Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എട്ട് സീറ്റർ വാഹനങ്ങൾക്ക് ആറ് എയർബാഗ് നിർബന്ധമാക്കി; നിർദ്ദേശം നടപ്പാക്കുന്നത് ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ; അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യം കണക്കിലെടുത്തെന്ന് നിതിൻ ഗ്ഡകരി

എട്ട് സീറ്റർ വാഹനങ്ങൾക്ക് ആറ് എയർബാഗ് നിർബന്ധമാക്കി; നിർദ്ദേശം നടപ്പാക്കുന്നത് ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ; അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യം കണക്കിലെടുത്തെന്ന് നിതിൻ ഗ്ഡകരി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ നിരത്തുകളിൽ വിൽപ്പനയ്ക്ക് എത്തുന്ന എട്ട് സീറ്റർ വാഹനങ്ങൾക്ക് ആറ് എയർബാഗ് നിർബന്ധമാക്കാനുള്ള നിർദ്ദേശം നടപ്പാക്കുന്നത് ഒരു വർഷത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗ്ഡകരി. അടുത്തവർഷം ഒക്ടോബർ ഒന്നുമുതൽ പദ്ധതി രാജ്യത്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അസംസകൃത വസ്തുക്കളുടെ ദൗർലഭ്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ഗഡ്കരി അറിയിച്ചു.

വരുന്ന ഒക്ടോബർ ഒന്ന് മുതൽ നടപ്പാക്കുമെന്ന് അറിയിച്ചിരുന്ന നിർദ്ദേശമാണ് 2023 ഒക്ടോബർ ഒന്നിലേക്ക് നീട്ടിയിരിക്കുന്നത്. എട്ട് പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന എം1 കാറ്റഗറി വാഹനങ്ങളിൽ ആറ് എയർബാഗ് നിർബന്ധമാക്കണമെന്ന കരട് നിർദ്ദേശം 2022 ജനുവരിയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നത്.

ഈ വർഷം നിയമം നടപ്പാക്കാനാണ് സർക്കാർ തീരുമാനിച്ചിരുന്നതെങ്കിലും ഇത് പ്രാബല്യത്തിൽ വരുത്തുന്നതോടെ 10 ലക്ഷം അധിക എയർബാഗുകൾ ആവശ്യമായി വരുമെന്ന് ഇത് നിർമ്മിക്കുന്നതിനുള്ള ശേഷി നിലവിൽ ഇല്ലെന്നതും പരിഗണിച്ചാണ് ഒരു വർഷം കൂടി സമയം അനുവദിച്ചിരിക്കുന്നത്. കാറിന്റെ മോഡലും വിലയും പരഗണിക്കാതെ യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകണമെന്നും 2023 ഒക്ടോബർ ഒന്ന് മുതൽ ഇത് നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.

എട്ടുപേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന വാഹനങ്ങളുടെ മുൻനിരയിൽ രണ്ട് സാധാരണ എയർബാഗും പിന്നിലെ രണ്ട് നിരകളിലായി കർട്ടൺ എയർബാഗും നൽകണമെന്നാണ് നിർദ്ദേശം. കഴിഞ്ഞ ജനുവരി മുതൽ ഇന്ത്യയിൽ എത്തിയിട്ടുള്ള കാറുകളിലെ അടിസ്ഥാന മോഡൽ മുതൽ മുൻനിരയിൽ രണ്ട് എയർബാഗ് നൽകിയാണ് എത്തിയിട്ടുള്ളത്. അതേസമയം, ഇന്ത്യയിൽ എത്തുന്ന എല്ലാ വാഹനങ്ങൾക്കും ആറ് എയർബാഗ് നിർബന്ധമാക്കുമെന്നും നിതിൻ ഗഡ്കരി ഒരുഘട്ടത്തിൽ അറിയിച്ചിരുന്നു.

ഇന്ത്യയിൽ ഇറങ്ങുന്ന വാഹനങ്ങൾ കൂടുതൽ സുരക്ഷിതമാക്കാനാണ് ഈ നീക്കം. വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനൊപ്പം അപകടങ്ങളുടെ എണ്ണവും ഉയരുകയാണ്. വാഹനങ്ങളിലെ എയർബാഗുകളുടെ എണ്ണം വർധിപ്പിക്കുന്നതോടെ അപകടത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണത്തിൽ കുറവ് വരുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, എയർബാഗുകളുടെ എണ്ണം ഉയരുന്നതോടെ വാഹനത്തിന്റെ വില വർധിപ്പിക്കേണ്ടിവരുമെന്നതാണ് നിർമ്മാതാക്കൾക്ക് മുന്നിലെ വെല്ലുവിളി.

ഇന്ത്യയിൽ നിലവിൽ വിൽപ്പനയിലുള്ള പല വാഹനങ്ങളുടെയും ഉയർന്ന വകഭേദത്തിൽ പോലും ആറ് എയർബാഗുകൾ നൽകുന്നില്ല. കർട്ടൺ എയർബാഗുകൾ പോലുള്ളവ നൽകുന്നതിന് കാറുകളുടെ ബോഡി ഷെല്ലുകളിലും ഇന്റീരിയറിലും മറ്റും കാര്യമായ മാറ്റം വരുത്തേണ്ടി വരുമെന്നതും നിർമ്മാതാക്കൾക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. എയർബാഗുകളുടെ എണ്ണം ഉയരുന്നതോടെ കാറുകളുടെ വിലയിൽ വലിയ വർധനവ് വരുത്താൻ നിർമ്മാതാക്കൾ നിർബന്ധിതരായേക്കും.

സമീപകാലം വരെ ഇന്ത്യയിൽ ഇറങ്ങുന്ന വാഹനങ്ങളിൽ എയർബാഗ് നിർബന്ധമായിരുന്നില്ല. 2019 ഏപ്രിൽ മാസം മുതലാണ് ഡ്രൈവർ എയർബാഗ് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ കർശനമാക്കിയത്. ഇതിനുപിന്നാലെ 2022-ഓടെ മുൻനിരയിലെ രണ്ടുപേർക്കും എയർബാഗ് നിർബന്ധമാക്കണമെന്ന് നിർദ്ദേശം വന്നിരുന്നു. സുരക്ഷ കൂടുതൽ കാര്യക്ഷമാക്കുന്നതിനായി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന 800 സി.സിയിൽ അധിക ശേഷിയുള്ള വാഹനങ്ങൾക്ക് എ.ബി.എസും ഇ.ബി.ഡിയും നിർബന്ധമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ജനുവരി 14ന് പുറത്തിറക്കിയ കരട് വിജ്ഞാപനം അനുസരിച്ച് എം1 വിഭാഗത്തിൽ പെടുന്ന വാഹനങ്ങളിലാണ് (എട്ടു യാത്രക്കാരെ വരെ വഹിക്കാവുന്ന, 3.5 ടണ്ണിൽ കുറവ് ഭാരമുള്ളവ) ആറ് എയർബാഗുകൾ നിർബന്ധമാക്കുന്നത്. മുൻഭാഗത്ത് രണ്ടെണ്ണവും നാലു ഡോറുകളിലും ഓരോന്നു വീതവും എഐഎസ്-099 നിലവാരത്തിലുള്ള എയർബാഗുകളാണ് വേണ്ടത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡിന്റെ (ആകട) മാനദണ്ഡങ്ങൾക്കനുസരിച്ച് ഇതിൽ കാലാകാലങ്ങളിൽ മാറ്റങ്ങളുണ്ടാവുമെന്നും വിജ്ഞാപനം വ്യക്തമാക്കുന്നു.

പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതോടെ കാർ വിലയിൽ കുറഞ്ഞത് 50,000 രൂപയുടെ വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. നിലവിൽ പല നിർമ്മാതാക്കളും കാറുകളിൽ ആറ് എയർബാഗ് ഉൾപ്പെടുത്തിയിട്ടില്ല. പത്തു ലക്ഷം രൂപയിലേറെ വിലയുള്ള കാറുകളിലാണ് നിലവിൽ ഈ സൗകര്യമുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP