപിയും കൈകോർക്കുന്നു എന്നതിന്റെ സൂചനയായി ആന്ധ്രയുടെ തലസ്ഥാന വിവാദം

ചന്ദ്രബാബു നായിഡുവിന്റെ സ്വപ്‌നങ്ങളെയെല്ലാം ജഗൻ മോഹൻ റെഡ്ഡി പൊളിച്ചെഴുതുമ്പോൾ ആന്ധ്രക്ക് സ്വന്തമാകാൻ പോകുന്നത് നാല് തലസ്ഥാനങ്ങളുള്ള ഏക ഇന്ത്യൻ സംസ്ഥാനം എന്ന പദവി; അമരാവതിക്ക് പകരം ആന്ധ്രയുടെ തലസ്ഥാനമാക്കുക വിസിയാനഗരം, കാക്കിനാഡ, ഗുണ്ടൂർ, കടപ്പ എന്നീ നഗരങ്ങൾ; ടിഡിപിയെ തകർക്കാൻ വൈഎസ്ആർ കോൺഗ്രസും ബിജെപിയും കൈകോർക്കുന്നു എന്നതിന്റെ സൂചനയായി ആന്ധ്രയുടെ തലസ്ഥാന വിവാദം

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: അമരാവതിയെ തലസ്ഥാന നഗരമായി വികസിപ്പിക്കുന്നതിന് പകരം ആന്ധ്രക്ക് ഇനിയുണ്ടാകുക നാല് തലസ്ഥാനങ്ങൾ. വിസിയാനഗരം, കാക്കിനാഡ, ഗുണ്ടൂർ, കടപ്പ എന്നീ നഗരങ്ങളെയാണ് തലസ്ഥാനമായി പ്രഖ്യാപിക്കാനൊരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനായി മുഖ്യമന്ത്രി വൈ എസ് ജഗന്മോഹൻ റെഡ്ഡി തയ്യാറെടുക്കുന്നു എന്നും സൂചനകളുണ്ട്.

ആന്ധ്രയുടെ തലസ്ഥാന നഗരമായി അമരാവതി വികസിപ്പിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് നാല് തലസ്ഥാന നഗരങ്ങൾ പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി ഒരുങ്ങുന്നുവെന്നാണ് സൂചന. സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളിൽപ്പെട്ടവരുടേയും വികസനം ഉറപ്പാക്കുന്നതിനായാണ് നാല് നഗരങ്ങളെ തലസ്ഥാനമായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതെന്ന് ബിജെപി എംപി ടി ജി വെങ്കിടേഷ് പറഞ്ഞു. ഇത്തരമൊരു നീക്കത്തെക്കുറിച്ച് മുഖന്ത്രിയുമായി മുൻപ് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തുടനീളം ഐ ടി കമ്പനികളും വ്യാവസായിക സ്ഥാപനങ്ങളും ആരംഭിക്കണം. അതോടൊപ്പം അമാരവാതി അധികാര കേന്ദ്രമാക്കി നിലനിർത്തിക്കൊണ്ട് എല്ലാ തട്ടിലുമുള്ള ജനങ്ങളിലേക്ക് വികസനം എത്തിക്കുന്നതിന് വേണ്ട നടപടിയാണ് സ്വീകരിക്കേണ്ടത്. ഇതിനായി നാല് നഗരങ്ങളെ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ട് അധികാര വികേന്ദ്രീകരണമാണ് ലക്ഷ്യം വെക്കുന്നത്. പോളവരം ജല സേചന പദ്ധതി ഇപ്പോഴത്തെ സർക്കാർ നടപ്പിലാക്കുകയാണെങ്കിൽ ടിഡിപിക്കും ചന്ദ്രബാബു നായിഡുവിനും കരുത്ത് പകരുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം യുപിഎ സർക്കാരിന്റെ അവസാന നാളുകളിലാണ് ആന്ധ്ര പ്രദേശ് വിഭജിച്ചതും തെലങ്കാന സംസ്ഥാനം രൂപീകരിച്ചതും. വികസനം യാഥാർഥ്യമാകാൻ തെലങ്കാന സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ടിആർഎസ് നേതാവ് കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ വിജയം കൂടിയായിരുന്നു ഇത്.

ആന്ധ്ര പ്രദേശിന്റെ തലസ്ഥാനം ഹൈദരാബാദായിരുന്നു. വിഭജനം വന്നപ്പോൾ ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമായി. ആന്ധ്രയ്ക്ക് ഫലത്തിൽ തലസ്ഥാന നഗരി ഇല്ലാത്ത സാഹചര്യം വന്നു. തുടർന്നാണ് പുതിയ തലസ്ഥാനം രൂപീകരിക്കാൻ നീക്കം തുടങ്ങിയത്. നിലവിൽ ഹൈദരാബാദ് തന്നെയാണ് രണ്ടു സംസ്ഥാനങ്ങളുടെയും തലസ്ഥാനം. പത്ത് വർഷത്തേക്ക് ഇങ്ങനെ തുടരാമെന്നാണ് കരാർ. ഈ കാലയളവിൽ ആന്ധ്രയ്ക്ക് പ്രത്യേക തലസ്ഥാനം രൂപീകരിക്കാമെന്നും പദ്ധതിയിട്ടു. എന്നാൽ പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ യുപിഎ സർക്കാർ വീണു. എൻഡിഎ അധികാരത്തിൽ വന്നു.

വിഭജനത്തിന് ശേഷം വരുമാനമാർഗം കുറഞ്ഞുവെന്നാണ് ആന്ധ്രയുടെ പ്രഥമ മുഖ്യമന്ത്രി ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു ഉയർത്തിയ പ്രധാന ആരോപണം. ഇതിന് പകരമായി കേന്ദ്രസർക്കാർ ആന്ധ്രക്ക് പ്രത്യേക സംസ്ഥാന പദവി നൽകി കൂടുതൽ ഫണ്ട് അനുവദിക്കണമെന്നായിരുന്നു ആവശ്യം. ബിജെപിക്കൊപ്പം നിന്ന് ആന്ധ്രയ്ക്ക് പ്രത്യേക പദവി നേടാമെന്ന് നായിഡു കരുതി. ഒന്നാം മോദി സർക്കാരിന് അദ്ദേഹം പിന്തുണ നൽകി. മൂന്ന് വർഷമായിട്ടും ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകിയില്ല. തുടർന്ന് നായിഡു ഉടക്കി പിരിയുകയായിരുന്നു.

അമരാവതിയിൽ 2000 ഏക്കർ ഏറ്റെടുത്ത് തലസ്ഥാന നഗരി വികസിപ്പിക്കാം എന്നതായിരുന്നു നായിഡുവിന്റെ പദ്ധതി. ഇതിന് വേണ്ടി പ്രത്യേക വിദേശ വായ്പയും അദ്ദേഹം എടുത്തു. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിവെക്കുകയും ചെയ്തു. അതോടൊപ്പം തന്നെ വിവാദങ്ങളും തലപൊക്കി. നിർദിഷ്ട തലസ്ഥാന നഗരിയോട് ചേർന്ന പ്രദേശങ്ങൾ ടിഡിപി നേതാക്കൾ വാങ്ങിക്കൂട്ടിയെന്ന് ആരോപണമുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നായിഡുവിന്റെ പാർട്ടി ദയനീയമായി പരാജയപ്പെട്ടു. പിന്നീടാണ് ജഗൻ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയത്.

ജഗൻ വന്ന ശേഷം ആദ്യം ചെയ്തത് നായിഡു സർക്കാർ നടപ്പാക്കിയ പരിഷ്‌കാരങ്ങളെല്ലാം നിർത്തിവെക്കുകയായിരുന്നു. ആശ വർക്കർമാരുടെ ശമ്പളം കൂട്ടുകയും ചെയ്തു. ഇതോടെ ജനപ്രിയനായ മുഖ്യമന്ത്രി എന്ന പ്രതിഛായ സൃഷ്ടിക്കാൻ ജഗന് സാധിച്ചു. നായിഡു സർക്കാരിന്റെ കാലത്ത് തുടങ്ങിയ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പരിശോധിച്ചു. അനധികൃതമാണെന്ന് കണ്ട കെട്ടിടങ്ങളെല്ലാം പൊളിച്ചുനീക്കി. മുഖ്യമന്ത്രിക്ക് വേണ്ടി നായിഡു നിർമ്മിച്ച പുതിയ മന്ദിരവും പൊളിച്ചുനീക്കയതിൽപ്പെടും. ആന്ധ്രയിലെ ജോലിയിൽ 75 ശതമാനം ആന്ധ്രക്കാർക്ക് സംവരണം ചെയ്ത ജഗന്റെ നടപടി യുവാക്കൾക്കിടയിൽ അദ്ദേഹത്തെ കൂടുതൽ ജനപ്രിയനാക്കി.

ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വേളയിൽ നടപ്പാക്കിയ പരിഷ്‌കാരങ്ങളെല്ലാം പൊളിച്ചെഴുതുകയാണ് ജഗൻ റെഡ്ഡി. അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം നിർത്തിവച്ചതും പൊളിച്ചുമാറ്റിയതും നായിഡുവിനെ മാത്രം ലക്ഷ്യമിട്ടാണെന്ന ആരോപണം നിലവിലുണ്ട്.

അതിനിടെയാണ് പുതിയ തലസ്ഥാനവുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നത്. നായിഡു നേരത്തെ പദ്ധതിയിട്ട അമരാവതി തലസ്ഥാന നഗരിയാക്കാൻ ജഗൻ മോഹന് താൽപ്പര്യമില്ല. അദ്ദേഹം മറ്റേതെങ്കിലും നഗരം തലസ്ഥാനമാക്കി പ്രഖ്യാപിക്കാനാണ് ശ്രമിക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായത്, ആന്ധ്രയ്ക്ക് നാല് തലസ്ഥാനങ്ങൾ വരാൻ പോകുന്നു എന്നതാണ്. ഇക്കാര്യം യാഥാർഥ്യമായാൽ നാല് തലസ്ഥാനങ്ങളുള്ള ഏക സംസ്ഥാനമായി ആന്ധ്രമാറും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP